ചൈന:
കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വലയുകയാണ് ഷാങ്ഹായിലെ ജനങ്ങള്‍. വാണിജ്യ ഹബായ നഗരത്തിലെ ആളുകൾ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായാണ് റിപ്പോര്‍ട്ട്. പലരും പട്ടിണിയുടെ വക്കിലാണ്.
ഭക്ഷണത്തിന്‍റെയും മരുന്നിന്‍റെയും അഭാവത്തിൽ ഷാങ്ഹായിലെ ജനങ്ങൾ പരാതിപ്പെടുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടരക്കോടിയോളം ജനങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വീടുകളിലും ഫ്ലാറ്റുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്ഡൗണിന്‍റെ ഭാഗമായി ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ജനാലക്കരികിലും ബാല്‍ക്കണിയിലും നിന്നും നിലവിളിച്ചും പാട്ടു പാടിയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയുമാണ് ജനങ്ങള്‍ തങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഷാങ്ഹായ് നിവാസികൾ അവരുടെ നിരാശകൾ പ്രകടിപ്പിക്കുമ്പോള്‍ നിങ്ങളുടെ ആത്മാവിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം നിയന്ത്രിക്കുക. പാട്ടുപാടാന്‍ നിങ്ങളുടെ ജനാലകള്‍ തുറക്കരുത്.
ഈ സ്വഭാവം മഹാമാരിയുടെ വ്യാപനത്തിന് ഇടയാക്കും എന്നതായിരുന്നു ആ നിലവിളികളോടുള്ള സര്‍ക്കാരിന്‍റെ പ്രതികരണം. ഷാങ്ഹായുടെ ചില ഭാഗങ്ങളില്‍, സംഘർഷാവസ്ഥ നിയന്ത്രണാതീതമാവുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഒരു സൂപ്പർമാർക്കറ്റ് കൊള്ളയടിക്കുന്നതിന് മുമ്പ് ഒരു വലിയ സംഘം ആളുകൾ മുദ്രാവാക്യം വിളിക്കുന്നതും ഹസ്മത്ത് സ്യൂട്ടുകൾ ധരിച്ച ഉദ്യോഗസ്ഥരെ വളയുന്നതും വീഡിയോയില്‍ കാണാം.
ഏപ്രില്‍ 1 മുതലാണ് ഷാങ്ഹായ് നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി സർക്കാർ മറ്റ് പ്രവിശ്യകളിൽ നിന്ന് 2,000 സൈനിക മെഡിക്കല്‍ സംഘത്തെയും 10,000 മെഡിക്കൽ വർക്കർമാരെയും അയച്ചിട്ടുണ്ട്. ലോക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയവയാണ് ഇവ.