Sat. Jan 18th, 2025
ചെന്നൈ:

ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.

ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീർഘമായ കുറിപ്പിട്ടുണ്ട്.

ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.