കൊളംബോ:
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുദ്ദേശിച്ച് ഇന്ത്യയും ശ്രീലങ്കയും ആറു കരാറുകൾ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെയും ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി എൽ പെയ്റിസിന്റെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച കരാറിലെത്തിയത്.
കരാർപ്രകാരം, ശ്രീലങ്ക ആവിഷ്കരിക്കുന്ന യുനീക് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പാക്കുന്നതിന് ഇന്ത്യ സഹായം നൽകും. നാവിക മേഖലയിൽ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നൽകും. കൂടാതെ, ഹൈബ്രിഡ് പവർ സ്റ്റേഷനുകളും മത്സ്യബന്ധന ഹാർബറുകളും സ്ഥാപിക്കുന്നതിലും സഹകരണമുണ്ട്.
ശ്രീലങ്കയുമായി ഉഭയകക്ഷി സംഭാഷണങ്ങൾക്കും ഏഴു രാഷ്ട്ര കൂട്ടായ്മയായ ‘ബിംസ്റ്റെക്’ (വിവിധ മേഖല സാങ്കേതിക-സാമ്പത്തിക സഹകരണ കൂട്ടായ്മ) സമ്മേളനത്തിൽ പങ്കെടുക്കാനുമായി ഞായറാഴ്ചയാണ് വിദേശകാര്യമന്ത്രി കൊളംബോയിലെത്തിയത്.