കൊച്ചി:
2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന് മുൻപ് ഉടമസ്ഥാവകാശമുള്ളവർക്ക് മാത്രമാണ് വീട് വയ്ക്കാൻ വയൽ നികത്താൻ അനുമതിയുള്ളതെന്ന് ഹൈക്കോടതി. 2008 ആഗസ്റ്റ് 12ന് ശേഷം ഭൂമി കൈമാറി കിട്ടിയവർക്ക് ഇളവ് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008ന് മുമ്പും ശേഷവുമുള്ള ഉടമകളെന്ന് വേർതിരിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടി കാട്ടിയുള്ള വിവിധ ഹരജികളിലാണ് ഫുൾ ബഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.
എന്നാൽ നെല്‍വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കലാണ് 2008ലെ നിയമത്തിന്‍റെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2008ല്‍ നിയമം നിലവില്‍ വരുമ്പോള്‍ വയൽ കൈവശമുള്ളയാള്‍ക്ക് താമസിക്കാന്‍ ജില്ലയിൽ വേറെ വീടില്ലെങ്കിലാണ് നഗരസഭയില്‍ 2.02 ആര്‍, പഞ്ചായത്തില്‍ 4.4 ആര്‍ എന്നിങ്ങനെ വീട് പണിയാൻ നിയമത്തിലെ 9ാം വകുപ്പുപ്രകാരം വ്യവസ്ഥ ചെയ്‌ത് ഇളവനുവദിച്ചിട്ടുള്ളത്.
നിയമം വന്നശേഷം പാടമാണെന്നറിഞ്ഞ് സ്ഥലം വാങ്ങുന്നവര്‍ക്കും നിലം നികത്താന്‍ അനുമതി നൽകുന്നത് നിയമത്തിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമാണ്. നിയമപരമായി സ്ഥലത്തിന്‍റെ ഉടമ എന്ന നിർവചനത്തിന് കീഴിൽ ഉടമ മുറിച്ച് വിൽപന നടത്തുന്ന പാടം വാങ്ങുന്നവരെല്ലാം വരില്ല.
ഇത് അനുവദിച്ചാൽ വാങ്ങിയവര്‍ വീട് വയ്ക്കാന്‍ പാടം നികത്താനുള്ള അനുമതിയും പിന്നാലെ നേടും. ഇത് പാടം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടാനും നികത്തപ്പെടാനും വഴിയൊരുക്കുമെന്നും കോടതി വ്യക്തമാക്കി.