Sat. Nov 23rd, 2024
മുക്കം:

നോർത്ത് കാരശ്ശേരിയിൽ കെസികെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പണിമുടക്കിനെ തുടർന്ന് പെട്രോൾ കിട്ടാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥിനികൾക്ക് പൊലീസ് നിർദേശപ്രകാരം പമ്പ് തുറന്ന് ഇന്ധനം നൽകിയതാണ് തർക്കത്തിലും ഉന്തിലും തള്ളിലും കലാശിച്ചത്. പരീക്ഷക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനികൾ വണ്ടിയിൽ പെട്രോൾ തീർന്ന് ഇന്ധനത്തിനായി പമ്പിൽ ചെന്നെങ്കിലും പണിമുടക്കായതിനാൽ സ്ഥാപനം പ്രവർത്തിക്കില്ലെന്ന് നടത്തിപ്പുകാർ പറഞ്ഞു.

ഇന്ധനം ലഭിക്കാതെ പെൺകുട്ടികൾ പമ്പിനു മുന്നിൽ സങ്കടപ്പെട്ട് നിൽക്കുന്നത് മുക്കം ജനമൈത്രി പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പൊലീസ് പെട്രോൾ പമ്പ് ഉടമയുമായി സംസാരിച്ച് പമ്പ് തുറന്ന് പെട്രോൾ വാങ്ങി നൽകി. ഇതോടെ മറ്റു വാഹനങ്ങളും പെട്രോളിനായി പമ്പിലേക്ക് കയറിയതോടെ സമരക്കാർ എത്തി പമ്പ് അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് വാക്കേറ്റവും ഉടമക്കുനേരെ കൈയേറ്റശ്രമവും ഉണ്ടായത്. പിടിവലിക്കിടയിൽ പമ്പുടമ ലിനീഷിന്റെ കൈക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് സമരക്കാരെ പിരിച്ചുവിട്ടതോടെയാണ് സ്ഥിതി ശാന്തമായത്.