Sun. Dec 22nd, 2024

നാധിപത്യത്തിന്റെ മരണം എങ്ങനെയാണ് സംഭവിക്കുക എന്നതിന് നിയതമായ വഴികളൊന്നുമില്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നു എന്ന് അതിന്റെ നടപ്പുകാലത്ത് തിരിച്ചറിയാൻ കഴിയാത്തത്ര നിർജ്ജീവമാക്കപ്പെട്ട ജനതയുണ്ടായിരിക്കും എന്നത് അതിന്റെ ഒഴിവാക്കാനാകാത്ത ഘടകമാണ്. അത്തരമൊരു ജനസമൂഹം താനേ ഉണ്ടാകുന്നതല്ല, അത് സൃഷ്ടിക്കപ്പെടുകയാണ്. ഈ നിർജ്ജീവ ജനസമൂഹത്തിന്റെ നിർമ്മാണം ഒരു രാഷ്ട്രീയപ്രക്രിയയാണ്. അത് നിലനിൽക്കുന്ന രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ താത്പര്യങ്ങൾക്കു വേണ്ടിയായിരിക്കും എല്ലായ്പ്പോഴും രൂപപ്പെടുക. ജനാധിപത്യമെന്ന് തോന്നിക്കുന്ന സാമൂഹ്യസംവിധാനങ്ങളിൽപ്പോലും ഈ നിഷ്ക്രിയസമൂഹത്തിന്റെ നിർമ്മാണം ക്രമമായി നടന്നുകൊണ്ടിരിക്കും.

പല രീതിയിലും ഇത് നടക്കാം. വളരെ നേരിട്ടുള്ള ഒരു ആക്രമണത്തിലൂടെ ജനാധിപത്യസംവിധാനമാകെ അട്ടിമറിക്കപ്പെടുമ്പോൾ സാമൂഹികമായ നിഷ്ക്രിയത്വത്തെ ഉണ്ടാക്കിയെടുക്കുന്നത് ഇടതടവില്ലാത്ത കടുത്ത അടിച്ചമർത്തലിലൂടെയാണ്. ഒരു പട്ടാള അട്ടിമറിക്കുശേഷം ഒരു സമൂഹത്തിൽ നടക്കുന്നത് അത്തരത്തിലൊരു സംഗതിയാണ്. ഒരു സമഗ്രാധിപത്യ ഭരണകൂടം അതിന്റെ പൂർണ്ണമായ അധികാരം സ്ഥാപിക്കുന്നത് അത്തരത്തിലാണ്. നാമമാത്ര ജനാധിപത്യമുള്ള രാജ്യങ്ങളിൽ സ്വേച്ഛാധിപതികൾ അധികാരമുറപ്പിക്കുന്നത് അങ്ങനെയാണ്. തീവ്രവലതുപക്ഷ കക്ഷികൾ നിലവിലുള്ള ജനാധിപത്യ സമ്പ്രദായത്തിൽക്കൂടിത്തന്നെ അധികാരമുറപ്പിക്കുകയും ശേഷം ആ ജനാധിപത്യവ്യവസ്ഥയെ തകർക്കുകയും ചെയ്യുന്നതും മറയില്ലാത്ത ഹിംസയിലൂടെയാണ്. ഇന്ത്യയിലിപ്പോൾ സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ആ വഴിയിലൂടെയാണ് നീങ്ങുന്നത്.

എങ്ങനെയാണ് ഒരു ജനാധിപത്യസമൂഹം സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നതും ചെറുത്തുനിൽക്കുന്നതും എന്നത് വളരെ നിർണ്ണായകമായ സംഗതിയാണ്. നിർജ്ജീവമായ ഒരു പൗരസമൂഹത്തെ ഭരണകൂടവും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും സൃഷ്ടിച്ചെടുക്കുന്നത് ഭരണകൂടഹിംസയുടെയും പരമാധികാരത്തിന്റെയും രഥപാതകൾ സുഗമമാക്കാനാണ്. പ്രതികരണരഹിതമായ പൗരസമൂഹത്തെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ജനാധിപത്യാരോഗ്യമുള്ളൊരു പൗരസമൂഹത്തിൽ മാത്രം സാധ്യമാകുന്ന ജനാധിപത്യരാഷ്ട്രീയവ്യവഹാരവും ഇല്ലാതാക്കാൻ കഴിയുന്നു. അത്തരമൊരു സമൂഹത്തിൽ പരമാധികാര ഭരണകൂടം ഒരു സ്വാഭാവികതയായി സ്വീകരിക്കപ്പെടും.

ഇന്ത്യയുടെ ജനാധിപത്യസമൂഹം വളരെ ദുർബലമായ ഒന്നാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയാധികാരത്തിന്റെ ഭീമാകാരമായ അസ്തിത്വവുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ പൗരസമൂഹം കേവലം നിഴൽരൂപം മാത്രമാണ്. ഒരു ജനാധിപത്യ പൗരസമൂഹം രൂപപ്പെടുന്നതിന് നാമിന്ന് കാണുന്ന തരത്തിലുള്ള കാലാകാലങ്ങളിൽ വിവിധ ജനപ്രതിനിധി സഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾ മാത്രം പോര. അത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ എന്നത് ഒരു ജനാധിപത്യസമൂഹത്തിന്റെ ചലനപ്രക്രിയയുടെ ഭാഗം മാത്രമാണ്.

സചേതനമായ ഒരു ജനാധിപത്യസമൂഹം തിരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനങ്ങളിലൂടെ മാത്രമല്ല ജനാധിപത്യപ്രക്രിയയെ നിലനിർത്തുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും, അതിന്റെ സാമൂഹ്യ,രാഷ്ട്രീയ ജീവിതത്തെ നിരന്തരമായി ജനാധിപത്യപരമായി സ്വയം വിമർശനത്തിനും പുതുക്കലിനും വിധേയമാക്കണം. എക്കാലത്തേക്കും പാകമായൊരു ചട്ടക്കൂട് ജനാധിപത്യത്തിലില്ല. അതിന്റെ അടിസ്ഥാനപ്രമാണം അതിൽ ആത്യന്തികമായ ശരികളുടെ പരമാധികാരം ആർക്കും കല്പിച്ചുകൊടുക്കുന്നില്ല എന്നാണ്. ഇത്തരത്തിലൊരു സചേതനവും ജൈവവുമായ സാമൂഹ്യ, രാഷ്ട്രീയ സംവിധാനത്തെ ഉണ്ടാക്കിയെടുക്കുക എന്നത് ലളിതമായ സംഗതിയല്ല. എന്നാൽ അതൊരു ലക്ഷ്യമായി മാറുകയും അതിലേക്കുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾത്തന്നെ ഒരു ജനാധിപത്യസമൂഹത്തിന്റെ കാറ്റും വെളിച്ചവും നാം ജീവിക്കുന്ന സമൂഹത്തിലേക്ക് പതുക്കെയെത്താൻ തുടങ്ങും.

അത്തരത്തിലൊരു ശ്രമം തുടങ്ങിയ രാജ്യമാണ് ഇന്ത്യ. ദേശീയ സ്വാതന്ത്ര്യ സമരം അത്തരത്തിലൊരു ശ്രമമായിരുന്നു. അതിന്റെ നാനാവിധത്തിലുള്ള ബഹുധാരകൾ കൈവഴികളായി ഒഴുകിയത് ജനാധിപത്യസമൂഹത്തിനായുള്ള മനുഷ്യസമൂഹത്തിന്റെ വലിയ യാത്രയുടെ ഭാഗമായിരുന്നു. എന്നാൽ ആ സമരഹുങ്കാരത്തെ നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. വളരെ വേഗത്തിൽ സ്വതന്ത്ര ഇന്ത്യയുടെ അതിരുകൾക്കുള്ളിൽ ജനാധിപത്യത്തിനായുള്ള സത്യാകാംക്ഷ ദുർബ്ബലമായൊരു നിലവിളി മാത്രമായി.

കൊളോണിയൽ വിരുദ്ധസമരം കേവലമായ അധികാരക്കൈമാറ്റത്തിനുള്ള ആവശ്യം മാത്രമായിരുന്നില്ല. അത് ജനാധിപത്യത്തിനുള്ള പുതിയ സങ്കല്പനങ്ങളുടെയും സങ്കല്പങ്ങളുടെയും പുതിയ ആകാശവും പുതിയ ഭൂമിയും മുന്നോട്ടുവെച്ചു. കോളനി ജനതകളുടെ അദ്ധ്വാനവും സമ്പത്തും ചൂഷണം ചെയ്തുകൊണ്ട് യൂറോപ്പ് കെട്ടിപ്പൊക്കിയ ജനാധിപത്യസൗധങ്ങൾ എത്രമാത്രം കപടവും വികൃതവുമാണെന്ന് കൊളോണിയൽ വിരുദ്ധ ദേശീയ വിമോചനസമരങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജനാധിപത്യത്തെക്കുറിച്ച്, സമത്വത്തെക്കുറിച്ച്, നീതിയെക്കുറിച്ച് ആ സമരങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അവയാകട്ടെ അന്ധമായ പിന്തുടരലിന്റെ പാതയിൽ നിന്നുണ്ടായതല്ല. അതിരൂക്ഷമായ സംവാദങ്ങളും ആശയസംഘാതങ്ങളും നിരന്തരം നടന്നതുകൊണ്ടുകൂടിയായിരുന്നു അത്തരത്തിലൊരു നൂതനലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉരുത്തിരിഞ്ഞത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം മുഴുവൻ ജനാധിപത്യത്തെക്കുറിച്ച്, അധികാരത്തെക്കുറിച്ച്, അതിന്റെ വിനിയോഗത്തെക്കുറിച്ച്, അതിനുള്ളിലെ വർഗ്ഗവിഭജനത്തെയും അതിന്റെ സാമ്പത്തികരാഷ്ട്രീയ പ്രക്രിയയേയും സംബന്ധിച്ച്, ഇന്ത്യൻ സമൂഹത്തിൽ ആഴത്തിലും പരപ്പിലും വ്യാപിച്ച ജാതിവ്യവസ്ഥയെന്ന പ്രശ്നത്തെക്കുറിച്ച്, അങ്ങനെ നിരവധിയായ തർക്കങ്ങളിലൂടെയായിരുന്നു ദേശീയ വിമോചന സമരം അഥവാ കൊളോണിയൽ വിരുദ്ധ പോരാട്ടം മുന്നോട്ടുപോയത്. അതായത് ബ്രിട്ടീഷുകാരെ പറഞ്ഞയക്കുകയും ശേഷം ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറ്റുകയും ചെയ്യുക എന്നൊരു ഏക അജണ്ടയിലായിരുന്നില്ല അന്നത്തെ രാഷ്ട്രീയസമരം നടന്നത് എന്നർത്ഥം. ഏതുതരത്തിലുള്ള സ്വാതന്ത്ര്യമാണ് കൊളോണിയൽ നുകം വലിച്ചറിഞ്ഞതിനുശേഷം ഇന്ത്യക്കാർക്ക് ലഭ്യമാകേണ്ടത് എന്നത് സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും നിർണായകവും സജീവവുമായ ചോദ്യവും സംവാദവും പലപ്പോഴും സംഘർഷവുമായിരുന്നു.

ഒരു ജനാധിപത്യ രാഷ്ട്രീയസമൂഹത്തിന്റെ രൂപംകൊള്ളൽ കൂടിയായിരുന്നു അത്. ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഇന്ത്യൻ ദേശീയത എന്നൊരു സങ്കല്പനം രൂപം കൊള്ളാൻ തുടങ്ങിയിരുന്നു. ആ ദേശീയതയുടെ സ്വഭാവം എന്താകണം എന്നുള്ള തർക്കങ്ങളും ഒപ്പം ഉയിർക്കൊണ്ടു. കൊളോണിയൽ വിരുദ്ധ സമരത്തിലേക്ക് ഹിന്ദുമത ബിംബങ്ങളും അതിന്റെ ഭാഷയും പലപ്പോഴും ആ ഘട്ടത്തിൽ കയറിവന്നിരുന്നു. ബാൽ ഗംഗാധര തിലക് അത്തരത്തിലുള്ള സമരരൂപങ്ങളുണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ദേശീയത എന്നതിലേക്ക് എളുപ്പം ഉൾച്ചേർക്കാൻ കഴിയുന്ന ഒന്നാണ് ഭൂരിപക്ഷമതത്തിന്റെ സവിശേഷതകൾ. സൂക്ഷ്മമായി നോക്കിയാൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ “ആനന്ദമഠ”ത്തിലെ വാളെടുത്ത സന്ന്യാസിമാരുടെ പിൽക്കാലരൂപങ്ങൾ ഇതിലുണ്ട്. തിലകിന്റെ രണോത്സുകമായ ഹിന്ദുദേശീയത ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സമരത്തിലേക്കാണ് ചേർത്തുവെച്ചത് എന്നതുകൊണ്ട് അതിന് ആഭ്യന്തര വർഗീയതയുടെ രാഷ്ട്രീയഭാവങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല.

എന്താണ് ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധസമരത്തിന്റെ ദേശീയതയെക്കുറിച്ചുള്ള സങ്കല്പം എന്ന കാര്യത്തിൽ ദേശീയ വിമോചന സമരത്തിനുള്ളിൽ സംവാദങ്ങളും ആശയസംഘർഷങ്ങളും തുടർന്നുകൊണ്ടേയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഗാന്ധിയുടെ വരവോടെ തിലകിന്റെ രണോത്സുകമായ ഹിന്ദുമതബിംബങ്ങളുടെ ധാര ദുർബ്ബലമായി. ഗാന്ധി കൂടുതലായും ഊന്നിയത് അഹിംസയുടേയും അതിന്റെ രാഷ്ട്രീയമായ സംഘാടനത്തിന്റെയും വഴിയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിനെ തകർത്ത ബ്രിട്ടീഷുകാർക്കെതിരായ ആഗോള മുസ്‌ലിം അസംതൃപ്തിയെ ഖിലാഫത്ത് മുന്നേറ്റത്തിലൂടെ ഉപയോഗിക്കാനും ഗാന്ധി മുൻകൈയെടുത്തു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലേക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയശ്രമം കൂടിയായിരുന്നു അത്.

ഇത്തരത്തിലുള്ള സമരങ്ങൾക്കൊപ്പം ദേശീയതയുടെ പ്രത്യേകതകളെയോ സവിശേഷതകളേയോ മാത്രമായി സ്വാതന്ത്ര്യസമരത്തെ ചുരുക്കാതെ വർഗസമരത്തിന്റെ അടിസ്ഥാനത്തിൽ കൊളോണിയൽ വിരുദ്ധസമരത്തിനെ സമീപിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അക്കാലത്തേക്ക് സംഘടനാരൂപം ആർജ്ജിക്കാൻ തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരായ സമരങ്ങൾക്കൊപ്പം തന്നെ തൊഴിലാളികളെ വർഗാടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും വൻകിട ഭൂവുടമകൾക്കെതിരായ കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുകയും കമ്മ്യൂണിസ്റ്റുകാർ അക്കാലത്ത് ഇടവേളകളില്ലാതെ നടത്തിയ രാഷ്ട്രീയ സമരമായിരുന്നു. കോൺഗ്രസ്സിനുള്ളിൽത്തന്നെ ഒരു വിഭാഗം സോഷ്യലിസ്റ്റുകളായി, പിന്നീട് കോൺഗ്രസ്സിന് പുറത്തുവന്ന് കമ്മ്യൂണിസ്റ്റുകാരായി മാറി. മറ്റൊരു വിഭാഗം കോൺഗ്രസ്സിന് പുറത്തുവന്ന് സോഷ്യലിസ്റ്റുകളായി തുടർന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനകത്ത് ഉൾപ്പാർട്ടി സമരങ്ങൾ വളരെ രൂക്ഷമായി നടന്നുകൊണ്ടിരുന്നു. ഗാന്ധിയുടെ നേതൃത്വത്തെ ഏതാണ്ടെല്ലാവരും അംഗീകരിച്ചെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ മറച്ചുവെക്കപ്പെട്ടിരുന്നില്ല. തന്റെ രാഷ്ട്രീയ നിലപാടുകളുടെ നേതൃത്വത്തിനായി ഗാന്ധിയും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെയാണ് നിലകൊണ്ടത്. സുഭാഷ് ചന്ദ്രബോസ് രണ്ടാമതും കോൺഗ്രസ് അധ്യക്ഷനായപ്പോൾ കോൺഗ്രസിന്റെ നേതൃത്വവും പരിപാടികളും ഗാന്ധിയുടെ പരിപാടികൾക്ക് പുറത്തേക്കാണ് പോവുകയെന്ന് ഗാന്ധി ന്യായമായും ഭയന്നു. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഗാന്ധിയുടെ സ്ഥാനാർത്ഥിയായ പട്ടാഭി സീതാരാമയ്യയെ സുഭാഷ് ചന്ദ്രബോസ് തോല്പിക്കുകയായിരുന്നു.

എന്നാൽ അതോടുകൂടി ആ അധ്യായം അവസാനിച്ചില്ല. കേവലമൊരു അധ്യക്ഷസ്ഥാനമല്ല പ്രശ്നമെന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കോൺഗ്രസ്സിന്റെയും രാഷ്ട്രീയസ്വഭാവം എന്താണെന്നും ഭാവി ഇന്ത്യയെക്കൂടി അത് നിർണയിക്കുമെന്നും ഗാന്ധി കൃത്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ബോസുമായി ഒരുതരത്തിലും സഹകരിക്കാൻ ഗാന്ധിയും ഗാന്ധിയ്ക്കൊപ്പമുണ്ടായവരും തയ്യാറായില്ല. ഒടുവിൽ ബോസിന് അധ്യക്ഷസ്ഥാനം രാജി വെക്കേണ്ടിവന്നു. ബോസ് പിന്നീട് കോൺഗ്രസ്സിൽ നിന്നും വിട്ടുപോവുകയും ബ്രിട്ടീഷുകാർക്കെതിരെ സൈന്യമുണ്ടാക്കി, രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ട് ശക്തികളോടൊപ്പം ചേർന്ന് യുദ്ധം ചെയ്തതുമൊക്കെ അനുബന്ധചരിത്രമാണ്.

കോൺഗ്രസ്സിനുള്ളിൽ വിവിധ ആശയഗതികൾ തമ്മിൽ നടന്നുവന്ന ഏറ്റുമുട്ടലുകളുടെ സ്വഭാവമാണ് ഇതെല്ലാം കാണിക്കുന്നത്. ഇത് കോൺഗ്രസ്സിനകത്ത് മാത്രമായല്ല, വിശാലാടിസ്ഥാനത്തിൽ ഇന്ത്യൻ സമൂഹത്തിലും അതിന്റെ രാഷ്ട്രീയ പ്രകാശനങ്ങളിലും മറയില്ലാതെ വെളിച്ചത്തു വന്നുകൊണ്ടിരുന്നു. ജാതിഘടനയിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ഭീംറാവ് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും ഇത്തരത്തിലുള്ള വലിയ ആശയ, സമര സംഘർഷം ദേശീയ വിമോചനസമരത്തിനുള്ളിൽ ഉയർത്തി.

ഗാന്ധിയൻ പക്ഷവും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഒക്കെയടങ്ങുന്ന വിവിധ ആശയഗതിക്കാർക്ക് ബ്രിട്ടീഷ് കൊളോണിയൽ ഭരണം പോകണമെന്ന കാര്യത്തിൽ 1930-കൾ മുതൽ തർക്കമൊന്നുമുണ്ടായിരുന്നില്ലെങ്കിൽ അംബേദ്കറുടെ നേതൃത്വത്തിലുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ സമരധാരയ്ക്ക് അക്കാര്യത്തിൽ പൂർണ്ണമായും ദേശീയ വിമോചന സമരത്തിന്റെ നിലപാടല്ല ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണം പോയതിനു ശേഷം വരുന്നത് നിലവിലെ ജാതിഘടനയെയും ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങളെയും നിലനിർത്തുന്ന ഒരു ഭരണവ്യവസ്ഥയാണെങ്കിൽ അതിൽ വലിയ കാര്യമൊന്നുമില്ല എന്ന നിലപാടായിരുന്നു അംബേദ്കർക്കുണ്ടായിരുന്നത്.

ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹികമായ നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമം നടത്താൻ കഴിയുമെന്നും അംബേദ്കർ കരുതി. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെ പരമ്പരാഗത ഹിന്ദു സമൂഹത്തിന്റെ ഭീകരമായ ജാതിക്കോട്ടകൾക്കുള്ളിൽനിന്നും പുറത്തുകടക്കാൻ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സഹായിച്ചത് ബ്രിട്ടീഷ് ഭരണമാണ് എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന് ശ്രീ നാരായണഗുരു മലയാളികളോട് പറഞ്ഞത് ഏതാണ്ട് അക്കാലത്താണ് എന്നുകൂടി ഓർക്കണം.

Dr B.R. Ambedkar and Mahatma Gandhi. Photo: Wikimedia Commons

സവർണ്ണ ഹിന്ദുക്കൾ തൊട്ടുകൂടാത്തവരായി മാറ്റിനിർത്തിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് ബ്രിട്ടീഷ് കൊളോണിയൽ സർക്കാരിൽ നിന്നും പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങളും പ്രാതിനിധ്യവും നേടിയെടുക്കാനുള്ള അംബേദ്കറുടെ ശ്രമത്തെ ഗാന്ധി എതിർത്തത് ഈ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു. ഹിന്ദു ജാതിവ്യവസ്ഥയുടെ അകത്തുനിന്നുകൊണ്ടുള്ള സമീപനമാണ് ഗാന്ധി സ്വീകരിച്ചിരുന്നതെങ്കിൽ അംബേദ്കർ ഹിന്ദു ജാതിവ്യവസ്ഥയെയും ഹിന്ദുമതമെന്ന ചട്ടക്കൂടിനെയും പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ ആശയസംഘർഷം ഇന്ത്യൻ സമൂഹത്തിൽ അവസാനിച്ചതേയില്ല. അംബേദ്കർ-ഗാന്ധി പൂന ഉടമ്പടിയിലേക്ക്(1932) എത്തിയപ്പോഴേക്കും ഈ ആശയസംഘർഷം ഭാവി ഇന്ത്യയിലേക്ക് നീണ്ടുകിടക്കുന്ന ഒന്നായി മാറുകയും ചെയ്തു.

ഇന്ത്യയുടെ ഭരണഘടന നിർമ്മാണസഭയിലെ സംവാദങ്ങളിലും സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തെയുമൊക്കെ സംബന്ധിച്ച വലിയ തർക്കങ്ങൾ നമുക്ക് കാണാം. ജനാധിപത്യസമൂഹത്തിനു വേണ്ട അടിസ്ഥാനപരമായ ഗുണങ്ങളിലൊന്നാണ് അത്തരം സംവാദങ്ങളിലൂടെയും പലപ്പോഴും വളരെ പ്രകടമായ തരത്തിലുള്ള ജനകീയസമരങ്ങളിലൂടെയും ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങളും അവയിൽനിന്നുരുത്തിരിയുന്ന പൊതുസമ്മതിയും. എന്നാൽ സ്വാതന്ത്യാനന്തര ഇന്ത്യ ഈ ജനാധിപത്യസമൂഹ നിർമ്മാണത്തിന്റെ രാഷ്ട്രീയപ്രക്രിയയിൽ നിന്നും അതിവേഗം പിന്നാക്കം പോയി. ആ പ്രത്യായന പ്രക്രിയക്ക് ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജൈവഘടനയുടെ അവിഭാജ്യഘടകങ്ങളാകേണ്ട രാഷ്ട്രീയകക്ഷികളുണ്ട് എന്നതാണ് നിർഭാഗ്യകരമായ വസ്തുത.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രീയകക്ഷികൾ സമൂഹത്തിന്റെ രാഷ്ട്രീയ ജനാധിപത്യവത്ക്കരണത്തിന് വേണ്ടിയുള്ള സമരങ്ങളിൽനിന്നും അതിവേഗം ഒഴിഞ്ഞുപോയി. ജനാധിപത്യവിരുദ്ധമായ ഒരു അധികാരഘടനയിലേക്ക് കയറിയിരിക്കലാണ് എളുപ്പമെന്ന് അവർ മനസ്സിലാക്കി. സ്വാതന്ത്ര്യസമരകാലത്ത് പതിഞ്ഞുകിടന്നിരുന്ന എല്ലാ വർഗ, ജാതി ഭേദങ്ങളും പതിന്മടങ്ങ് ശക്തിയോടെ രാഷ്ട്രീയകക്ഷികളിലേക്ക് കയറിവന്നു. ഭൂവുടമകളുടെയും മുതലാളിമാരുടെയും ലാവണമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗസ്. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചപോലെ വലിയ ഭൂരിപക്ഷം നേടിയ കോൺഗ്രസ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ വലിയ ആഭ്യന്തരക്കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയെങ്കിലും ഒരു സമൂഹമെന്ന നിലയിലുള്ള ജനാധിപത്യവത്കരണത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയോർജ്ജം നഷ്ടപ്പെട്ടിരുന്നു.

ഉപദേശീയതകൾ എന്ന് പൊതുവിൽ വിളിക്കാവുന്ന ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾ ഇന്ത്യൻ റിപ്പബ്ലിക് രൂപപ്പെട്ടപ്പോൾ ഇനി തങ്ങളുടെ സ്വയംഭരണവും അവകാശങ്ങളും നിർണയിക്കേണ്ടതുണ്ടെന്നുള്ള രാഷ്ട്രീയസമരത്തിലേക്ക് നീങ്ങിത്തുടങ്ങി. എന്നാൽ വൈവിധ്യങ്ങളുടെ ഇന്ത്യയെ പൊതുവിൽ അംഗീകരിക്കാൻ തയ്യാറാണെങ്കിലും അത് കേന്ദ്രീകൃതമായൊരു ഘടനയുടെ കീഴിൽ പരിമിതമായ അധികാരങ്ങളോടുകൂടിയുള്ള ഒന്നായിരിക്കണമെന്ന നിലപാടായിരുന്നു കോൺഗ്രസ്സിനുണ്ടായിരുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടത്തുന്നതിന് ഇന്ത്യയൊട്ടാകെ വ്യത്യസ്ത സമരങ്ങൾ ഉയർന്നുവരേണ്ടിവന്നു എന്നത് ഇതിനു തെളിവാണ്. സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പൊതുനിലപാട് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്ക് അനുകൂലമായിരുന്നെങ്കിലും അതിന്റെ വ്യാപ്തിയെക്കുറിച്ച് സംശയങ്ങൾ നിലനിന്നു. അതുകൊണ്ടാണ് വിശാലാന്ധ്രക്ക് വേണ്ടി പോറ്റി ശ്രീരാമലുവിനു നിരാഹാരം കിടന്നു മരിക്കേണ്ടിവന്നത്.

ജനാധിപത്യത്തിന്റെ സ്വാഭാവികമായ വളർച്ച ഇന്ത്യയിൽ എളുപ്പമാകില്ല എന്ന ശക്തമായ സൂചനകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അതിവേഗം വന്നു. അത് കർഷക സമരങ്ങളെ നേരിടുന്ന കാര്യത്തിലായാലും ഇന്ത്യൻ സമൂഹത്തിന്റെ ജീർണ്ണ സാമൂഹ്യഘടനയെ നിലനിർത്തുന്ന ഭൂവുടമാബന്ധങ്ങളെ പൊളിച്ചെഴുതാനുള്ള വിമുഖതയുടെ കാര്യത്തിലായാലും ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യവത്കരണം എന്ന അജണ്ട സ്വതന്ത്ര ഇന്ത്യയിൽ വളരെ ദുർബ്ബലമായിരുന്നു.

ഒരു സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ജവഹർലാൽ നെഹ്രുവിന്റെ സർക്കാരിന് മടിയുണ്ടായില്ല എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ടതിലൂടെ തെളിഞ്ഞു. ജനാധിപത്യത്തെക്കുറിച്ചുള്ള ധാരണകളിൽ നെഹ്രുവിനെപ്പോലെ ഉദാര ജനാധിപത്യ മൂല്യങ്ങളുടെ വക്താവായ ഒരാൾക്കുപോലും വേണ്ടത്ര പ്രതിബദ്ധത പുലർത്താൻ കഴിയാത്തവണ്ണം കടുംകെട്ടുകളാൽ ബന്ധിതമായിരുന്നു ഇന്ത്യ.

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ പൂർണ്ണമായും വിവിധ നിയമനിർമ്മാണസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾ മാത്രമായി മാറി. വോട്ടുകുത്തിയന്ത്രങ്ങൾ എന്നതിനപ്പുറം ജനങ്ങൾക്ക് രാഷ്ട്രീയാധികാരവുമായി യാതൊരു ബന്ധവുമില്ലാതെയായി. ജനങ്ങൾക്ക് നിയന്ത്രണമില്ലാത്ത ഒന്നായി മാറി അവരുടെ ജീവിതത്തിനു മുകളിലെടുക്കുന്ന മിക്ക നയതീരുമാനങ്ങളും. വിഭവങ്ങളുടെ ഉടമസ്ഥതയും അവയുടെ വിനിയോഗം എങ്ങനെയായിരിക്കണം എന്നതിന്മേലുള്ള തീരുമാനങ്ങളുമാണ് ഒരു സമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയാധികാരത്തെ നിർണ്ണയിക്കുന്നത്. രണ്ടു തരത്തിൽ ഇന്ത്യയിൽ ഇത് ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. ഒന്ന്, പുതിയതായി വന്ന രാഷ്ട്രീയഘടനയിൽ ഇത്തരത്തിലൊരു അധികാരം ജനങ്ങൾക്ക് നേരിട്ട് നൽകിയിരുന്നില്ല, രണ്ട്, ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മിക്ക രാഷ്ട്രീയകക്ഷികളും വാസ്തവത്തിൽ വിഭവങ്ങൾക്ക് മുകളിലുള്ള കൂട്ടായ സാമൂഹ്യാധികാരത്തെ തള്ളിക്കളയുന്നവരായിരുന്നു. അതുകൊണ്ടുതന്നെ അസമത്വത്തിന്റെ ആഴവും പരപ്പും ഇന്ത്യയിൽ കൂട്ടിക്കൊണ്ടേയിരുന്നു. വർദ്ധിച്ചുവരുന്ന അസമത്വം ഒരു ചർച്ച പോലുമാകാതെയായി ഇന്ത്യയിൽ.

സമ്പത്തിന്റെ അസന്തുലിതമായ വിതരണം ഇന്ത്യയിൽ അതിഭീകരമായ തലത്തിലേക്കാണ് പോകുന്നത്. ഓക്സ്‌ഫാമിന്റെ റിപ്പോർട്ടനുസരിച്ച് (2021) ജനസംഖ്യയുടെ കേവലം 1% വരുന്നവരാണ് മൊത്തം സമ്പത്തിന്റെ 42.5 ശതമാനവുംവും കൈവശം വെക്കുന്നത്. താഴെത്തട്ടിലുള്ള 50% ആളുകളുടെ കയ്യിൽ സമ്പത്തിന്റെ വെറും 2.5% മാത്രമാണുള്ളത്. 2019-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ 1% ആളുകളുടെ കയ്യിൽ ജനസംഖ്യയുടെ താഴെനിന്നുമുള്ള 70% ആളുകളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സമ്പത്തുണ്ടായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 35% കണ്ടാണ് വർദ്ധിച്ചത്. ഇത് ആഗോളീകരണകാലത്തിനു ശേഷമുണ്ടായ ഒരു പ്രതിഭാസമല്ല. ആഗോളീകരണവും നവ-ഉദാരവത്കരണ നയങ്ങളും ഈ അസമത്വത്തിന്റെയും സമ്പദ്‌വിതരണത്തിലെ അസന്തുലിതാവസ്ഥയുടെയും ആഴം കൂട്ടിയെന്നത് വസ്തുതയാണെങ്കിലും അതിന്റെ അടിത്തറ ഇന്ത്യയിൽ എല്ലാകാലത്തും ഉണ്ടായിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തെ നിർണ്ണയിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളിൽ യാതൊരു പങ്കുമില്ലാത്ത ഒരു സംവിധാനം അത് ഉറപ്പുവരുത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പുകളും രാഷ്ട്രീയകക്ഷികളും ജനങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നുള്ള ആദർശാത്മകമായ വിശ്വാസത്തിലിരിക്കുന്നവരൊഴിച്ച് മറ്റാർക്കും ഇതിലെ പ്രശ്നങ്ങൾ കാണാൻ ബുദ്ധിമുട്ടുണ്ടാകില്ല. തിരഞ്ഞെടുപ്പുകൾ കോടിക്കണക്കിനു രൂപയിറക്കി നടത്തുന്ന മത്സരങ്ങളാവുകയും നിയമനിർമാണസഭകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും കോടീശ്വരന്മാരോ അല്ലെങ്കിൽ അവരുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആവുകയും ചെയ്യുന്നു. രാഷ്ട്രീയകക്ഷികൾ എന്നതിനപ്പുറത്തേക്ക് ജനാധിപത്യത്തിനും അതിന്റെ രാഷ്ട്രീയാധികാരത്തിനും വളർച്ചയില്ല എന്നത് വാസ്തവത്തിൽ വളർച്ച മുരടിച്ച ജനാധിപത്യമാണ്.

ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ ജനാധിപത്യം എന്ന ആശയത്തെ ആന്തരികമായി ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടു എന്നതാണ് വസ്തുത. ജനാധിപത്യത്തിനോടല്ല അവയുടെ മമത, മറിച്ച് രാഷ്ട്രീയാധികാരത്തോട് മാത്രമാണ്. അധികാരത്തിന്റെ വിനിയോഗവും വ്യവഹാരവും എത്രയും ജനാധിപത്യരഹിതമാകുന്നോ അത്രത്തോളം അവർ സുരക്ഷിതരാണ്. ആന്തരികമായി ജനാധിപത്യത്തെ ഉൾക്കൊള്ളാത്തതുകൊണ്ടാണ് ബി ജെ പി-യും സംഘപരിവാറും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഇന്ത്യയെ സാമൂഹ്യമായും രാഷ്ട്രീയമായും കീഴടക്കുകയും ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ആധാരശിലകളെ ഒന്നൊന്നായി തകർക്കുകയും ചെയ്യുമ്പോഴും മതേതര, ജനാധിപത്യ കക്ഷികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയകക്ഷികൾക്ക് സംഘടിതമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രതിരോധം ഉയർത്താൻ കഴിയാതെ പകച്ചുനിൽക്കുന്നത്.

ആദ്യം സൂചിപ്പിച്ച തരത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന ജനാധിപത്യ രാഷ്ട്രീയത്തിലേക്കുള്ള യാത്ര നിലച്ചുപോയതിന്റെ ബാക്കിയാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യനടത്തിപ്പുകാരായി അധികാരമേറ്റ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെഹ്രുവിന്റെ മരണശേഷം ഏറെത്താമസിയാതെ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ അംഗീകരിക്കുന്നൊരു അധികാരസംഘമായി മാറി. ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ പാകത്തിലുള്ള ഒരു ഘടനയിലേക്ക് കോൺഗ്രസ് അപ്പോഴേക്കും അതിന്റെ പതനം തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഒരു ദശകം പൂർത്തിയാകും മുമ്പ് 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെയെല്ലാം അസാധുവാക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ എല്ലാ കാവൽമാടങ്ങളും തകർക്കപ്പെട്ടു. സുപ്രീം കോടതി ഏറാൻ മൂളി. പൗരാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. മഹാഭൂരിഭാഗം മാധ്യമങ്ങളും ഭരണകൂടത്തിന്റെ പ്രചാരണക്കടലാസുകളായി. അതായത് രാജ്യം റിപ്പബ്ലിക്കായി കാൽനൂറ്റാണ്ട് കഴിയും മുമ്പേ ജനാധിപത്യത്തെ മാരകമായി മുറിവേൽപ്പിക്കുകയും റദ്ദാക്കാൻ ശ്രമിക്കുകയും ചെയ്ത ചരിത്രമാണ് നമുക്കുള്ളത്.

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും കോൺഗ്രസും പരാജയപ്പെട്ടെങ്കിലും രണ്ടു ദശാബ്ദം കാത്തിരിക്കേണ്ടിവന്നില്ല സംഘപരിവാറിന്റെയും ഹിന്ദുത്വശക്തികളുടെയും അധികാരോഹണം കാണാൻ. അക്കാലംകൊണ്ടുതന്നെ ഇന്ത്യയിലെ മതേതര ജനാധിപത്യ രാഷ്ട്രീയകക്ഷികൾ ജനാധിപത്യത്തെ ഒരു ആന്തരിക ഘടകമായി കൊണ്ടുനടക്കാതായിക്കഴിഞ്ഞിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏതാണ്ട് കാൽ നൂറ്റാണ്ടുകാലം പൂർത്തിയാകാറാകുമ്പോൾ ഇന്ത്യയിലെ മഹാഭൂരിഭാഗം രാഷ്ട്രീയകക്ഷികളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനാധിപത്യത്തെ കയ്യൊഴിഞ്ഞവരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെഹ്രുവിനു ശേഷമുള്ള ഒരു ചെറിയ കാലയളവ് കഴിഞ്ഞപ്പോഴേക്കും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവാഴ്ചയിലേക്ക് വീണു. സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താൻ കഴിയാതെ ജനാധിപത്യമെന്നത് മറ്റേതോ വിദൂരഗ്രഹത്തിലെ സംഗതി മാത്രമാണ് കോൺഗ്രസ്സിന്. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി,രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി-പ്രിയങ്ക ഗാന്ധി എന്നിങ്ങനെ കുടുംബവാഴ്ചയുടെ കണ്ണികൾ പൊട്ടാതെ കൃത്യമായി കിരീടധാരണം നടത്തുന്നൊരു കക്ഷിക്ക് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എത്രമാത്രം സത്യസന്ധമാകാൻ കഴിയും? തങ്ങൾക്ക് കൊണ്ടുനടക്കാൻ കഴിയാത്തൊരു മൂല്യത്തെയാണ് കോൺഗ്രസ് പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങൾക്ക് ആ കക്ഷിയെ മാത്രമല്ല ആ രാഷ്ട്രീയസങ്കല്പത്തിനെപ്പോലും ഗൗരവമായെടുക്കേണ്ടതില്ല എന്ന അവസ്ഥയിലേക്കെത്തിയത്.

ഇത് കോൺഗ്രസ്സിന് മാത്രമല്ല സംഭവിച്ചത്. കോൺഗ്രസ്സിനെതിരെ സംസ്ഥാനങ്ങളുടെയും ബഹുസ്വര ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെയും അടിച്ചമർത്തപ്പെട്ടവരെയുമൊക്കെ പ്രതിനിധീകരിച്ചുകൊണ്ട് ഉയർന്നുവന്ന രാഷ്ട്രീയകക്ഷികൾക്കും ഇതേ ജനാധിപത്യനിരാസത്തിന്റെ ആന്തരിക സ്വഭാവം കൈവന്നു. കോൺഗ്രസ്സിനെതിരെ സ്വതന്ത്ര ഇന്ത്യയിൽ നാല് തരത്തിലുള്ള പ്രതിപക്ഷമാണ് പ്രധാനമായും ഉയർന്നുവന്നത്. കമ്മ്യൂണിസ്റ്റുകാർ, സോഷ്യലിസ്റ്റുകൾ, ഭാഷാ-ഉപദേശീയതാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന മുന്നേറ്റങ്ങളും അതിൽ നിന്നുണ്ടായ രാഷ്ട്രീയ കക്ഷികളും. ആർ എസ് എസ് നിയന്ത്രണത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയശക്തികൾ എന്നിവയായിരുന്നു അവ.

ഹിന്ദുത്വ രാഷ്ട്രീയത്തിന് ആന്തരികമോ ബാഹ്യമോ ആയ ജനാധിപത്യ പ്രതിബദ്ധതയുടെ യാതൊരുവിധ സൈദ്ധാന്തികഭാരവും ഉണ്ടായിരുന്നില്ല. എന്നാൽ മറ്റുള്ളവർ അങ്ങനെയായിരുന്നില്ല. കൂടുതൽ മികച്ച ജനാധിപത്യ സമൂഹത്തിനും രാഷ്ട്രീയത്തിനും വേണ്ടിയായിരുന്നു തങ്ങളുടെ രാഷ്ട്രീയമെന്നാണ് അവർ പറഞ്ഞത്. അവർ രൂപംകൊണ്ടതും അത്തരമൊരു രാഷ്ട്രീയ പരിസരത്തിലായിരുന്നു. അതിനു സ്വാതന്ത്ര്യസമരകാലത്തെ ജനാധിപത്യസമൂഹത്തിന്റെ രൂപപ്പെടലിനായുള്ള വലിയ ചരിത്ര സംവാദങ്ങളുടേയും സംഘർഷങ്ങളുടെയും പിൻബലമുണ്ടായിരുന്നു.

ശിരോമണി അകാലി ദൾ, ദ്രാവിഡ മുന്നേറ്റ കഴകം എന്ന രണ്ടു കക്ഷികളുടെ പരിണാമം എങ്ങനെയാണ് ഈ ജനാധിപത്യനിരാസത്തിന്റെയും ആന്തരികമായ ജനാധിപത്യശൂന്യതയുടേയും വിപത്ത് പടർന്നത് എന്നതിന്റെ ഉദാഹരണമാണ്. രണ്ടു കക്ഷികളും ഉപദേശീയത മുന്നേറ്റങ്ങൾ എന്ന് വിളിക്കാവുന്നവയായിരുന്നു. അവയുടെ രൂപപ്പെടലിന്റെ ചരിത്ര സാഹചര്യം ഇന്ത്യയെന്ന ആശയം ഒരു രാഷ്ട്രീയഘടനയുടെ രൂപത്തിൽ പണി പൂർത്തിയാകാത്ത ഒന്നാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു. കേന്ദ്രീകൃതമായൊരു ഭരണകൂടത്തെയാണ് കോൺഗ്രസ് പ്രതിനിധീകരിച്ചതെങ്കിൽ രാജ്യത്തിന്റെ ഫെഡറൽ ഘടന കൂടുതൽ ശക്തമാക്കണമെന്നും ഉപദേശീയതകളുടെ സ്വയംഭരണാവകാശത്തോളമെത്തുന്ന സ്വാതന്ത്ര്യം ഉണ്ടാകണമെന്നുമുള്ള രാഷ്ട്രീയാവശ്യങ്ങളുടെകൂടി ഭാഗമായിരുന്നു ഇത്തരം മുന്നേറ്റങ്ങൾ. അവ രാഷ്ട്രീയാധികാരത്തിലെത്തിയതും ഇത്തരം നിലപാടുകൾ ഭരണഘടനാപരമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ്.

പിന്നീട് രാഷ്ട്രീയസമവാക്യങ്ങളിലും നിലപാടുകളിലും വലിയ മാറ്റങ്ങൾ അവയിലുണ്ടായി. എന്നാൽ അവയെത്തിപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധി ആന്തരികമായ ജനാധിപത്യഘടന അവയ്ക്ക് നഷ്ടമായി എന്നതാണ്. അകാലിദൾ പ്രകാശ് സിങ് ബാദലിന്റെ കുടുംബാധിപത്യത്തിലുള്ള കക്ഷിയായി. മകൻ സുഖ്‌ബീർ സിങ് ബാദലും മരുമകളും ഒക്കെയായി സമ്പൂർണ്ണമായും ഒരു ബാദൽ കുടുംബകക്ഷിയാണ് അതിപ്പോൾ. സ്വാതന്ത്ര്യ സമരത്തിലും പഞ്ചാബി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്കരണത്തിലും വലിയ പങ്കു വഹിക്കുകയും നിരവധിയായ നേതാക്കളുണ്ടായിരുന്നതുമായ ഒരു കക്ഷിയാണ് ഇത്തരത്തിലൊരു കുടുംബാധിപത്യത്തിലേക്ക് പോയത്.

തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനവും ഇതേ വഴിയിലാണ് നീങ്ങിയത്. ഒരു തിരഞ്ഞെടുപ്പ് കക്ഷി എന്ന നിലയിൽ മാത്രമായല്ല ദ്രാവിഡ മുന്നേറ്റം തമിഴ്നാട്ടിൽ രൂപം കൊണ്ടത്. ബ്രാഹ്മണ വിരുദ്ധ സമരങ്ങളുടെയും ദ്രാവിഡ ദേശീയതയുടെയും വലിയ അടിയൊഴുക്കുകളിലൂടെ സഞ്ചരിച്ചാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്കെത്തിയത്. ഇ വി രാമസാമി എന്ന പെരിയാറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ആത്മാഭിമാന പ്രസ്ഥാനവും ഹിന്ദി അടിച്ചേല്പിക്കലിനെതിരായ പ്രക്ഷോഭവുമൊക്കെയായി ഇന്ത്യയെന്ന ആശയത്തിന്റെ സത്തയെയും ഘടനയേയും സ്വാതന്ത്ര്യസമരകാലത്തുതന്നെ സജീവമായ ജനാധിപത്യസംവാദങ്ങളുടെ തുടർച്ചയായിരുന്നു ദ്രാവിഡ പ്രസ്ഥാനം.

എന്നാൽ അണ്ണാദുരൈക്ക് ശേഷം ഡി എം കെ നേതൃത്വത്തിലേക്ക് വന്ന കരുണാനിധിയിൽ അതിന്റെ ആന്തരിക ജനാധിപത്യ സാധ്യതകൾ അസ്തമിച്ചു. കരുണാനിധി ഡി എം കെയെ ഒരു കുടുംബകക്ഷിയാക്കി മാറ്റി. കരുണാനിധിയുടെ കാലത്തുതന്നെ മക്കളായ അഴഗിരിയും സ്റ്റാലിനും കനിമൊഴിയും പാർട്ടിയുടെ നേതൃത്വത്തിൽ നിർണായകപദവികളിലെത്തി. ബന്ധുക്കളായ മാരൻ കുടുംബം മറ്റൊരു കേന്ദ്രമായി. അഴഗിരിയും സ്റ്റാലിനും തമ്മിലുള്ള അനന്തരാവകാശിപ്പോരിൽ കരുണാനിധി സ്റ്റാലിനെ തുണച്ചതോടെ അതും തീർപ്പായി. സ്റ്റാലിൻ ഡി എം കെയുടെ അനന്തരാവകാശിയായ നേതാവായി. തമിഴ്നാട് മുഖ്യമന്ത്രിയായി. കരുണാനിധി കുടുംബം തങ്ങളുടെ അധികാരസ്ഥാനങ്ങൾ പങ്കിട്ടെടുത്തു. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഡി എം കെ മന്ത്രിസഭയിൽ അംഗമായി, സ്റ്റാലിന് ശേഷമുള്ള പാർട്ടി അധികാരിയായി സൂചന നൽകിയിരിക്കുന്നു. എന്തുതരം ജനാധിപത്യമാണ് അകാലിദളും ഡി എം കെയും സ്വപ്നം കാണുന്നുണ്ടായിരിക്കുക?

ഇന്ത്യ രൂപം കൊള്ളുമ്പോൾ അതിന്റെ രാഷ്ട്രീയഘടനയുമായും കോൺഗ്രസ്സുമായും കാശ്മീരിയത്ത് എന്ന, കാശ്മീരി ജനതയുടെ സ്വതന്ത്രപദവിയും സ്വയംഭരണാവകാശവുമൊക്കെ ഉയർത്തിപ്പിടിച്ചുകൊണ്ടു നടന്ന സമരത്തിന്റെ മുന്നിൽ നിന്ന ഷേഖ് അബ്ദുള്ളയുടെ കക്ഷി നാഷണൽ കോൺഫറൻസ് അദ്ദേഹത്തിൻ്റെ മകൻ ഫാറൂഖ് അബ്ദുള്ളയിലേക്കും അയാളുടെ മകൻ ഒമർ അബ്ദുള്ളയിലേക്കുമായി അധികാരം കൈമാറ്റം ചെയ്യപ്പെട്ടു. നാഷണൽ കോൺഫറൻസിന്റെ എതിരാളിയായ പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാപകനായ മുഫ്തി മുഹമ്മദ് സയ്യിദിൽ നിന്നും മകൾ മെഹ്ബൂബ മുഫ്‌തിയിലേക്ക് അധികാരം കൈമാറി.

ഹരിയാനയിലെ നിരവധിയായ ലോക്ദൾ, ജനതാദൾ വിഭാഗങ്ങളെല്ലാം ദേവീലാലിന്റെ മക്കളിലും കൊച്ചുമക്കളിലും നേതാക്കളെ പിന്തുടർച്ചവകാശികളായി കണ്ടെത്തി. ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സിന്റെ ആധിപത്യത്തിനെതിരെയും വടക്കേ ഇന്ത്യൻ മേൽക്കോയ്മക്കെതിരെയുമൊക്കെയായി രൂപംകൊണ്ട തെലുഗു ദേശം കക്ഷി സ്ഥാപകനായ എൻ ടി രാമറാവുവിൽ നിന്നും മക്കളിലേക്കും മരുമക്കളിലേക്കും നേതൃത്വം കൈമാറി. കോൺഗ്രസ്സിൽ നിന്നും വിട്ടുപോന്ന വൈ എസ് രാജശേഖരറെഡ്ഢിയുടെ മരണത്തോടെ ആ കക്ഷിയുടെ നേതൃത്വം അയാളുടെ ഭാര്യയും മകളും മകനും ഏറ്റെടുത്തു. മകൻ ജഗൻമോഹൻ റെഡ്ഢി ആന്ധ്ര മുഖ്യമന്ത്രിയായി. തെലങ്കാനയിൽ ഭരണത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയുടെ (മുമ്പ് തെലങ്കാന രാഷ്ട്ര സമിതി) നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖരറാവുവിന്റെ മക്കളാണ് ആ കക്ഷിയുടെ പിന്തുടർച്ചവകാശികളായി അവരോധിക്കപ്പെട്ടത്.

ഒഡിഷയിൽ ബിജു ജനതാദൾ അതിന്റെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ബിജു പട്നായിക്കിന്റെ മകൻ നവീൻ പട്നായിക്കിന് കൈമാറിക്കിട്ടുകയും ശേഷം നവീൻ പട്നായിക് മുഖ്യമന്ത്രിയുമായി. കർണാടകയിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ജനതാദൾ സെക്കുലർ മകൻ കുമാരസ്വാമിയുടെ നേതൃത്വത്തിൽ മറ്റു മക്കളും കൊച്ചുമക്കളും മരുമകളുമൊക്കെയായി ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നു. ബംഗാളിൽ മമത ബാനർജി തന്റെ അനന്തരാവകാശിയായി മരുമകൻ അഭിഷേക് ബാനർജിയെ ഒരുക്കിയെടുത്തുതുടങ്ങി.

മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വം സ്ഥാപകനായ ബാൽ താക്കറെയുടെ മരണത്തിനുശേഷം മകന് വേണോ മരുമകന് വേണോ എന്ന തർക്കത്തിലാണ് ആ കക്ഷി ആദ്യം പിളർന്നത്. മകൻ ഉദ്ധവ് താക്കറെ ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വം നേടിയെടുത്തപ്പോൾ മരുമകൻ രാജ് താക്കറെ മഹാരാഷ്ട്ര നവനിർമ്മാണ സേനയെന്ന ചെറുകക്ഷിയുമായി കളത്തിൽ നിന്നു. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ അടുത്ത കിരീടാവകാശിയാകാൻ ആദ്യം സംസ്ഥാന സർക്കാരിലെ മന്ത്രിയായി വന്ന് അവകാശപ്രഖ്യാപനം കഴിഞ്ഞു. കോൺഗ്രസ്സിൽ നിന്നും പിരിഞ്ഞുപോന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമൊക്കെയായ മഹാരാഷ്ട്രയിലെ വമ്പൻ രാഷ്ട്രീയനേതാവ് ശരദ് പവാർ നേതൃത്വം നൽകിയ രാഷ്ട്രീയകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലും മകൾ സുപ്രിയ സുലെ അടുത്ത നേതാവാകണോ അതോ സഹോദരൻ അജിത് പവാർ മേധാവിയാകണോ എന്നതുമാത്രമാണ് തർക്കം.

ഇനി അനന്തരാവകാശികളില്ലാത്ത കക്ഷികളിലും ആന്തരിക ജനാധിപത്യബോധത്തിന്റെ വെളിച്ചമില്ല എന്നതാണ് വസ്തുത. പുതിയതായി രൂപംകൊണ്ട ആം ആദ്മി പാർട്ടി അതിന്റെ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ്. തൃണമൂൽ കോൺഗ്രസിൽ അധികാരക്കൈമാറ്റം അത്ര സുഗമമാകില്ലെങ്കിലും ഇപ്പോൾ അതിന്റെ ആദ്യത്തെയും അവസാനത്തെയും വാക്ക് മമത ബാനർജിയാണ്. ഇതുതന്നെയാണ് നവീൻ പട്നായിക്കിന്റെ ബിജു ജനതദളിലും അവസ്ഥ.

സോഷ്യലിസ്റ്റ് കക്ഷികളുടെ തുടർച്ചയും പിന്നീട് പിന്നാക്ക ജാതിരാഷ്ട്രീയത്തിന്റെ അധികാരരാഷ്ട്രീയത്തിൽ പ്രധാന കളിക്കാരുമായി മാറിയ ലാലു പ്രസാദ് യാദവും മുലായം സിങ് യാദവും തങ്ങളുടെ കൈകളിൽ കിട്ടിയ ജനതാപാർട്ടിയുടെ ബാക്കി കഷ്ണങ്ങളെ കുടുംബസംരംഭമായി പരിവർത്തിപ്പിച്ചു. ലാലുവിന്റെ രാഷ്ട്രീയ ജനതാദൾ അയാളുടെ മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലേക്ക് മാറി. ലാലു ജയിലിലായപ്പോൾ അന്നേവരെ പൊതുപ്രവർത്തനത്തിലില്ലാതിരുന്ന അയാളുടെ ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിയായി. മക്കൾ വലുതായപ്പോൾ അവരായി നേതാക്കൾ. മൂത്ത മകനായ തേജ് പ്രതാപ് യാദവ് കിരീടാവകാശിത്തർക്കത്തിൽ തോറ്റുപോയി. തേജസ്വി യാദവ് നിലയിൽ ബിഹാർ ഉപമുഖ്യമന്ത്രിയാണ്.

ഉത്തർപ്രദേശിൽ സമാജ്‌വാദി കക്ഷിയുടെ നേതൃത്വം മുലായം സിംഗിന്റെ അവസാന നാളുകളിൽത്തന്നെ മകൻ അഖിലേഷ് സിങ് യാദവിലേക്കെത്തി. അയാൾ മുഖ്യമന്ത്രിയായി. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവടക്കം മുലായം കുടുംബത്തിലെ സകലരും ഏതെങ്കിലും തരത്തിൽ അധികാരസ്ഥാനങ്ങളിലെത്തി. പാർട്ടി നേതൃത്വത്തിനായുള്ള മുലായത്തിന്റെ സഹോദരൻ ശിവപാൽ യാദവുമായുള്ള പോരാട്ടത്തിൽ അഖിലേഷ് മേൽക്കൈ നേടി. ആദ്യം പിരിഞ്ഞുപോയി വേറെ കക്ഷിയുണ്ടാക്കിയെങ്കിലും ഒടുവിലിപ്പോൾ അഖിലേഷിന്റെ നേത്യത്വം അംഗീകരിച്ചു. കുടുംബയോഗം തത്കാലം സമാധാനത്തിലാണ്. ബിഹാറിൽ രാം വിലാസ് പാസ്വാന്റെ പാർട്ടി അയാളുടെ മകന് കൈമാറിക്കിട്ടി.

ദളിത് രാഷ്ട്രീയത്തിന്റെ ഭാഗമായി ഉയർന്നുവന്ന ബഹുജൻ സമാജ് പാർട്ടി വാസ്തവത്തിൽ ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെയും സാമൂഹികാധികാരഘടനയുടേയും കുടിലതകളെക്കുറിച്ചുള്ള പിഴവില്ലാത്ത തിരിച്ചറിവിൽ മുന്നേറേണ്ടതാണ്. എന്നാൽ ഹിന്ദുത്വ കക്ഷിയായ ബി ജെ പിയുമായിവരെ ഒത്തുതീർപ്പുകൾക്ക് തയ്യാറാവുകയും ബി എസ് പി എന്ന കക്ഷി ആദ്യവും അവസാനവും മായാവതിയെന്ന നേതാവിലേക്ക് ചുരുങ്ങുകയും ചെയ്ത സങ്കുചിതമായ അധികാര രാഷ്ട്രീയം മാത്രമാണ് അതിനിപ്പോൾ ബാക്കിയുള്ളത്. ചെറുകക്ഷികളിലും ഇതൊക്കെത്തന്നെയാണ് നടക്കുന്നത്. തമിഴ്നാട്ടിലെ പട്ടാളി മക്കൾ കട്ചി അതിന്റെ നേതാവ് എസ്. രാമദോസിൽ നിന്നും മകൻ അൻപുമണി രാമദോസിലേക്കാണ് നേതൃത്വം മാറിയത്. ഛത്തീസ്ഗഡിൽ ഷിബു സോറെൻ മകൻ ഹേമന്ത് സോറന് പാർട്ടി കൈമാറുകയും ശേഷം ഹേമന്ത് സോറൻ മുഖ്യമന്ത്രിയുമായി.

കേരളത്തിൽത്തന്നെ നോക്കൂ, കേരള കോൺഗ്രസ്സിലെ എല്ലാ പിളർപ്പൻ വിഭാഗങ്ങളും മക്കൾക്ക് കൈമാറിക്കിട്ടിയവയാണ്. മാണിക്ക് ജോസ് കെ മാണി, ജേക്കബ്ബിന് അനൂപ് ജേക്കബ്ബ്, ബാലകൃഷ്ണപിള്ളയ്ക്ക് ഗണേശൻ അങ്ങനെപ്പോകുന്നു. ഇവരെയൊക്കെ പ്രബുദ്ധകേരളത്തിലെ ഇരുമുന്നണികളും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉൾക്കൊള്ളുകയും മന്ത്രിമാരാക്കുകയും ചെയ്യുന്നുമുണ്ട്.

കുടുംബാധിപത്യം പോലുള്ള സംഗതികളില്ലാത്ത കമ്മ്യൂണിസ്റ്റ് കക്ഷികൾ ജനാധിപത്യ പൗരസമൂഹവുമായി തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തെ കൂട്ടിയോജിപ്പിക്കാൻ പാടുപെടുന്നവയാണ്. അത് തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പ്രശ്നം കൊണ്ടല്ല, മറിച്ച് അത് നഷ്ടപ്പെടുകയും തികച്ചും ജനാധിപത്യവിരുദ്ധമായൊരു സംഘടനാ ചട്ടക്കൂടും ജനാധിപത്യ പൗരസമൂഹം എന്ന വിശാലമായ ജനാധിപത്യ രാഷ്ട്രീയത്തോട് മറ്റേതൊരു സമഗ്രാധിപത്യ കക്ഷിക്കും ഭരണകൂടത്തിനുമുള്ള അതേ എതിർപ്പുകൾ ഉള്ളതിനാലുമാണ്.

ഒരേ സമയം അദാനിയുടെ വികസനപദ്ധതികൾ ഇടതുപക്ഷ സർക്കാരിന്റെയും വികസനപദ്ധതികളാക്കുന്ന തട്ടിപ്പിലൂടെ കടന്നുപോകുമ്പോഴും ചോദ്യം ചെയ്യലുകളോ ഫലവത്തായ ഉൾപ്പാർട്ടി സംവാദങ്ങളോ ഉയർന്നുവരാത്ത തരത്തിലുള്ള അടഞ്ഞ അധികാരഘടന പാർട്ടിക്കുള്ളിൽ അവ കാത്തുസൂക്ഷിക്കുന്നു. പൊതുസമൂഹത്തിന്റെ ജനാധിപത്യ സംവാദങ്ങളോട് ശത്രുതാപരമായല്ലാതെ അവർക്ക് പെരുമാറാൻ കഴിയുന്നില്ല. ഇത്തരത്തിൽ വർഗരാഷ്ട്രീയവും അതിന്റെ ഭാഗമായ ഉന്നത ജനാധിപത്യബോധവും ഇല്ലാതായതുകൊണ്ടാണ് കേരളത്തിലേതുപോലെ കേവലം പിണറായി വിജയൻ എന്ന നേതാവിലും മുഖ്യമന്ത്രിയിലും നേതൃപൂജയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അശ്ലീലങ്ങളിലേക്ക് അവർ വീണുപോയത്.

സംഘ്പരിവാറിന്റെയും ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും അതിന്റെ രാഷ്ട്രീയാധികാരം കയ്യാളുന്ന നരേന്ദ്ര മോദി സർക്കാരിന്റെയും ജനിതകഘടനയിലെ ജനാധിപത്യവിരുദ്ധതയോട് എതിരിടാനുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നണി ഇന്ത്യയിൽ എന്തുകൊണ്ടാണ് പതറിപ്പോകുന്നത് എന്നതിന്റെ മൂലകാരണങ്ങളിലൊന്നാണ് നാമിങ്ങനെയുള്ള ജനാധിപത്യ കക്ഷികളിലെ ജനാധിപത്യ നിഷേധമായി കാണുന്നത്. ആന്തരികമായി ജനാധിപത്യരാഷ്ട്രീയത്തെയും അതിന്റെ വിവിധങ്ങളായ പ്രയോഗങ്ങളെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയകക്ഷികൾ ഫാഷിസത്തിന്റെ ജനാധിപത്യവിരുദ്ധതയെ എതിരിടുമ്പോൾ ദുർബ്ബലരായിപ്പോകും. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയുടെ ഛായകൾ തങ്ങളിൽ ഒട്ടും പ്രയാസമില്ലാതെ കാണാമെന്നത് അവരെ അത്തരം രാഷ്ട്രീയ വെല്ലുവിളികൾക്കെതിരെ നിലപാടെടുക്കുന്നതിൽ നിന്നും പിന്നിലേക്ക് നിർത്തും.

ഫാഷിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനാധിപത്യം ആശ്രയിക്കുന്നത് ജനാധിപത്യത്തെ ഒരു രാഷ്ട്രീയമൂല്യമായോ തങ്ങളുടെ ആന്തരികബോധമായോ പ്രയോഗമായോ ഉൾക്കൊള്ളാൻ തയ്യാറല്ലാത്ത ഒരു കൂട്ടം രാഷ്ട്രീയകക്ഷികളെയാണ് എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾക്ക് ഉൾക്കൊള്ളാനോ പ്രയോഗിക്കാനോ കഴിയാത്തൊരു രാഷ്ട്രീയത്തിനുവേണ്ടി നിങ്ങളെങ്ങനെയാണ് സമരം ചെയ്യുക എന്നതാണ് പ്രശ്‌നം. അതൊരു ചെറിയ പ്രശ്നമല്ലതാനും.

കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവരികയും നിരവധിയായ രാഷ്ട്രീയ സംവാദങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ടുപോവുകയും ചെയ്ത ഒരു ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിനായുള്ള യാത്രയാണ് ഇന്ത്യയിൽ വളരെ വേഗം നിലയ്ക്കുകയും ജീർണ്ണിക്കുകയും ചെയ്തത്. ഇന്ന് നമുക്കുള്ളത് വളരെ ദുർബ്ബലമായൊരു ജനാധിപത്യഛായയുള്ള ചട്ടക്കൂടും അതിനുള്ളിൽ ജനാധിപത്യബോധമില്ലാത്ത അധികാരരാഷ്ട്രീയം പയറ്റുന്ന നിരവധി രാഷ്ട്രീയകക്ഷികളുമാണ്. ഇത്തരത്തിലൊരു സാഹചര്യത്തിൽക്കൂടിയാണ് വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴി തെളിച്ചെടുത്തത്.

എങ്ങനെയാണ് ഇന്ത്യ ഒരു സമൂഹമെന്ന നിലയിൽ ജനാധിപത്യരാഷ്ട്രീയബോധം അതിന്റെ ആന്തരികഗുണമാക്കുക എന്നതിനെ ആശ്രയിച്ചിരിക്കും ആത്യന്തികമായി ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ജനാധിപത്യ ഭാവി. അതാകട്ടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കുമപ്പുറത്തുള്ള ദുർഘടമായൊരു രാഷ്ട്രീയപദ്ധതിയുമാണ്.

FAQs

എന്താണ് പൂന ഉടമ്പടി?

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉണ്ടാവേണ്ട രാഷ്ട്രീയസാഹചര്യങ്ങളിൽ, അയിത്തജാതിക്കാരുടെ നിയമസഭ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തർക്കത്തിനൊടുവിൽ ഉണ്ടായ ഒത്തുതീർപ്പാണ് പൂനാ പാക്ട് അഥവാ പൂന ഉടമ്പടി. തർക്കം പ്രധാനമായും ന്യൂനപക്ഷ ജനങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കായി വാദിച്ച ഡോ. ബി ആർ അംബേദ്കറും അതിനെ എതിർത്ത മഹാത്മാ ഗാന്ധിയും തമ്മിലായിരുന്നു. അയിത്തജാതിക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങളും പ്രതിനിധികളും എന്നത് അംബേദ്‌കർക്ക് ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് ഒത്തുതീർപ്പ്.

എന്താണ് ജനാധിപത്യം?

ജനങ്ങൾ എന്നർത്ഥമുള്ള ഡെമോസ്(Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ്(kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്കുഭാഷയിൽ ഡെമോക്രാറ്റിയ(Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസിയായി(Democracy). ഡെമോക്രസിയുടെ മലയാള തർജ്ജമയാണ് ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കൻ്റെ വാക്കുകളിൽ കാണാം.

Quotes

‘ജനാധിപത്യം എന്നാൽ സഹിഷ്ണുതയാണ്. നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല; നമ്മളോട് വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത’ – ജവഹർലാൽ നെഹ്രു

By പ്രമോദ് പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ