Mon. Nov 25th, 2024
നെടുങ്കണ്ടം :

വയൽ നികത്തലാണിപ്പോൾ കമ്പംമെട്ടിൽ കൃഷിയേക്കാൾ വലിയ കൊയ്‌ത്ത്‌. സുഭിക്ഷ കേരളത്തിൽ കർഷകന്റെ കണ്ണീരൊപ്പാൻ നെൽകൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത്‌ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ വയലുകൾ നികത്തുന്നത്‌.
ഹെക്ടർ കണക്കിന് നെൽവയലുകളാണ് ചുരുങ്ങിയ വർഷംകൊണ്ട്‌ നികത്തിയത്‌.

നെൽകൃഷി ലാഭകരമല്ലാത്തതിന്റെ പേരിൽ ഏലം, കുരുമുളക്‌ കൃഷിയും നടത്തി. ചില വ്യക്തികൾ സ്വാഭാവിക ജലസ്രോതസ്സുകളിലും തോടുകളിലും തടയണ കെട്ടി തടഞ്ഞതോടെ കൃഷിക്കാവശ്യമായ ജലവും കിട്ടാതായി. ഇതോടെ തരിശായ കണ്ടങ്ങളിൽ മണ്ണിട്ട്‌ നികത്തി കെട്ടിടനിർമാണവും തുടങ്ങി.

ചില ഉദ്യോഗസ്ഥരും ഭൂമാഫിയായുടെ പിണിയാളുകളായ ജനപ്രതിനിധികളുമാണ്‌ വയൽ നികത്തലിന് അനുകൂലമായി പ്രവർത്തിക്കുന്നത്. ഇവർ ഭൂമിരേഖകളിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരുത്തലുകൾ നടത്തിയാണ് അനധികൃതമായി നെൽവയൽ നികത്തി കെട്ടിടങ്ങൾ നിർമിക്കുന്നത്. മാറിവരുന്ന സർക്കാർ ഉത്തരവുകൾക്കനുസരിച്ച് വ്യാജരേഖകളും ഇവർ ചമയ്‌ക്കുന്നതായും ആക്ഷേപമുണ്ട്.

ഇതിനാൽ കലക്ടർ ഉൾപ്പടെയുള്ള ഉന്നത അധികാരികൾക്ക് കർഷകർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്ഥലം ഉടമകൾക്ക് നെൽവയൽ നികത്താനും കെട്ടിടം നിർമിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന്‌ അനുമതിയുണ്ടെന്നാണ് അവകാശവാദം.