Fri. Apr 26th, 2024
പൊന്നാനി:

ഭാരതപ്പുഴയിൽ നിർമിച്ച താൽക്കാലിക ബണ്ടിന് ഉപ്പുവെള്ളം കയറുന്നത് തടയാനായില്ല. പൊന്നാനിയിൽ ആഴ്ചകളോളമായി കിട്ടുന്നത് ഉപ്പുവെള്ളം മാത്രം. ഉപ്പു കലർന്ന് പതഞ്ഞ വെള്ളമാണ് ജലഅതോറിറ്റി പൈപ്പുകളിലൂടെ വീടുകളിൽ ലഭിക്കുന്നത്.

ഗുരുതരമായ ആരോഗ്യ ഭീഷണിയിലേക്ക് നീങ്ങുകയാണ് തീരദേശം.  15 ലക്ഷം രൂപ ചെലവഴിച്ചാണ് പുഴയിൽ ബണ്ട് നിർമിക്കുന്നത്. ബണ്ടിന് ഇനി അവസാനവട്ട പണികൾ മാത്രമാണ് ബാക്കിയുള്ളത്.

പുഴയ്ക്കു കുറുകെ മണൽ ചാക്കുകൾ നിരത്തുകയും പ്രധാന പണികളെല്ലാം പൂർത്തിയാക്കുകയും ചെയ്തു.
ഇനി മുകളിൽ ചില ഭാഗങ്ങളിൽ ലവൽ ചെയ്യാൻ മാത്രമാണുള്ളത്. ബണ്ടിനായി ഇത്രയും തുക ചെലവഴിച്ചിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

ചമ്രവട്ടം റഗുലേറ്ററിൽ ചോർച്ചയടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ തുടങ്ങിയതോടെയാണ് ഉപ്പുവെള്ളം പമ്പ് ഹൗസിലെ ശുദ്ധജല കിണറുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയത്. നിർമാണം തുടങ്ങുന്നതിന് മുൻപ് വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമുണ്ടായില്ല. ശുദ്ധജല വിതരണത്തെ നിർമാണം ബാധിക്കുമെന്ന് മുന്നിൽ കണ്ട് മുൻകരുതലെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകാതിരുന്നത് വൻ വീഴ്ചയാണെന്നും തീരദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും ശുദ്ധജലം മുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

റഗുലേറ്ററിലെ ഷീറ്റ് പൈൽ പുനർനിർമാണമാണ് നടന്നു വരുന്നത്. ഇതിനായി റഗുലേറ്ററിനോടു ചേർന്നുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ എടുത്തു മാറ്റിയിരുന്നു. കടൽ ജലം കയറുന്നത് തടയുന്നതിനുള്ള പ്രധാന പ്രതിരോധ മാർഗങ്ങളെല്ലാം പുനർനിർമാണത്തിനായി നീക്കം ചെയ്തതോടെ ഉപ്പുവെള്ളം കാര്യമായി ഇരച്ചു കയറാൻ തുടങ്ങി.

നരിപ്പറമ്പ് പമ്പ് ഹൗസിൽ 74.4 കോടി രൂപ ചെലവഴിച്ച് വൻ ശുദ്ധീകരണ ശാല നിർമിച്ചിട്ടുണ്ടെങ്കിലും ഉപ്പുവെള്ളം കയറിയാൽ ശുദ്ധീകരിക്കാനുള്ള മാർഗമൊന്നും പ്ലാന്റിലില്ല. ദിവസവും 50 ദശലക്ഷം ലീറ്റർ പുഴവെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് പമ്പ് ഹൗസിൽ സ്ഥാപിച്ചിരിക്കുന്നത്.