Thu. Jan 23rd, 2025
കാബൂൾ:

അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരും താടി വളർത്തുകയും വസ്ത്രധാരണത്തിൽ മാന്യത പുലർത്തുകയും ചെയ്യണമെന്ന് താലിബാന്‍ നിർദേശിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അല്ലാത്തപക്ഷം ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് താലിബാൻ അറിയിച്ചതായി റോയിട്ടേഴ്സ് തങ്ങളുടെ മൂന്ന് വാർത്താ സോഴ്സുകളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ജീവനക്കാർ താടി വടിക്കരുതെന്നും, നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയോ തലപ്പാവോ അടങ്ങുന്നതുമായ പ്രാദേശിക വസ്ത്രം ധരിക്കാനുമാണ് നിർദേശം. കൃത്യസമയത്ത് പ്രാർത്ഥന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിസമ്മതിക്കുന്നവർക്ക് ഇനി മുതൽ ഓഫീസുകളിൽ പ്രവേശിക്കാൻ കഴിയില്ല. ഡ്രസ് കോഡ് പാലിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും എന്നിങ്ങനെയാണ് മുന്നറിയിപ്പെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ നിയമങ്ങൾ ജീവനക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തിങ്കളാഴ്ച സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ മന്ത്രാലയത്തിലെ പ്രതിനിധികൾ പട്രോളിങ് നടത്തും.