Fri. Apr 26th, 2024

സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് എം.വി ജയരാജൻ. ഒരേ ആളുകൾ തന്നെയാണ് എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത്. കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരമെന്നും അദ്ദേഹം പറഞ്ഞു. 

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടത്തുന്ന ബഹുജന റാലിയിൽ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘ആർ ഹരിദാസിന്റെ കൊലപാതകമടക്കം കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന രാഷ്ടീയമാണ് ആർഎസ്എസ് വളർത്തുന്നത്. ഇതിനെ ചെറുക്കാനായി ന്യൂനപക്ഷങ്ങളെ വർഗീയമായും തീവ്രവാദപരമായും സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ഇരു വർഗീയ തീവ്രവാദ സംഘടനകളും പരസ്പരം വളർത്താനാണ് പരിശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ രണ്ട് വർഗീയ ശക്തികൾക്കെതിരായി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ജനങ്ങളെ അണിനിരത്തുന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ, വർഗീയ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’എം.വി ജയരാജൻ വിശദമാക്കി.