Wed. Jan 22nd, 2025

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി കുടുംബങ്ങൾക്കായി പുതുക്കുടിക്കുന്നിൽ പുതിയ വീടുകൾ നൽകി സംസ്ഥാന സർക്കാർ. 1.44 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളുള്ള ഓരോ വീടിനും  ആറ് ലക്ഷം വീതമായിരുന്നു അനുവദിച്ചിരുന്നത്.  ഈ വീടുകളിലേക്കുള്ള റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണെന്നും, അവ പൂർത്തിയായാൽ വീടുകൾ കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

2018ലെ പ്രളയത്തെ തുടർന്ന്‌ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിന്‍റെ ഉറപ്പു പാലിക്കപ്പെടുകയാണെന്നും മന്ത്രി വിശദമാക്കി.