Fri. May 3rd, 2024
ബെംഗളൂരു:

ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.

ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.

ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി.