Mon. Dec 23rd, 2024
കൊട്ടാരക്കര:

കാടത്തം നിറഞ്ഞവർ‍ നശിപ്പിക്കാൻ ശ്രമിച്ച മാവിനെയും സ്ഥലത്തെയും സംരക്ഷിക്കാൻ നടപടികളുമായി സർക്കാർ വകുപ്പുകളും സമൂഹവും. ദേശീയപാത പുറമ്പോക്കിൽ കൊട്ടാരക്കര ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ തണൽ മരമായി നിന്ന കുഞ്ഞുമാവിനെ ഇലക്ട്രിക് വാ‍ൾ കൊണ്ട് മുറിച്ച് വീഴ്ത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി. സർവേ നടത്തി അതിർത്തി തിരിച്ച് സംരക്ഷണ ഭിത്തി കെട്ടാനാണ് റവന്യു വകുപ്പ് തീരുമാനം.

പുറമ്പോക്കിൽ മൂന്ന് തണൽ മരങ്ങൾ കൂടി നടാനും മാവിന് സംരക്ഷണം ഏർപ്പെടുത്താനും കൊട്ടാരക്കര നഗരസഭയും തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ കെട്ടിടത്തിന് മുന്നിൽ പൊതുസ്ഥലത്ത് നിന്ന മാവ് നശിപ്പിക്കാൻ ശ്രമം നടന്നത്. മാവിന്റെ ചുവട് തടിഭാഗം വശങ്ങളിൽ ആഴത്തിൽ മുറിച്ചതിന് പുറമേ പല തവണ ചുവട്ടിൽ തീ കത്തിച്ചതായും കണ്ടെത്തി.

ഏതാനും മാസം മുൻപ് മാവിന്റെ ചില്ലകൾ മുറിച്ച് നീക്കിയെങ്കിലും പിന്നീട് കിളിർത്തു. അപകടാവസ്ഥയിലാണ് മാവ് ഇപ്പോൾ. പല തവണ വെട്ടിനശിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിജീവിച്ചു.

മാവിന് ചുറ്റും ഭിത്തി‍‍ കെട്ടുമെന്ന് കൊട്ടാരക്കര നഗരസഭ ചെയർപഴ്സൻ എ ഷാജു പറഞ്ഞു. പരിസരത്തെ പുറമ്പോക്കിൽ ഇന്ന് തന്നെ മൂന്ന് തണൽ മരങ്ങൾ കൂടി നടും. സർവേ നടത്തി പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് സംരക്ഷണഭിത്തി കെട്ടുമെന്നും ദേശീയപാത വിഭാഗവുമായി ഇന്ന് തന്നെ ചർ‌ച്ച നടത്തി തീരുമാനം നടപ്പാക്കുമെന്നും കൊട്ടാരക്കര തഹസിൽദാർ പി ശുഭൻ അറിയിച്ചു.

മാവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ പരാതി നൽകാൻ പൊതുപണിമുടക്ക് കാരണം ഇന്നലെ കഴിഞ്ഞില്ല. ഇന്നു രാവിലെ പരാതി നൽകുമെന്നും തഹസിൽദാർ അറിയിച്ചു. മാവിന് സംരക്ഷണം നൽകാൻ പരിസ്ഥിതി സംഘടനകളും സ്കൂൾ വിദ്യാർത്ഥികളും രംഗത്തുണ്ട്.

കവി കുരീപ്പുഴ ശ്രീകുമാർ മാവിൻതൈ നട്ട് സംരക്ഷണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇതിനിടെ മാവ് മുറിച്ചവരെ രക്ഷിക്കാൻ ചില ഇടപെടലുകളും ആരംഭിച്ചതായും വിവരം ഉണ്ട്. മാവ് മുറിച്ചവരെക്കുറിച്ച് ചിലർ മൊഴി നൽകിയതിന് പിന്നാലെയാണ് ഇടപെടലെന്നാണ് വിവരം.