Mon. Dec 23rd, 2024
ഇരിങ്ങാലക്കുട:

മതത്തിന്റെ പേരില്‍ നൃത്തം അവതരിപ്പിക്കാനാകാതെ മറ്റൊരു കലാകാരി കൂടി. ഭരതനാട്യം കലാകാരി സൗമ്യ ജോര്‍ജിനാണ് ദുരനുഭവമുണ്ടായത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നാണ് സൗമ്യക്കും അപമാനമുണ്ടായത്.

ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 21 ന് സൗമ്യയോട് ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചിരുന്നു. അതനുസരിച്ച് ഒരു മാസത്തോളമായി കൂടല്‍മാണിക്യത്തിലവതരിപ്പിക്കേണ്ട നൃത്തത്തിന്റെ പ്രത്യേക പരിശീലനത്തിലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ക്ഷേത്രം ജീവനക്കാര്‍ സൗമ്യയെ വിളിച്ച് ജാതിയും മതവും ചോദിച്ചു.

ക്രിസ്ത്യന്‍ ആണെന്ന മറുപടി ലഭിച്ചപ്പോള്‍ അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഉത്സവ നടത്തിപ്പുകാര്‍. ‘ബയോഡാറ്റ അയച്ചു തന്നിരുന്നല്ലോ. ക്ഷേത്രത്തിനകത്തേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന് എന്തുകൊണ്ട് അപ്പോള്‍ പറഞ്ഞില്ലെ’ന്ന് സൗമ്യ ചോദിച്ചിരുന്നു. ഹിന്ദുവാണെന്ന് കരുതിപ്പോയെന്നാണ് ക്ഷേത്രം ജീവനക്കാര്‍ മറുപടി നല്‍കിയത്.

‘നൃത്തം അവതരിപ്പിക്കണമെന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ അവതരിപ്പിച്ചോളൂ. പക്ഷെ നൃത്ത അവതരണത്തിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധി കലശം നടത്തണം. രണ്ടര ലക്ഷത്തിലധികമാണ് ശുദ്ധി കലശത്തിന്റെ ചിലവ്. അത് നടത്താനായില്ലെങ്കില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ കോടതിയും കേസുമൊക്കെ അഭിമുഖീകരിക്കേണ്ടി വരും’ ക്ഷേത്രം ഭാരവാഹികളുടെ മറുപടി ഇതായിരുന്നു.

‘ഒരുപാട് ക്ഷേത്രങ്ങളില്‍ ഇതിന് മുമ്പ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല. അതൊരുപക്ഷെ സൗമ്യ സുകുമാരന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചിട്ടാകും.

കൂടല്‍മാണിക്യം എന്ന ക്ഷേത്രത്തിനോടല്ല പ്രതിഷേധം. ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും എവിടെയൊക്കെയുണ്ടോ അതെല്ലാം പൊളിച്ചു മാറ്റണം. ജാതിയുടേയും മതത്തിന്റേയും പേരില്‍ ഒരു കലാകാരനേയും മാറ്റി നിര്‍ത്തരുത്’സൗമ്യ ജോര്‍ജ് പറഞ്ഞു.