Wed. Jan 22nd, 2025

ആദ്യ ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. 220 റണ്‍സിനായിരുന്നു ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ തോല്‍വി. സ്ലഡ്ജിങ് പരിധി വിട്ടതിനെ തുടര്‍ന്ന് അമ്പയറോട് പരാതിപ്പെട്ടപ്പോള്‍ നടപടിയൊന്നും എടുത്തില്ലെന്നും ബംഗ്ലാദേശ് ആരോപിക്കുന്നു.

മോശം അമ്പയറിങിനെതിരെയും ബംഗ്ലാദേശ് ക്രിക്കറ്റ് പരാതിപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ നാലാം ദിനം ഏഴ് തിരുത്തലുകളാണ് റിവ്യൂവിലൂടെ ഉണ്ടായതെന്നും അമ്പയറിങ് നിഷ്പക്ഷമായിരിക്കണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജലാല്‍ യൂനുസ് പറഞ്ഞു. ‘ഏകദിന പരമ്പരയ്ക്ക് ശേഷം അമ്പയറിങിനെക്കുറിച്ച് ഞങ്ങൾ ഇതിനകം ഒരു പരാതി നൽകിയിട്ടുണ്ട്.

മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ഞങ്ങളുടെ മാനേജർ നഫീസ് ഇഖ്ബാലുമായി വഴക്കുണ്ടാക്കി, ഇതില്‍ രേഖാമൂലം പരാതി നൽകിയിട്ടണ്ട്. ഈ ടെസ്റ്റ് മത്സരത്തെക്കുറിച്ചും ഞങ്ങൾ മറ്റൊരു ഔദ്യോഗിക പരാതി നൽകും’- ജലാല്‍ യൂനുസ് പറഞ്ഞു.

‘മഹമ്മദുൽ ഹസൻ ജോയ് ബാറ്റ് ചെയ്യാൻ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിര അവനെ വളഞ്ഞു. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജൂനിയർ താരമായതിനാൽ അവന് തിരിച്ച് ഒന്നും പറയാൻ കഴിഞ്ഞില്ല. അപലപനീയമാണ് ഇക്കാര്യങ്ങള്‍.

എന്നാല്‍ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് പകരം അമ്പയർമാർ ഞങ്ങളുടെ കളിക്കാർക്കാണ് മുന്നറിയിപ്പ് നൽകിയത്. രണ്ട് കൂട്ടരും സ്ലെഡ്ജിങ് നടത്തിയെന്നത് ശരിയാണ്, എന്നാല്‍ അവരുടേത് പരിധി വിട്ടു’- ജലാല്‍ യൂനുസ് കൂട്ടിച്ചേര്‍ത്തു. 220 റൺസിന്റെ വമ്പൻ ജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ മടക്കി 273 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 53 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് ബംഗ്ലാദേശിന് കറക്കിവീഴ്ത്തിയത്. മൂന്ന് വിക്കറ്റെടുത്ത സിമോൻ ഹാർമർ പിന്തുണ കൊടുത്തു.

രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയ്ക്കായി എറിഞ്ഞത് രണ്ട് ബൗളർ മാത്രം. അതും 19 ഓവർ അതിനുള്ളിൽ എല്ലാ ബംഗ്ലാദേശ് ബാറ്റർമാരും പവലിയനിലെത്തുകയായിരുന്നു. രണ്ട് ബാറ്റർക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. അഞ്ച് പേർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. 26 റൺസ് നേടിയ നജ്മുൽ ഹുസൈൻ സാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.