Fri. Apr 26th, 2024

ഐപിഎൽ 15–ാം സീസണിൽ കുറഞ്ഞ ഓവർനിരക്കിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ക്യാപ്റ്റനായി രോഹിത് ശർമ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നിശ്ചിത സമയത്ത് ബോളിങ് പൂർത്തിയാക്കാൻ മുംബൈയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴ മാച്ച് റഫറി ചുമത്തിയത്. 

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ മത്സരത്തില്‍ അപ്രതീക്ഷിതമായി തോറ്റതും ഹിറ്റ്മാന് ക്ഷീണമായി. മത്സരം ഡൽഹി നാലു വിക്കറ്റിന് ജയിക്കുകയും ചെയ്തു. ത്രില്ലര്‍ പോരാട്ടമായിരുന്നു ഡല്‍ഹി ക്യാപ്റ്റിന്‍സിനെതിരെ ഐപിഎല്ലില്‍ നടന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുകയെന്ന പതിവ് മുംബൈ ആവര്‍ത്തിച്ചു 

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ വിജയലക്ഷ്യം 18.2 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ തകർച്ചയിലേക്കു നീങ്ങിയ ഡൽഹിയെ, അസാധ്യമെന്നു കരുതിയ ലക്ഷ്യത്തിനു മുന്നിൽ പതറാതെ ബാറ്റു ചെയ്ത വാലറ്റക്കാരുടെ മികവാണ് രക്ഷിച്ചത്. ഇന്ത്യൻ താരങ്ങളായ ലളിത് യാദവും (38 പന്തിൽ 48) അക്‌ഷർ പട്ടേലും (17 പന്തിൽ 38) ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് അവർക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

14–ാം ഓവറിൽ ഇവർ ക്രീസിലെത്തുമ്പോൾ ആറിന് 104 എന്ന നിലയിലായിരുന്നു ഡൽഹി. ജയിക്കാൻ 40 പന്തിൽ വേണ്ടത് 74 റൺസ്. ഇരുവരും ആഞ്ഞടിച്ചപ്പോൾ 10 പന്ത് ബാക്കി നിൽക്കെ ഡൽഹി ലക്ഷ്യത്തിലെത്തി.

3 വിക്കറ്റെടുത്ത മുംബൈയുടെ മലയാളി പേസർ ബേസിൽ തമ്പിക്കും ഡൽഹിയുടെ വിജയക്കുതിപ്പിന് തടയിടാനായില്ല. ഐപിഎൽ സീസണിലെ ആദ്യ മത്സരം തോൽക്കുന്നത് മുംബൈ ഇന്ത്യൻസിനു പതിവാണ്. 2013 മുതലുള്ള 10 സീസണുകളിലും മുംബൈ സീസണിലെ ആദ്യ കളിയിൽ തോറ്റു.