Thu. Apr 25th, 2024

‘ലോകത്തുണ്ടാകുന്ന സാമൂഹിക മുന്നേറ്റങ്ങളെല്ലാം ദൈന്യംദിന ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്നും രൂപപ്പെടുന്നവയാണ്’

സമൂഹം പ്രവർത്തിക്കുന്നത് പൊതു നിയമങ്ങൾക്കനുസരിച്ചോ?

മൂഹം പൊതു നിയമങ്ങൾക്ക് അനുസൃതമായിട്ടാണോ പ്രവർത്തിക്കുന്നത്? ഇരുപതാം നൂറ്റാണ്ടിൽ യൂറോ കേന്ദ്രീകൃതമായി ഉയർന്നുവന്ന ക്ലാസിക്കൽ സോഷ്യോളജിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത് സമൂഹം പ്രകൃതിയുടേതിന് സമാനമായി പൊതു നിയമങ്ങൾക്കനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്നാണ്. ഇത്തരം നിയമങ്ങൾ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയും എന്നും അവർ വിശ്വസിച്ചിരുന്നു.

ഒരു ഉദാഹരണം വ്യക്തമാക്കിയാൽ നൂറു ഡിഗ്രി ഊഷ്മാവിൽ ജലം തിളയ്ക്കും എന്നതുപോലെയോ അല്ലെങ്കിൽ ഭൂമി ഗുരുത്വാകർഷണ നിയമത്തിനനുസരിച്ച് അതിന്റെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളേയും ആകർഷിക്കുന്നുണ്ട് എന്ന നിയമം പോലെയോ ഭൂമിയിൽ എല്ലായിടത്തും സാമാന്യവത്കരിക്കാവുന്ന നിയമം സമൂഹത്തിന് ഉണ്ട് എന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. ലോകത്ത് എല്ലാവർക്കും അത് നിരീക്ഷിച്ച് ബോധ്യപ്പെടാനും കഴിയുമായിരുന്നു. ആഗസ്ത് കോംറ്റ്, എമിൽ ദർഖീം, ഹെർബെർട് സ്‌പെൻസർ എന്നിവരൊക്കെ സമൂഹത്തിനും ഇത്തരത്തിൽ പൊതുനിയമങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നവർ ആയിരുന്നു.

മാർക്സിന്റെ പൊതു നിയമങ്ങളിലെ സവിശേഷത

ഇവർക്ക് സമകാലീനനായ ലോകത്ത് ഏറ്റവും പരിചിതനായ ക്ലാസിക്കൽ സോഷ്യോളജിസ്റ്റ് ആയ കാൾ മാർക്‌സും ഈ മാതൃകയിൽ വിശ്വസിച്ചിരുന്നു. സമൂഹത്തിന്റെ മുഴുവൻ ചലനവും മാറ്റവും അതിനകത്തെ സാമ്പത്തിക ഉല്പാദന ഉപാധികളും ഉല്പാദന ബന്ധങ്ങളും തമ്മിലുള്ള സങ്കീർണമായ ചലനത്തിലൂടെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ സമൂഹത്തിന്റെയും വികസനത്തിൽ അതാത് സമൂഹത്തിൽ ഉല്പാദന ഉപാധികൾ കൈവശം വക്കുന്നവരുടെ താല്പര്യമായിരിക്കും നടപ്പാക്കപ്പെടുക എന്നതായിരുന്നു ആ നിയമത്തിന്റെ കാതൽ.

ഉല്പാദന ഉപാധികൾ എന്നാൽ ഉത്പാദനം നടത്താനുള്ള ഉപകരണങ്ങൾ, ഒരു കാർഷികോല്പാദന സമൂഹത്തിൽ ഭൂമി ഒരു ഉല്പാദന ഉപാധി ആയിരിക്കും. സമൂഹത്തിലെ അധികാരവും, നീതിയും, നന്മ തിന്മകളും വിശ്വാസവും എല്ലാം നിർണയിക്കപ്പെടുന്നത് ഭൂമിക്ക് സമാനമായ ഉല്പാദന ഉപാധികൾ മുഖ്യപങ്കും കൈവശം വെക്കുന്നവരുടെ താല്പര്യത്തിൽ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും എന്ന് ചുരുക്കം. ഒരു പരിധിവരെ ഈ നിയമം ശരിയായിട്ടുണ്ട്. ലോകത്തെല്ലായിടത്തും അതാത് സമൂഹങ്ങളിലെ ഉല്പാദന ഉപാധികൾ കൈവശം വെക്കുന്നവർക്ക് കൂടുതൽ സാമൂഹിക അധികാരം ഉണ്ടായിട്ടുണ്ട്.

മാർക്സിന്റെ പരിശോധനകളിലെ സമൂഹത്തിന്റെ വ്യക്തിഗതമായ തലങ്ങളും സാമാന്യവത്കരണവും

റ്റ് സാമൂഹ്യശാസ്ത്രജ്ഞരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് വ്യക്തിപരമായ അനുഭവങ്ങളുടെ മറ്റൊരു തലം സമൂഹത്തിനുണ്ട് എന്ന് സൂചിപ്പിച്ചതിനാലാണ്. ഈ വ്യക്തിപരമായ തലവും പൊതു നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും രൂപപ്പെടുക എന്നും അദ്ദേഹം വിശ്വസിച്ചു അതായത് ഒരു വ്യക്തിയുടെ സ്വബോധം രൂപപ്പെടുന്നതിൽ അയാൾക്ക് ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ നിർണായകമായ ഘടകമാണെന്ന് മാർക്സ് വിചാരിച്ചിരുന്നു.

ഇത് പലർക്കും വ്യത്യസ്തവുമായിരിക്കും. വ്യക്തിയുടെ സ്വബോധം ലഭ്യമായ ഭൗതിക സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുകയും ഈ ഭൗതിക സാഹചര്യങ്ങൾ പലർക്കും വ്യത്യസ്തമായതുകൊണ്ട്അതിനനുസരിച്ചു സ്വബോധത്തിന്റെ സവിശേഷതകളും വ്യത്യസ്തമാകും എന്നർത്ഥം. സമൂഹത്തിന്റെ ഘടന ഒരേ സമയം വ്യക്തിയെ നിർണയിക്കുകയും ഈ ഘടനക്കകത്ത് നിന്ന് പെരുമാറുന്ന അനേകം വ്യക്തികൾ ഘടനയെ തിരിച്ചും നിർണയിക്കും.

Karl Heinrich Marx FRSA (German: [maʁks]; 5 May 1818 – 14 March 1883) was a German philosopher, economist, historian, sociologist, political theorist, journalist, critic of political economy, and socialist revolutionary
Karl Heinrich Marx FRSA

അതായത് മുതലാളിത്തത്തിന്റെ ചൂഷണം അനുഭവിക്കുന്ന തൊഴിലാളിക്ക് വ്യവസ്ഥിതിയെക്കുറിച്ച് ഒരു തരത്തിലുള്ള ബോധവും മുതലാളിത്തത്തിന്റെ സവിശേഷ അധികാരങ്ങൾ അനുഭവിക്കുന്ന മധ്യവർഗത്തിന് അതിനനുസരിച്ച ബോധവുമായിരിക്കും ഉണ്ടായിരിക്കുക. മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിക്ക് ചൂഷണങ്ങളും മധ്യവർഗത്തിന് ചില സവിശേഷ അധികാരങ്ങളുമായിരിക്കും അനുഭവിക്കാൻ സാധിക്കുക.

നിത്യജീവിതം മെച്ചപ്പെടുത്താനുള്ള തൊഴിലാളിയുടെ തുടർമത്സരങ്ങളിൽ നിരന്തരം ഈ മാതൃക പുനരുല്പാദിപ്പിക്കപ്പെടുകയും അതിനനുസരിച്ചുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. അതിനനുസരിച്ചു തൊഴിലാളികളുടെ ബോധവും ലോകത്തിനെക്കുറിച്ചുള്ള ജ്ഞാനവും രൂപപ്പെടും. ഒരു സമൂഹത്തിലെ ആളുകൾ ഈ മാതൃകൾക്കനുസരിച്ച് പെരുമാറുമ്പോൾ മുതലാളിത്ത വ്യവസ്ഥിതിയുടെ ചൂഷണം തൊഴിലാളികൾ സഹിക്കുന്നത് വലിയ സാമൂഹിക ഘടനയുടെ പുനരുത്പാദനത്തിന് കാരണമാകും. പിന്നീട് ചൂഷണം മനസ്സിലാക്കി തൊഴിലാളികൾ പ്രതിരോധിക്കുമ്പോൾ പുതിയ വ്യവസ്ഥിതി ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും.

കുറച്ചുകൂടി സൂക്ഷ്മമായി വ്യക്തമാക്കിയാൽ സമൂഹത്തിന്റെ അടിസ്ഥാന ഘടന (Base Structure) ഉല്പാദനവ്യവസ്ഥ നിയന്ത്രിക്കുന്നത് കൊണ്ട് ഉപരിഘടനയിലെ (Super Structure) ഭരണകൂടവും, നീതിന്യായ വ്യവസ്ഥയും, മാധ്യമങ്ങളും, മതങ്ങളും അടക്കം എല്ലാ ഘടകങ്ങളും ഉല്പാദനവ്യവസ്ഥ നിയന്ത്രിക്കുന്നവരുടെ താല്പര്യത്തിന് പ്രവർത്തിക്കുന്നു. ഇത്തരം ഘടകങ്ങളുമായി നിത്യജീവിതത്തിൽ ഇടപെടുന്ന തൊഴിലാളിക്ക് ഈ വ്യവസ്ഥയിൽ
നിന്നെല്ലാം പുറത്താക്കൽ അനുഭവപ്പെടുന്നു. എന്നാൽ മധ്യവർഗങ്ങൾക്കും മുതലാളിമാർക്കും തങ്ങളെ സമൂഹം ഉൾക്കൊള്ളുന്നതായും അനുഭവപ്പെടുന്നു.

ലോകത്തെല്ലായിടത്തും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ഈ കാഴ്ച ശരിയാണ്. ഇത്തരം ചൂഷക വ്യവസ്ഥയെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ ഒരു തരത്തിലുള്ള ജ്ഞാനവും മധ്യവർഗങ്ങൾക്കിടയിലും മുതലാളിമാർക്കിടയിലും മറ്റൊരു തരത്തിലുള്ള ജ്ഞാനവും രൂപപ്പെടുന്നു എന്ന് മാർക്സ് വ്യക്തമാക്കുന്നു.

തൊഴിലാളിയുടേതായ ജ്ഞാനത്തിന് ലോകത്തിനെ മാറ്റിമറിക്കാനുള്ള ശേഷി ഉണ്ടെന്ന് മാർക്സ് കണ്ടെത്തി. ലോകത്തുണ്ടാകുന്ന സാമൂഹിക
മുന്നേറ്റങ്ങളെല്ലാം ദൈന്യംദിന ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ ജനങ്ങൾ അനുഭവിക്കുന്ന
പിന്നോക്കാവസ്ഥയിൽ നിന്നും രൂപപ്പെടുന്നവയാണ് എന്നാണ് മാർക്സ് വ്യക്തമാക്കിയത്.

അതായത് ഭൂഗുരുത്വാകർഷണ ബലം ലോകത്തെല്ലായിടത്തും എല്ലാവർക്കും അനുഭവപ്പെടുന്നതിന് സമാനമായി ലോകത്തെല്ലായിടത്തും വൈയക്തിക അനുഭവങ്ങൾ സമൂഹത്തെക്കുറിച്ച് ഒരു ജ്ഞാനം വ്യക്തികളിൽ ഉണ്ടാകുമെന്ന് അർത്ഥം. റ്റെഡ് ഗുർ, റോബർട്ട് കെ മെർറ്റൻ എന്നിവർ സാമൂഹിക മുന്നേറ്റങ്ങൾ ഉണ്ടാകുന്നത് അനുഭവപരമായ പിന്നോക്കാവസ്ഥകളിൽ നിന്നുമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിലയിൽ സവർണ്ണരുടെ അനുഭവങ്ങൾ സമൂഹത്തിലെ ഘടനയുടെ സ്വഭാവം നിർണയിക്കുന്നതിൽ പ്രധാനമാണോ എന്നാണ് ലേഖനം പരിശോധിക്കുന്നത്.

അറിവുകൾ ചരിത്രാനുഭവങ്ങൾ

കാൾ മാർക്സ് പറയുന്നതനുസരിച്ച് സമരങ്ങൾ രൂപപ്പെടുന്നതിന് അതാത് കൂട്ടങ്ങൾ ജീവിക്കുന്ന സാമൂഹിക പരിസരത്തിന് നിർണായകമായ സ്ഥാനമുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ സാമ്പത്തിക വ്യവസ്ഥയുടെ ഘടന ഒരു പ്രത്യേക തരത്തിലുള്ള വർഗബോധം തൊഴിലാളികൾക്കിടയിൽ ഉല്പാദിപ്പിക്കപ്പെടുന്നു. അതിന് എതിർ വശത്തായി ഒരു മധ്യവർഗ ബോധവും സമൂഹത്തിൽ രൂപപ്പെടുന്നു.

സാമൂഹിക ഘടനയിൽ വ്യക്തി എവിടെ നിലനിൽക്കുന്നു എന്നതിനനുസരിച്ചാണ് അയാളിൽ ഒരു ജ്ഞാനം ഉല്പാദിപ്പിക്കപ്പെടുന്നത് എന്ന് മാർക്സിസിനെക്കുറിച്ചു പഠിച്ച സാന്ദ്ര ഹാർഡിങ് വ്യക്തമാക്കുന്നു (Steckle, Matthew, (2018)) അതായത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ തൊഴിലാളി ഒരു പ്രത്യേക സ്ഥാനത്ത് നിലനില്കുന്നതുകൊണ്ടും മിച്ചമൂല്യം (Surplus value) അവരിൽ നിന്ന് ചൂഷണം ചെയ്യപ്പെടുന്നതുകൊണ്ടും ഉല്പാദന വ്യവസ്ഥയിൽ നിന്നും സ്വജീവിതത്തിൽ നിന്നും തന്നെയും പുറത്താകുന്ന അനുഭവങ്ങൾ ഉണ്ടാകുന്നതുകൊണ്ടും ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയെക്കുറിച്ചും ഒരു ജ്ഞാനം തൊഴിലാളികൾക്കിടയിൽ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കുന്നു.

എന്നാൽ തൊഴിലാളി എന്ന സ്ഥാനത്തിന് പുറത്ത് നിൽക്കുന്നവർക്ക് ഇത്തരം അനുഭവങ്ങൾ സ്വായത്തമാക്കാൻ കഴിയില്ല അതുകൊണ്ടു തന്നെ അവർക്ക് അവർ പങ്കിടുന്ന സാമൂഹിക അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന അറിവുകൾ ആയിരിക്കും സ്വായത്തമാക്കാൻ കഴിയുക (Steckle, Matthew, (2018)). ഒരു ബൂർഷ്വാസിക്ക് എപ്പോഴും അയാൾ നിലനിൽക്കുന്ന ഭൗതിക സാഹചര്യത്തിൽ നിന്നുള്ള അനുഭവങ്ങളിലൂടെയുള്ള ജ്ഞാനങ്ങളെ സ്വായത്തമാക്കാൻ കഴിയൂ. മറ്റുള്ളവരുടെ ജീവിതാവസ്ഥകളും തങ്ങളുടെ ജീവിതാവസ്ഥകളും തമ്മിലുള്ള അനുഭവപരമായ അന്തരം മനസ്സിലാക്കാൻ തൊഴിലാളികൾക്ക് കഴിയുകയും അതിന്റെ കാരണം തങ്ങൾ നിലനിൽക്കുന്ന സാമൂഹിക ഘടനയാണെന്നും ചരിത്രപരമായി അവർ മനസ്സിലാക്കുന്നു.

ചരിത്രത്തിന്റെ സാന്നിധ്യം ഇത്തരം അനുഭവപരമായ അറിവുകളിൽ കീഴാളർക്ക് ഉൾകൊള്ളാൻ കഴിയും. എന്നാൽ ബൂർഷ്വാസിക്ക് അവരുടെ സവിശേഷാധികാരങ്ങൾ കാരണം സമൂഹത്തിന്റെ ഈ ഘടനയെയോ ചരിത്രത്തെയോ കുറിച്ച് തൊഴിലാളികളിൽ നിന്ന് വ്യത്യസ്തമായ ഒരു അവബോധം ആകും ഉണ്ടായിരിക്കുക.

വർഷങ്ങൾക്കിപ്പുറം റോബർട്ട് കെ മെർറ്റൻ എന്ന ശാസ്ത്രജ്ഞൻ ഇത് തന്നെ മറ്റൊരു രീതിയിൽ വ്യക്തമാക്കുന്നുണ്ട് (K. Merton, Robert, 1949). സാമൂഹിക മുന്നേറ്റം രൂപപ്പെടുന്നത് കൂട്ടങ്ങൾക്കുണ്ടാകുന്ന വ്യക്തിപരമായ അനുഭവങ്ങളിലെ വ്യത്യാസങ്ങൾ കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എപ്പോഴും കൂട്ടായ്മകൾ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതും, പ്രതീക്ഷകൾ രൂപപ്പെടുത്തുന്നതും ഒരു Reference Group നെ അടിസ്ഥാനമാക്കി ആണെന്നും അതിനനുസരിച്ചു തങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയും അവർ രൂപപ്പെടുത്തി എടുക്കുമെന്നും ആണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.

ഈ പ്രത്യേക ഗ്രൂപ്പുമായി തങ്ങൾ എത്രമാത്രം പിന്നോക്കാവസ്ഥയിൽ ആണ് എന്ന് അവർ മുൻപ് സൂചിപ്പിച്ച അനുഭവങ്ങളിൽ നിന്നും സാമൂഹികമായി ബോധ്യപ്പെടും. Relative Deprivation എന്നാണ് ഈ അനുഭവത്തെ റോബർട്ട് കെ മെർറ്റൻവിശേഷിപ്പിച്ചത്. സാമുവേൽ സ്ററൗഫെർ എന്ന സോഷ്യോളജിസ്റ്റിന്റെ American Solidier എന്ന കൃതിയിലൂടെയാണ് മെർറ്റൻ ഈ സിദ്ധാന്തം വികസിപ്പിച്ചത്.

Robert King Merton (born Meyer Robert Schkolnick; July 4, 1910 – February 23, 2003) was an American sociologist who is considered a founding father of modern sociology, and a major contributor to the subfield of criminology.
റോബർട്ട് കെ മെർറ്റൻ

ലോകത്തുണ്ടാകുന്ന മുഴുവൻ സാമൂഹിക മുന്നേറ്റങ്ങളിലും അനുഭവങ്ങളുടെ സാന്നിധ്യം സവിശേഷമായിരിക്കും. അനുഭവങ്ങളുടെ അഭാവത്തിൽ ഒരു സാമൂഹിക മുന്നേറ്റം രൂപപ്പെടുത്തിയെടുത്താലും അത് നിലനിൽക്കില്ല. സമരങ്ങൾ മുന്നോട്ട് പോകുന്നത് കൂട്ടങ്ങൾ ലഭ്യമാകുന്ന വിഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് വാദിക്കുന്ന റിസോഴ്സ് മൊബിലൈസേഷൻ സിദ്ധാന്തമൊക്കെ ഉണ്ടെങ്കിൽ പോലും ഈ സിദ്ധാന്ധം മുന്നോട്ട് വക്കുന്നവരും അനുഭവങ്ങളുടെ അഭാവത്തിൽ സാമൂഹിക മുന്നേറ്റം രൂപപ്പെടുമെന്ന് വാദിക്കുന്നില്ല (McCarthy, J. D., & Zald, M. N. 1977).

സാമൂഹിക മുന്നേറ്റത്തിനകത്ത് അല്ലെങ്കിൽ പോലും ഒരു കൂട്ടായ്മയിൽ ആ കൂട്ടത്തിനകത്തെ ആളുകളുടെ വ്യക്തിപരമായ അനുഭവങ്ങൾക്കനുസരിച്ച് അതിനകത്തു ഈ relative deprivation എന്ന അനുഭവം പ്രത്യേക തരത്തിലുള്ള അറിവുകൾ ഉല്പാദിപ്പിക്കും. അനുഭവങ്ങൾ അറിവുകളെ സ്വാധീനിക്കുന്നതിന്റെ ഒരു പ്രധാന
മാതൃകയാണ് സൂചിപ്പിക്കുന്നത്.

യൂറോ കേന്ദ്രീകൃതമായ സാമാന്യവത്കരണത്തിലെ പുതിയ സാദ്ധ്യതകൾ

പ്രകൃതിയെ സംബന്ധിച്ച നിയമങ്ങളുടെ സവിശേഷത ലോകത്തെല്ലായിടത്തും അത് ശരിയായിരിക്കുകയും എന്നതാണ്. നിരീക്ഷിച്ചും പരീക്ഷിച്ചും അതിന്റെ കൃത്യത ആർക്ക് വേണമെങ്കിലും ഉറപ്പിക്കാൻ കഴിയുന്നതുമാണ്.

ഉദാഹരണത്തിന് ഭൂഗുരുത്വാകർഷണ ബലം ഭൂമിയിൽ എല്ലാവർക്കും അനുഭവപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനകത്ത് ഒരുപ്രത്യേക സ്ഥാനത്ത് ഒരു നിശ്ചിത സമയത്ത് നിൽക്കുന്നവർക്ക് ആർക്കുവേണമെങ്കിലും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളെയും ആകർഷിക്കും എന്ന് നിരീക്ഷിച്ച്
ഉറപ്പിക്കാവുന്നതാണ്. അത് പ്രകൃതിയുടെ ഒരു പ്രത്യേക സ്ഥാനത്ത് നിലനില്കുന്നതുകൊണ്ടാണ് ഈ ജ്ഞാനം ലഭ്യമാകുന്നത്. ആ സ്ഥാനത്തിന് പുറത്ത് നിൽക്കുന്നവർക്ക് അത് അനുഭവം കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല.

ഇതിന് സമാനമാണ് മാർക്സ് വ്യക്തമാക്കുന്നത്. ഒരു സമൂഹത്തിൽ ഉല്പാദന ഉപാദികളിലേക്ക് അധികാരമില്ലാത്ത ഒരു സവിശേഷ സാമൂഹിക സ്ഥാനത്ത് നിലനില്കുന്നവർക്ക് മാത്രമേ ആ വ്യവസ്ഥ അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിയു. അതിന് പുറത്തുള്ളവർക്ക് അതിന് കഴിയില്ല. ഗോപാൽ ഗുരു വ്യക്തമാക്കുന്നതനുസരിച്ചു പ്രകൃതി ശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി സാമൂഹ്യ ശാസ്ത്രത്തിൽ ഈ അനുഭവങ്ങളുണ്ടാകുന്ന സാമൂഹിക സ്ഥാനത്തിൽ നിന്ന് അവിടെ നിലനിൽക്കുന്ന വ്യക്തികൾക്ക് ഒരു വിടുതൽ സാധ്യമല്ല. 100 ഡിഗ്രി ഊഷ്മാവിൽ ജലം തിളക്കുമെന്ന് അറിയാൻ നമുക്ക് ആർക്കും എപ്പോൾ വേണമെങ്കിലും സാധ്യമാകുകയും ആ അനുഭവത്തിൽ നിന്ന് നമുക്ക് എപ്പോൾ വേണമെങ്കിലും പുറത്തുകടക്കാൻ കഴിയുകയും ചെയ്യും. എന്നാൽ ദളിതനായിരിക്കുക എന്ന സാമൂഹിക സ്ഥാനത്തിനകത്ത് നിന്ന് ഒരു പുറത്തുകടക്കൽ
സാധ്യമല്ല.

സാമാന്യവത്കരണത്തിൽ സാമൂഹ്യശാസ്ത്ര സാധ്യതകൾക്ക് വ്യത്യസ്തതയുണ്ട് എന്നതാണ് സത്യം. ദളിത് അനുഭവങ്ങൾ വ്യക്തമാക്കിയതിന് സമാനമായി സവർണ്ണരുടേതായ ഒരു സവിശേഷ അധികാരങ്ങളുടെ അനുഭവം സാമൂഹ്യ ശാസ്ത്രത്തിൽ സാമാന്യവത്കരിക്കാൻ കഴിയുമോ എന്നതാണ് ലേഖനത്തിന്റെ
പരിശോധന.

അറിവുകളുടെ അടുക്കുകൾ കൂട്ടങ്ങൾ

 അറിവുകളെ സാമൂഹിക മുന്നേറ്റം ഉല്പാദിപ്പിക്കുന്ന ഒരു ബോധമായി മാത്രം പരിഗണിക്കരുത്. ഒരു വ്യക്തിയോ കൂട്ടമോ നിരന്തരമായി ജനിച്ചു ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നും അവരവരുടെ സാഹചര്യങ്ങളെക്കുറിച്ചു നിരന്തരം ആർജ്ജിക്കുകയും പരിവർത്തനം ചെയ്യപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാനമാണ് അത്. ഓരോ വ്യക്തിക്കും അതാത് സമൂഹത്തിൽ ചരിത്രപരമായി ജീവിച്ചു ശീലിച്ചു ഉണ്ടാകുന്ന അനുഭവങ്ങൾ ആണവ.

അത്തരത്തിൽ പരിഗണിക്കുമ്പോൾ അത് പുതിയ താരതമ്യത്തിന്റെ സാധ്യതകളിലേക്ക് നമ്മെ എത്തിക്കുന്നു. എല്ലാ കൂട്ടങ്ങളിലും ഇത്തരം ചരിത്രപരമായ അനുഭവലോകങ്ങൾ പ്രത്യേക രീതിയിൽ അറിവുകളുടെ അടുക്കുകൾ സൃഷ്ടിക്കുന്നുണ്ട്. അതാത് കൂട്ടങ്ങളിലെ ആളുകളുടെ സവിശേഷതകൾ അനുസരിച്ചു അതാത് കൂട്ടങ്ങളിൽ ചരിത്രാനുഭവങ്ങൾ അറിവുകളായി കോഡ് ചെയ്യപ്പെടുകയും ചെയ്യും. ഒരു തൊഴിലാളി മുതലാളിത്ത വ്യവസ്ഥിതിയിൽ ഒരു ഫാക്ടറിയിൽ തൊഴിലെടുക്കുമ്പോൾ അയാൾ നിരന്തരം കടന്നുപോകുന്ന അനുഭവങ്ങളുണ്ട്.

തൊഴിൽ സമയം കൂട്ടിയും, കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചും തൊഴിലാളിയുടെ വേതനം കുറച്ചും അയാളിൽ നിന്ന് മിച്ചമൂല്യം ചൂഷണം ചെയ്യുമ്പോൾ അയാൾ കടന്നു പോകുന്ന വ്യക്തിപരമായ അനുഭവങ്ങളുണ്ട്. ഉത്പാദനം പല ഘട്ടങ്ങളുള്ള ചെറു പ്രവർത്തനമായി മാറുമ്പോഴും യന്ത്രങ്ങൾ അതിനെ കൂടുതൽ ചെറുഘട്ടങ്ങളായി പരിവർത്തനപ്പെടുത്തുമ്പോഴും തൊഴിലാളിക്ക് ഉണ്ടാകുന്ന അനുഭവമുണ്ട്. ഇത്തരം അനുഭവങ്ങളെ മാർക്സ് സവിശേഷമായി കരുതുന്നു. മിച്ചമൂല്യം ചൂഷണം ചെയ്യപ്പെടുമ്പോൾ സ്വജീവിതത്തിൽ നിന്നും ഉല്പാദന പ്രക്രിയയിലെ തൊഴിൽ വിഭജനം ക്രിയാത്മകതയിൽ നിന്നും തൊഴിലാളിയെ പുറത്താക്കുന്നു.

ഇത്തരം വ്യക്തിപരമായ അറിവുകൾ ചരിത്രപരമായി തൊഴിലാളികളുടെ കൂട്ടങ്ങളിൽ അടുക്കുകളായി ക്രമപ്പെടും. വ്യക്തിയായി നിലനില്കുന്നതിനേക്കാൾ കൂട്ടായ്മകളിൽ ഈ അറിവുകൾ ശക്തമാകുകയും ചെയ്യും. കൂട്ടായ്മകളിൽ ഈ അറിവുകളുടെ അടുക്കുകൾ കൂടുതൽ ശക്തമാകുന്നതാണ് ഇതിന് കാരണം. എന്നാൽ ഒരു ബൂർഷ്വാസിക്ക് ഈ അനുഭവങ്ങളല്ല മറിച്ചു മറ്റൊരു തരം ചരിത്രാനുഭവം ആയിരിക്കും ഉണ്ടാകുക. തൊഴിലാളിയിൽ നിന്നും മിച്ചമൂല്യം സ്വായത്തമായി വരുന്ന അനുഭവമായിരിക്കും അയാൾക്ക് ലഭ്യമാകുക. അതിനനുസരിച്ച് ബൂർഷ്വാസികളുടെ കൂട്ടങ്ങളിൽ മറ്റൊരു അറിവുകളുടെ അടുക്കുകളും ഉണ്ടാകും.

ജീവിതത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള എല്ലാവരും തമ്മിലുള്ള മത്സരത്തെക്കുറിച്ചും ഒരു മധ്യവർഗ വ്യക്തിയിലും ഒരു തൊഴിലാളിയിലും വ്യത്യസ്ത തരത്തിലുള്ള ജ്ഞാനങ്ങളായിരിക്കും ഉല്പാദിപ്പിക്കപ്പെടുക. മത്സരങ്ങൾ എല്ലാ കൂട്ടങ്ങൾക്കകത്തും നിലനിൽക്കുന്നതുകൊണ്ട് ആ കൂട്ടത്തിനകത്തെ പല മനുഷ്യരുടെ അനുഭവങ്ങളുടെ അടുക്കുകൾ ഈ മത്സരങ്ങളുടെ സ്വഭാവത്തെ നിർണയിക്കും.

മത്സരങ്ങളെക്കുറിച്ചുള്ള ജ്ഞാനം

മൂഹത്തെക്കുറിച്ചുള്ള അറിവുകൾ കൂട്ടങ്ങളിൽ കോഡ് ചെയ്യപ്പെടുക അതിനകത്തെ മനുഷ്യരുടെ സാമൂഹിക സ്ഥാനമനുസരിച്ചും അവിടെ നിന്നുമുള്ള അവരുടെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുമാണെന്ന് ചുരുക്കം. അതിൽ സവിശേഷ അധികാരങ്ങളുള്ളവരുടെ അനുഭവങ്ങളുമുണ്ടാകാം കീഴാളരുടെ അനുഭവങ്ങളുമുണ്ടാകാം. ജീവിതം മെച്ചപ്പെടുത്താനുള്ള പല തരത്തിലുള്ള മത്സരങ്ങളെക്കുറിച്ചുള്ള അറിവുകളും കൂട്ടത്തിന്റെ സാമൂഹിക ഘടനയുടെ സ്വഭാവത്തിനനുസരിച്ചാണ് രൂപപ്പെടുക.

സമൂഹത്തിലെ സൂപ്പർ സ്ട്രക്ചറിൽ നിലനിൽക്കുന്ന എല്ലാ ഘടകങ്ങളും ഭരണകൂടമായാലും കോടതി ആയാലും പോലീസ് ആയാലും ഉദ്യോഗസ്ഥസംവിധാനം ആയാലും ഈ കൂട്ടങ്ങളിൽ എല്ലാം വളരെ പതുക്കെ തൊഴിലാളിയുടെ അനുഭവങ്ങൾ മാഞ്ഞുപോകുകയും മധ്യവർഗത്തിന്റേതായ സവിശേഷ അധികാരത്തിന്റേതായ അനുഭവങ്ങൾ അറിവുകൾ രൂപപ്പെടുത്തുകയും ചെയ്യും. അതിജീവനത്തിനായുള്ള മത്സരങ്ങളിൽ ഈ സാമൂഹിക ഘടനകളിൽ നിന്നെല്ലാം തൊഴിലാളി പുറത്താക്കപ്പെടുകയും മധ്യവർഗം ഉൾക്കൊള്ളപ്പെടുകയും ചെയ്യും.

സമൂഹത്തിൽ ഉല്പാദനോപാദികളിൽ അധികാരമുള്ളവരുടെ താല്പര്യം സമൂഹത്തിൽ സംരക്ഷിക്കപ്പെടും എന്ന് സൂചിപ്പിക്കുന്നത് അതുകൊണ്ടാണ്. ഇത് മുതലാളിത്ത സമൂഹത്തിന്റെ ഉപരിഘടനയിൽ മാത്രമല്ല ലോകത്തുള്ള മുഴുവൻ കൂട്ടങ്ങളിലും അതാത് സമൂഹങ്ങളിലെ ഉല്പാദന ഉപാദികളുടെ മുഖ്യപങ്കും കൈവശം വയ്ക്കുന്നവരുടെ അനുഭവങ്ങളായിരിക്കും നിലനില്കുക എന്നാണ് മാർക്സ് വിശദീകരിക്കുന്നതനുസരിച്ച് മനസ്സിലാക്കാൻ കഴിയുന്നത്. കൂട്ടങ്ങളിലെ ഇത്തരം അറിവുകളുടെ അടുക്കുകൾക്കും അവയുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങൾക്കും അന്താരാഷ്ട്രതലങ്ങളിലും മാതൃകകൾ കണ്ടെത്താനാകും.

ചരിത്രാനുഭവങ്ങൾ – അറിവുകൾ – അന്താരാഷ്ട്ര മാതൃകകൾ

മുൻപ് സൂചിപ്പിച്ച തൊഴിലാളിയുടെയും മധ്യവർഗ്ഗത്തിന്റെയും മുതലാളിമാരുടെയും ചരിത്രാനുഭവങ്ങളിലെ വ്യത്യാസങ്ങളും

അതിലൂടെ അവരുൾക്കൊള്ളുന്ന കൂട്ടങ്ങൾക്ക് സ്വായത്തമാക്കാൻ കഴിയുന്ന അറിവുകൾ തമ്മിലുള്ള അന്തരവും വ്യക്തമായല്ലോ. ഈ മാതൃക ഒരു രീതിശാസ്ത്രമായി അന്താരാഷ്ട്ര തലത്തിൽ മുതലാളിത്ത രാഷ്ട്രങ്ങളും അതിന് പുറത്തുള്ളവയും തമ്മിൽ താരതമ്യം ചെയ്തു പരിഗണിക്കുകയാണെങ്കിൽ വികസനത്തിൽ ഈ അറിവുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണാനാകും. Modernisation ഒരു തരത്തിലുള്ള സാമൂഹിക മുന്നേറ്റമായിരുന്നു എന്ന്
ആൽവിൻ സൊ അഭിപ്രായപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധാവസാനം 1950 കൾക്ക് ശേഷം അമേരിക്കയുടെയും യുഎസ്എസ് ആറിന്റെയും നേതൃത്വത്തിൽ രണ്ട് ചേരികൾ രൂപപ്പെട്ടു. മൂന്നാംലോക രാഷ്ട്രങ്ങളിൽ പലതും സ്വാതന്ത്രമായതും ഈ കാലഘട്ടത്തിൽ തന്നെയാണ്. ഇതിനെത്തുടർന്ന് സർക്കാരിന്റെയും കോർപറേറ്റുകളുടെയും പല യൂണിവേഴ്സിറ്റികളുടെയും സഹകരണത്തോടെ അമേരിക്ക യുദ്ധാനന്തരമുള്ള ലോകം എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തി. WW Rostow, Daniel Lerner, James Inkles എന്നിവരൊക്ക വികസനത്തിന്റെ മാതൃക എന്നുള്ള നിലക്ക് യൂറോപ്യൻ ചരിത്രത്തെ മുന്നോട്ട് വച്ചു.

ഈ പ്രവർത്തനങ്ങളെയും അതിലൂടെ മുന്നോട്ട് വെക്കപ്പെട്ട അറിവുകളെയുമാണ് Modernisation എന്ന് അഭിസംബോധന ചെയ്യുന്നത്. പ്രത്യക്ഷത്തിൽ പറഞ്ഞാൽ വ്യവസ്ഥാപിതമായ മാതൃകകളുടെ അടിസ്ഥാനത്തിൽ ഈ പ്രവർത്തനങ്ങളെ സാമൂഹിക മുന്നേറ്റം എന്ന് വിശേഷിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും പല യൂണിവേഴ്സിറ്റികളും സർക്കാരും കോർപറേറ്റുകളും കൂട്ടമായി പ്രവർത്തിച്ചുകൊണ്ട് അനേകൾ സെമിനാറുകളും, വർക് ഷോപ്പുകളും, പ്രഭാഷണങ്ങളും, പ്രചാരണങ്ങളും, പ്രസിദ്ധീകരണങ്ങളും നടത്തിക്കൊണ്ട് പുതിയ ലോക ക്രമത്തെ കുറിച്ചുള്ള ഒരു ജ്ഞാനം ഉത്പാദിപ്പിച്ചു എന്നുള്ള നിലയ്ക്ക് ഈ പ്രവർത്തനത്തെ സാമൂഹിക മുന്നേറ്റം എന്ന് വിശേഷിപ്പിക്കാം എന്നാണ് ആൽവിൻ സൊ വ്യക്തമാക്കിയത്. മുൻപ് സൂചിപ്പിച്ച കൂട്ടായ്മയുടെ പ്രവർത്തനം ഇവിടെ സവിശേഷമാണ്.

French Revolution, Industrial Revolution, Enlightenment, Renaissance എന്നീ യൂറോപ്യൻ ചരിത്ര ഘട്ടങ്ങൾക്ക് സമാനമായ സാഹചര്യങ്ങളിലൂടെ പുതുതായി സ്വതന്ത്രമായ രാഷ്ട്രങ്ങളും കടന്നുപോകേണ്ടതുണ്ടെന്ന് ഈ മുന്നേറ്റം പുതിയൊരു ജ്ഞാനം ഉത്പാദിപ്പിച്ചു. അതിന് വേണ്ടി അമേരിക്കയും യൂറോപ്പും ഈ രാഷ്ട്രങ്ങളെ സഹായിക്കാൻ അനേകം പദ്ധതികൾ രൂപപ്പെടുത്തുകയാണ് ഇതിന്റെ അനന്തരഫലം ആയത് (So, Alvin Y. (1990).)

ഗ്ലോബലൈസേഷൻ എന്നത് ഒരു അനിവാര്യതയാണെന്ന ജ്ഞാനം ലോകമൊട്ടാകെ ഉല്പാദിപ്പിക്കാൻ ഇത് കാരണമായി. ഈ വികസനനയങ്ങൾ യൂറോപ്പിന്റെ ചരിത്രപരമായ അനുഭവങ്ങളിൽ നിന്നും മാത്രം ഉല്പാദിപ്പിക്കപ്പെട്ടതായതുകൊണ്ട് ലോകമൊട്ടാകെ ഉണ്ടായ അസമത്വങ്ങളെ ഇത് പുനരുല്പാദിപ്പിക്കുകയും ഇരട്ടിപ്പിക്കുകയും ചെയ്തു. ഗ്ലോബലൈസേഷനെ ഒരു മോശം സാമൂഹിക മാറ്റം എന്നുള്ള നിലക്കല്ല ലേഖകർ അടയാളപ്പെടുത്തുന്നത്. മറിച്ച് ലോകമൊട്ടാകെ യൂറോപ്പിൽ നടന്ന Industrial Revolution നെയും International Trade നെയും കേന്ദ്ര സ്ഥാനത്ത് നിർത്തി മൂന്നാംലോക രാജ്യങ്ങളിലും വികസനം നടക്കണമെന്ന് നിർബന്ധം ഉണ്ടായതിനാൽ ആണ്. സ്വകാര്യ വ്യവസായത്തെയും, കച്ചവടത്തെയും സ്വതന്ത്ര മത്സരത്തെയും കേന്ദ്രീകരിച്ചും ഇതിനെയെല്ലാം ഉദാരവത്കരണം ചെയ്തും ഒരു ഇന്റർനാഷണൽ ട്രേഡ് മൂന്നാം ലോക രാഷ്ട്രങ്ങളിലും ഉണ്ടാകണമെന്നുമുള്ള അതിന്റെ ഉൾകാഴ്ചയെയാണ് ലേഖകർ വിമർശിക്കുന്നത്.

യൂറോപ്പിൽ നടന്ന Industrial Revolution ന്റെയും Colonisation ന്റെയും ഫലമായി രൂപപ്പെട്ട മിച്ച മൂല്യം (Economic Surplus) താഴെത്തട്ടിലേക്ക് അരിച്ചിറങ്ങിയതുപോലെ പുതുതായി സ്വതന്ത്രമായ രാഷ്ട്രങ്ങളിലും കീഴ്ത്തട്ടിലേക്ക് അരിച്ചിറങ്ങും എന്ന സങ്കൽപം തെറ്റാണെന്ന് ബോധ്യപ്പെടാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടതായി വന്നു. യൂറോപ്യന്മാർ രൂപപ്പെടുത്തിയ വികസനസിദ്ധാന്തങ്ങൾ കണ്ണുമടച്ചു ഈ രാഷ്ട്രങ്ങളിൽ നടപ്പാക്കിയതുകൊണ്ട് ലോകമൊട്ടാകെ മിച്ചമൂല്യവും, പ്രകൃതി വിഭവങ്ങളും, തൊഴിൽശേഷിയും മുതലാളിത്ത രാഷ്ട്രങ്ങളിലേക്ക് ഒഴുകുകയും അത് പലരീതിയിൽ പുതു രാഷ്ട്രങ്ങളിൽ അസമത്വം രൂക്ഷമാക്കുകയും ചെയ്തു. അതാതു സമൂഹങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ പരിഗണിക്കാതെയുള്ള വികസനത്തെക്കുറിച്ചുള്ള ജ്ഞാനോല്പാദനം അന്താരാഷ്ട്ര തലത്തിൽ എങ്ങനെയാണ് അസമത്വം ഉല്പാദിപ്പിച്ചത് എന്നാണ് ഈ മാതൃകയിൽ പിന്നീട് A G Frank, Immanuel Wallerstien എന്നിവർ വ്യക്തമാക്കിയത് (Frank, A G (1978), Wallerstein, I (1974).)

ലോകവ്യവസ്ഥയിൽ അത് പുതിയ അസമത്വങ്ങൾ രൂക്ഷമാകുകയും ചെയ്തു എന്ന് അവർ വ്യക്തമാക്കി. യൂറോപ്പിന്റെ ചരിത്രാനുഭവങ്ങൾ പുതുതായി സ്വതന്ത്രമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായവ ആയിരുന്നു. ലോക ക്രമത്തെ പരിഗണിക്കുമ്പോൾ പുതുതായി സ്വതന്ത്രമായ ഈ രാജ്യങ്ങൾ യൂറോപ്പിന്റെ തന്നെ കോളനിവത്കരണത്തിൽ ചൂഷണം ചെയ്യപ്പെട്ടവയായിരുന്നു. മുതലാളിത്ത രാഷ്ട്രങ്ങൾ അവരുടെ ചരിത്രാനുഭവങ്ങൾ കൊണ്ട് ചൂഷിതരായവർക്കായി ഉത്പാദിപ്പിച്ചു നൽകപ്പെട്ട അറിവുകൾ ആയിരുന്നു ഇവ. പുതിയ രാഷ്ട്രങ്ങളുടെ ചരിത്രാനുഭവം കോളനിവത്കരണത്തിന്റേതായിരുന്നു.

എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു യൂറോപ്പിന്റേത്. Modernisation ലോകവ്യവസ്ഥയിലെ ഉല്പാദന ക്രമവുമായി ബന്ധപ്പെട്ട ജ്ഞാനോദയത്തെക്കുറിച്ചുള്ള കാഴ്ചയാണ്. സാമൂഹ്യ ശാസ്ത്രജ്ഞൻ അർതുറോ എസ്കോബാർ പറയുന്നതനുസരിച്ച് (Escobar, A. (1992) യൂറോപ്പിന് പുറത്ത് അതാത് സാമൂഹിക ക്രമങ്ങളിൽ യൂറോപ്യൻ നവോത്ഥാനത്തിൽ നിന്ന് വ്യത്യസ്തമായ തനത് ചരിത്രാനുഭവങ്ങളും സാമൂഹിക മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സവിശേഷ അധികാരങ്ങളുടെ അനുഭവത്തിന് മുകളിൽ നിന്ന് യൂറോപ്യന്മാർ രൂപപ്പെടുത്തിയ വികസനത്തെക്കുറിച്ചുള്ള ജ്ഞാനോദയമായ Modernisation ഏത് രീതിയിലാണ് കീഴാള രാഷ്ട്രങ്ങൾക്ക് അപകടകരമായത് എന്നാണ് വ്യക്തമാക്കാൻ ശ്രമിച്ചത്. അത് മുൻപ് സൂചിപ്പിച്ച സൂക്ഷ്മ സാമൂഹ്യ ശാസ്ത്രത്തിന്റെ മാതൃകക്ക് സമാനമാണ്.

ഇന്ത്യൻ കൂട്ടായ്മകളും – അനുഭവങ്ങളുടെ ക്രമവും- കൂട്ടങ്ങളുടെ ജ്ഞാനവും

തിന് സമാനമായി ഇന്ത്യൻ സാഹചര്യത്തിലും സാമൂഹിക മുന്നേറ്റങ്ങളിലും കൂട്ടങ്ങളിലും അറിവുകൾ രൂപപ്പെടുന്നത് ഇവിടെ നിലനിൽക്കുന്ന സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനത്തിലാണ്. ശ്രേണീകൃതമായ അസമത്വ വ്യവസ്ഥയാണ് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നത്. ഇവിടെ കൂട്ടങ്ങളിൽ അറിവുകൾ രൂപപ്പെടുന്നത് ഈ വ്യവസ്ഥക്കകത്ത് ലഭ്യമായ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. അതിനെ വിശദീകരിക്കുവാൻ കേരളത്തിൽ കുറച്ച് ഉദാഹരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.

2013ൽ ഇടത് പക്ഷത്തിന്റെ നേതൃത്വത്തിൽ സെക്റട്ടറിയേറ്റ് ഉപരോധിച്ചുകൊണ്ട് നടന്ന സോളാർ അഴിമതി അനിശ്ചിതകാല സമരം ഒരു ദിവസത്തിന് ശേഷം തകർന്ന് പോകുവാൻ കാരണം അതായിരുന്നു. ഒരു ചരിത്രാനുഭങ്ങളുടെയും അടിസ്ഥാനത്തിൽ അല്ല സോളാർ സമരം രൂപപ്പെട്ടത്. അത് കേരളത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു. അണികൾക്ക് വ്യക്തിപരമായി അതിനകത്ത് പ്രത്യേകിച്ചൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. വിശേഷിച്ചും ഇന്ത്യയിലെ ശ്രേണീകൃതമായ അസമത്വ വ്യവസ്ഥയിലെ അനുഭവങ്ങളുമായി അതിന് ബന്ധമുണ്ടായിരുന്നില്ല. ഒരു ദിവസം കൊണ്ട് അണികൾ സമരം മടുത്തു വന്നിടങ്ങളിലേക്ക് തിരികെ പോയി.

കേരളത്തിലെ മുഖ്യധാരാ പാർട്ടികൾ നടത്തുന്ന സമരപരിപാടികളുടെ മാതൃകകളിൽ ഉണ്ടായ ഗൗരവമായ ഒരു ഷിഫ്റ്റ് ആയിരുന്നു ആസമരം. പിന്നീട് ഇടതുപക്ഷം നടത്തിയ പരിപാടികൾ എല്ലാം കേവലം മിനുട്ടുകൾ മാത്രം നിലനിന്നവ ആയിരുന്നു. നോട്ട് നിരോധന മനുഷ്യ ചങ്ങല, വനിതാ മതിൽ, ഭരണ ഘടന സംരക്ഷണ റാലി ഇവയെല്ലാം വ്യവസ്ഥാപിതമായ സാമൂഹിക മുന്നേറ്റങ്ങളുടെ മാതൃകയ്ക്ക് പുറത്തു നില്കുന്നവയാണ്.

നോട്ട് നിരോധന മനുഷ്യച്ചങ്ങല ഒഴികെയുള്ളവയുടെ പൊതു സ്വഭാവം (ഭരണ ഘടന സംരക്ഷണ റാലിയിലും വനിതാ മതിലിലും) പങ്കെടുത്ത അണികൾക്ക് എല്ലാവർക്കും ഒരുപോലെ അതാത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ്. വനിതാ മതിൽ ഈ മാതൃകയുടെ കൃത്യമായ സൂചനയായിരുന്നു. ഇടതുപക്ഷത്തിന് പുറത്ത് കീഴാളർ സംഘടനാപരമായി ഐക്യപ്പെടുകയും വനിതാമതിലിൽ ഐക്യപ്പെടുകയും ചെയ്തു. സവർണ വിഭാഗങ്ങൾ നേരെ എതിർവശത്ത് നാമജപ സമരത്തോടൊപ്പവും നിന്നു. പാർട്ടിക്കകത്ത് പോലും സവർണർക്ക് ശബരിമലയിൽ സ്ത്രീകൾ കയറേണ്ടതുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി നിലപാടുണ്ടായിരുന്നില്ല.

കീഴാളർക്ക് ബ്രാഹ്മിണിക്കൽ പാട്രിയാർക്കിയെ സംബന്ധിച്ച ആക്രമണം നേരിട്ട അനുഭവപരമായ അറിവുകൾ ഉണ്ടായിരിക്കുകയും സവർണ കൂട്ടായ്മകൾക്ക് ബ്രാഹ്മിണിക്കൽ പാട്രിയാർക്കിയുടെ സവിശേഷാധികാരങ്ങളുടെ മറ്റൊരു തരം അനുഭവങ്ങളും അറിവുകളും ഉണ്ടായിരിക്കുകയും ചെയ്തു. അതാണ് ഈ പ്രശ്നത്തിൽ നിലപാടുകളിൽ വ്യത്യസ്തതകൾ ഉണ്ടാകാൻ കാരണമായത്.

‘Save Sabarimala’ protest sees good turnout
‘Save Sabarimala’ protest

2018ൽ ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട നാമജപ സമരങ്ങളിൽ അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനെ ഒരു വയോധിക ജാതീയമായി അധിക്ഷേപിച്ച സംഭവമുണ്ടായിരുന്നു. ജന്മഭൂമി എന്ന ഒരു പ്രമുഖ പത്രവും അദ്ദേഹത്തെ ജാതീയമായി ഇകഴ്ത്തുന്ന ഒരു കാർട്ടൂൺ പ്രസിദ്ധീകരികയുണ്ടായി. രണ്ട് പതിറ്റാണ്ടോടടുത്ത് സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടനയെ നയിച്ച പിണറായി വിജയൻ എന്ന അക്കാലത്തെ മുഖ്യമന്ത്രിയെ ജാതീയമായി അപമാനിച്ചിട്ടും ഒരു പ്രതിഷേധം പോലും സംഘടന ആ വിഷയത്തിൽ നടത്താതിരുന്നു.

അതിന് കാരണം ഇന്ത്യൻ ജാതി വ്യവസ്ഥയുടെ സവിശേഷ അധികാരങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ മാത്രം ആ സംഘടനയുടെ നേതൃത്വ കൂട്ടങ്ങളിൽ കോഡ് ചെയ്യപ്പെട്ടതുകൊണ്ടായിരുന്നു. പാർട്ടി നേതൃത്വങ്ങളുടെ കൂട്ടങ്ങളിൽ ജാതീയ അധിക്ഷേപം നടത്താൻ കഴിയുന്ന വിഭാഗങ്ങളിൽ നിന്നുള്ളരുടെ അനുഭവപരമായ അറിവുകളാണ് മുഖ്യമായും ഉണ്ടായിരുന്നത്. ഈ രണ്ട് സംഭവങ്ങളിലും ശ്രേണീകൃതമായ അസമത്വ വ്യവസ്ഥയിലെ വിവിധ വിഭാഗങ്ങളുടെ അനുഭവങ്ങൾ വ്യക്തമാണ്.

2013 കാലഘട്ടത്തിൽ സംഭവിച്ച Gadgil Committee Report വിരുദ്ധ സമരം ഈ രീതിശാസ്ത്രം അനുസരിച്ച് അധികാരവികേന്ദ്രീകരണത്തിനെതിരായ സമരം ആയിരുന്നു. അതിന്റെ ലക്‌ഷ്യം ആദിവാസി വനാവകാശ നിയമത്തിന്റെ നടപ്പാക്കൽ തടയുക എന്നതായിരുന്നു. അത് കുടിയേറ്റ കർഷകരും സഭയും മുഖ്യധാരാരാഷ്ട്രീയ പാർട്ടികളും ചേർന്ന് ആദിവാസികൾക്കെതിരെ നടത്തിയ മറ്റൊരു സാമൂഹിക മുന്നേറ്റം ആയിരുന്നു. പശ്ചിമഘട്ട മേഖലകളിലെ ശ്രേണീകൃതമായ അസമത്വ വ്യവസ്ഥയിൽ കുടിയേറ്റക്കാർ റിസോഴ്സുകളിൽ അധികവും കൈവശപ്പെടുത്തിയിരിക്കുന്നവർ ആണ്. അവരുടെ കൂട്ടങ്ങളിൽ അത്തരത്തിലുള്ള സവിശേഷ അധികാരങ്ങൾ അനുഭവപ്പെട്ട് ജീവിച്ച് ശീലിച്ചതിന്റെ അറിവുകളാണ് മുഖ്യമായും ഉള്ളത്. അത് സ്വാഭാവികമായും അവരുടെ കൂട്ടങ്ങളിൽ ആദിവാസികളുടെ സ്വയം ഭരണത്തിന് എതിരായ ഒന്നായി മാറി.

DYFI 2015ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ആയിരുന്ന അബ്ദു റബ്ബിനെതിരെ നടത്തിയ നിലവിളക്ക് കൊളുത്തൽ സമരം സവർണ അറിവുകൾ ആ സംഘടനയുടെ കൂട്ടങ്ങളിൽ ശക്തമാകുന്നതിന്റെ പ്രകടമായ ലക്ഷണമായിരുന്നു. വായന ദിനവുമായി ബന്ധപ്പെട്ട പൊതു പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ അദ്ദേഹം വിസസമ്മതിച്ചതിന് എതിരെ ആയിരുന്നു ആ സമരം. DYFI എന്നല്ല മിക്കവാറും സംഘങ്ങളിലെല്ലാം ഇത്തരം മാതൃകകൾ കാണാനാകും.

എന്തുകൊണ്ടാണ് നാമജപ സമരങ്ങളോടൊപ്പം കോൺഗ്രസ് എന്ന സംഘടനക്ക് നിലനിൽക്കേണ്ടി വരുന്നത്? എന്തുകൊണ്ടാണ് കോൺഗ്രസിന് ഭൂപരിഷ്കരണത്തിനെതിരെയും എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമങ്ങൾ സർക്കാർ നടത്തുന്നതിനെതിരെ വിമോചന സമരം ചെയ്യേണ്ടിവന്നത്? അങ്ങനെ അനേകം സമാന മാതൃകകൾ ലേഖകന് ചരിത്രത്തിന്റെ പലഘട്ടത്തിൽ കണ്ടെത്താൻ കഴിയും. അതിന് കാരണം ഈ കൂട്ടങ്ങളിൽ രൂപപ്പെടുന്ന അനുഭവപരമായ അറിവുകൾ അത്തരത്തിലുള്ളതായതുകൊണ്ടാണ്. സവിശേഷാധികാരങ്ങളുടെ സാമൂഹിക അനുഭവങ്ങളിലൂടെയാണ് ഇത്തരം കൂട്ടങ്ങളിൽ സമാനമായ ജ്ഞാനം രൂപപ്പെടുന്നത്. ഇന്ത്യൻ സാമൂഹിക ഘടനയെ ദളിതർക്ക് അനുഭവപരമായി മനസ്സിലാക്കാൻ കഴിയുമെന്നും സവർണ്ണർക്ക് അതിന് കഴില്ലെന്നും ഗോപാൽ ഗുരുവും സുന്ദർ സറുക്കയും ചേർന്നെഴുതിയ Cracked Mirror എന്ന ഗ്രന്ഥത്തിൽ വ്യക്തമാകുന്നു.

ഇന്ത്യൻ സാമൂഹ്യ ഘടനക്കകത്തെ റിസോഴ്സുകൾക്ക് വേണ്ടിയുള്ള സ്വതന്ത്രമായ മത്സരത്തെ അസന്തുലിതപ്പെടുത്തുന്ന തരത്തിലുള്ള അറിവുകളാണ് ഈ സമരങ്ങൾ മുന്നോട്ട് വക്കുന്നത്. ഭൗതികമായും (സമ്പത്ത്, ഭൂമി) അല്ലാതെയുമുള്ള (അധികാരം, സാംസ്‌കാരിക മൂലധനം) വിഭവങ്ങൾക്ക് വേണ്ടിയുള്ള സ്വതന്ത്ര മത്സരങ്ങളെ തടസപ്പെടുത്താനായിരുന്നു ഇവയെല്ലാം നടപ്പാക്കിയത്. അതിനെക്കുറിച്ചുള്ള കീഴാളർ ഉല്പാദിപ്പിച്ച അറിവുകളെക്കൂടി പൊതു സമൂഹത്തിൽ നിന്നും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു ഈ സമരങ്ങളെല്ലാം.

ഉപസംഹാരം

ന്ത്യൻ സാമൂഹ്യഘടനയ്ക്കകത്തെ റിസോഴ്സുകൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ശ്രേണീകൃതമായ അസന്തുലിതാവസ്ഥയിലാണ്. അതുകൊണ്ട് ഇന്ത്യക്കകത്ത് രൂപപ്പെടുന്ന മുഴുവൻ കൂട്ടായ്മകളിലും ഈ ശ്രേണീകൃതമായ അസമത്വത്തെ തകർക്കുവാനും നിലനിർത്താനും ശ്രമിക്കുന്ന തരത്തിലുള്ള അറിവുകൾ രൂപപ്പെടും. കൂട്ടങ്ങളിലായാലും സമരങ്ങളായാലും ഈ രണ്ടു ധ്രുവങ്ങളിലേക്കുമുള്ള സഞ്ചാരത്തിനായുള്ള അറിവുകളാണ് അത് ഉല്പാദിപ്പിക്കുന്നത്. അതിൽ കൂട്ടങ്ങളിൽ അറിവുകൾ രൂപപ്പെടുന്നത് അതിനകത്തെ ആളുകൾക്ക് സവിശേഷ അധികാരങ്ങളുമായി ബന്ധപ്പെട്ട അറിവുകളും വിവേചനവുമായി ബന്ധപ്പെട്ട അറിവുകളും എത്രമാത്രം കോഡ് ചെയ്യപ്പെടുന്നു എന്നതിനെ അനുസരിച്ചാണ്.

ഇന്ത്യക്കകത്ത് ഒരു കൂട്ടായ്മയുടെ ബോധം എപ്പോഴും അതിനകത്തെ ആളുകളുടെ പ്രതിനിധ്യത്തിനനുസരിച്ചും അവർക്ക് ലഭ്യമാകുന്ന സവിശേഷാധികാരങ്ങൾക്കനുസരിച്ചും അത് ആക്രമണോല്സുകവും ജനാധിപത്യപരവുമാകാം. എല്ലാ കൂട്ടങ്ങളിലും അറിവുകൾ രൂപപ്പെടുന്നത് ശ്രേണീകൃതമായ ക്രമത്തിലായിരിക്കും. അറിവുകൾ രൂപപ്പെടുന്നതിലേക്ക് ശ്രേണിയുടെ മുകൾ തട്ടിൽ സവിശേഷ അധികാരങ്ങളുള്ളവരുടെ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ഒരു കൂട്ടത്തിൽ അവർ ന്യൂനപക്ഷം ആണെങ്കിൽപ്പോലും ശ്രേണിയുടെ മുകൾത്തട്ടിലുള്ളവരുടെ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുകയും അറിവ് ഉല്പാദിപ്പിക്കുന്നതിൽ അതിന്റെ സാന്നിധ്യം വർദ്ധിക്കുകയും ചെയ്യും. കൂട്ടത്തിൽ ശ്രേണിക്ക് മുകൾത്തട്ടിൽ ഉള്ളവർ പ്രാതിനിധ്യത്തിൽ കൂടുന്തോറും കൂട്ടത്തിന്റെ അറിവ് പൂർണമായും സവിശേഷ അധികാരമുള്ളവരുടെ അനുഭവങ്ങളിൽ നിന്നും രൂപപ്പെടുന്നവയായി മാറുകയും അത് കൂടുതൽ ആക്രമണോല്സുകം ആയിത്തീരുകയും ചെയ്യും. ചരിത്രത്തെക്കുറിച്ച് കൂട്ടത്തിന്റെ അജ്ഞത വർദ്ധിക്കുകയും ചെയ്യും.

അരവിന്ദ് ഇന്റിജനസ്:  ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി
അഞ്ജു സി മോഹൻ: ഗവേഷക, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

അവലംബം

● Ritzer, G. (2008) Modern Sociological Theory. Fourth Edition, McGraw-Hill, New York, New York

● Judge P. S. (2012). Foundations of classical sociological theory : functionalism conflict and action. Pearson. Retrieved February 27 2023 from

● Zeitlin I. M. (1997). Ideology and the development of sociological theory (6th ed.). Prentice Hall.

● So, Alvin Y. (1990). Social change and development: modernization, dependency, and world-system theories. Newbury Park, Calif : Sage                 Publications

● Frank, A. G. (1978). Development of Underdevelopment or Underdevelopment of Development in China. Modern China, 4(3), 341–350.

● Wallerstein, I. (1974). The modern world-system: Capitalist agriculture and the origins of the European world-economy in the sixteenth century.      New York: Academic.

● Escobar, A. (1992). Imagining a Post-Development Era? Critical Thought, Development and Social Movements. Social Text, 31/32, 20–56.

● Steckle, Matthew, (2018) “Situating Feminist Standpoint Theory: Toward a Critical Ontology of Knowledge”. Electronic Theses and                             Dissertations. 7572.

● K. Merton, Robert , 1949, The Sociological Theories of Middle Range

● Guru, G., & Sarukkai, S. (2015). The cracked mirror: An Indian debate on experience and theory. New Delhi: Oxford University Press.
Giddens, A., & Sutton, P. W. (2017). Sociology (8th ed.). Polity Press.

● McCarthy, J. D., & Zald, M. N. (1977). Resource Mobilization and Social Movements: A Partial Theory. American Journal of Sociology, 82(6), 1212–1241.

DYFI Protesters Show Rabb Lighted Lamps

● അരവിന്ദ് ഇന്‍ഡിജിനിയസ്, 2019, ആഗസ്ത് 6, സാമൂഹ്യമുന്നേറ്റങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ അധ്വാനത്തിന്റെ വിയര്‍പ്പു പറ്റുന്നവരും – 1, ദി ക്രിട്ടിക്

● അരവിന്ദ് ഇന്‍ഡിജിനിയസ്, 2019 ജനുവരി 1, പിണറായി വിജയനെതിരായ ജാതിയധിക്ഷേപത്തോട് സിപിഐഎം പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്, കീബോർഡ് ജേർണൽ.

FAQs

ആരാണ് കാൾ മാർക്സ്?

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ്. തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

എന്താണ് കാപിറ്റലിസം?

ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്.

ആരാണ് ബൂർഷ്വാസി?

സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ടതന്ത്രത്തിലും ഒരു പ്രത്യേക സമൂഹ്യ – സാമ്പത്തിക വിഭാഗമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ആളുകളെയാണ് ബൂർഷ്വാസി എന്നു പറയുന്നത്. മുതലാളിത്തസമൂഹങ്ങളിലെ അധികാരം കൈയ്യാളുന്ന വിഭാഗത്തെയാണ് ഇക്കാലത്ത് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. പാശ്ചാത്യ നാടുകളിൽ ഒരു സാമൂഹ്യ വർഗ്ഗമായിട്ടാണ് ബൂർഷ്വാസിയെ കണക്കാക്കുന്നത്.

എന്താണ് മാർക്സിസം?

കാൾ മാക്സിന്റെയും ഏംഗൽസിന്റെയും രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയും സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്.

എന്താണ് സോഷ്യലിസം?

ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർ‌ശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

Quotes

‘ഭരിച്ചത് കൊണ്ടായില്ല.ഭരണം ഉണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമ്പഴേ ഏതൊരു ഗവൺമെന്റും അർത്ഥവത്താവുന്നുള്ളൂ’ – കാൾ മാർക്സ്