Fri. Nov 22nd, 2024

ന്യൂഡൽഹി: 

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ദ്ധനയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി.

 പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പന്ത്രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു. അർധരാത്രി ആരംഭിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് മുംബൈ, ദില്ലി തുടങ്ങിയ വന്‍ നഗരങ്ങളെ ബാധിച്ചില്ല. ദില്ലിയിലും മുംബൈയിലും ഇന്നും ജനജീവിതം സാധാരണ പോലെയാണ്.

വാഹനങ്ങൾ നിരത്തിലിറങ്ങി. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്.