Fri. Apr 26th, 2024
ഇലഞ്ഞിമേൽ:

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്യുന്നതിന്റെ  വരുമാനം തൊഴിലുറപ്പു തൊഴിലാളികൾക്ക്. പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 അംഗം രാജേഷ് കല്ലുപറമ്പത്താണ് ജൈവ പച്ചക്കറി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. വർഷങ്ങളായി തരിശു കിടക്കുന്ന സ്ഥലങ്ങളിൽ ,വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചാണ് പച്ചക്കറി കൃഷി ചെയ്യിക്കുന്നത് .

ഇതിനുള്ള മുതൽ മുടക്ക് ഏറിയ പങ്കും രാജേഷിന്റേതാണ്. തൊഴിലുറപ്പു തൊഴിലാളികളും കഴിവിനനുസരിച്ചുള്ള വിഹിതം നൽകിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്. വെളളരി, മത്തൻ, ചീര, പാവൽ, പടവലം, തണ്ണിമത്തൻ, തക്കാളി, കാബേജ്, കോളിഫ്ലവർ , പച്ചമുളക് തുടങ്ങിയവയാണ്  വിവിധയിടങ്ങളിലായി കൃഷി ചെയ്തത്.

ആദ്യഘട്ടമെന്ന നിലയിൽ 5 ഏക്കറിലാണ് കൃഷി ആരംഭിച്ചത്. പല വീടുകളിൽ നിന്നും ചാണകവളം സംഭരിച്ച് ഉണക്കിപ്പൊടിച്ചാണ് കൃഷിക്കുപയോഗിക്കുന്നത്. പിഐപി കനാൽ വെള്ളമെത്തിയതോടെ കൃഷിയിടത്തിനു സമീപത്തുള്ള കിണറുകൾ നിറഞ്ഞത് ഏറെ അനുഗ്രഹമായി. 

കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് 8 വർക്കിങ് ഗ്രൂപ്പുകളായി 20 ഏക്കർ ഭൂമിയെങ്കിലും വരും വർഷങ്ങളിൽ ഏറ്റെടുത്തു കൃഷി ചെയ്യാൻ പദ്ധതിയുണ്ടെന്ന് രാജേഷ് പറഞ്ഞു. ഇലഞ്ഞിമേൽ കിഴക്കുള്ള സ്ഥലത്തെ ആദ്യദിന വിളവെടുപ്പിൽ 10,000 രൂപയുടെ ചീരയാണ് വിറ്റത്. ഈ തുക അതതു കൃഷിയിടങ്ങളിലെ തൊഴിലുറപ്പു തൊഴിലാളികൾ വീതിച്ചെടുത്തു.