Wed. Nov 6th, 2024
തിരുവനന്തപുരം:

പ്രകൃതി സംരക്ഷണത്തിനും കാർബൺ ന്യൂട്രൽ കേരളത്തിനുമായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ജാഗ്രതയും പദ്ധതികളും അടുത്തറിയാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ ഔദ്യോഗിക വസതിയിൽ എത്തിയാൽ മതി. എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും മിയാവാക്കി ‘ജനവനം’ പച്ചത്തുരുത്തുകൾ നിർമിക്കാനുള്ള തീരുമാനം സ്വന്തം ഔദ്യോഗിക വസതിയായ ‘നെസ്‌റ്റി’ലെ മൂന്നര സെന്റിൽ പരീക്ഷിച്ചിരിക്കുകയാണ് മന്ത്രി. വിവിധ ഇനങ്ങളിലെ 300 ഫലവൃക്ഷം ഉൾപ്പെടെ വിവിധ ഇനം തൈകൾ വച്ചുപിടിപ്പിച്ചു.

മൂന്നു മാസത്തിനകം ഇത്‌ സ്വാഭാവിക വനമായി മാറുന്നതും പ്രകൃതിയുടെ രക്ഷയ്‌ക്ക്‌ വനവൽക്കരണം ഏറെ സഹായകരമാകുന്നതും മന്ത്രിക്ക്‌ ബോധ്യമായി. പ്രകൃതിയുടെ കരുതലിന്റെ അതിവേഗ വളർച്ചയിൽ ആകൃഷ്ടനായ മന്ത്രി സമീപം ജൈവ പച്ചക്കറിക്കൃഷിയും ആരംഭിച്ചു. പച്ചപ്പയർ തോട്ടം പന്തലിച്ചു. “രണ്ടു പയർ മതി ഒരു നേരത്തെ തോരന്‌’– മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും  മിയാവാക്കി വനവൽക്കരണം വനംവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25–-ാം വാർഷികാഘോഷ ഭാഗമായാണ് ‘ജനവനം’ പച്ചത്തുരുത്തുകൾ നിർമിക്കുക.