Fri. Apr 19th, 2024
കൊപ്പം:

വിളയൂര്‍ പഞ്ചായത്തും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാത്ത മരങ്ങളിലൊന്ന് വീണത് പൊലീസ് ജീപ്പിനു മുകളിലേക്ക്. കൊപ്പം-വിളയൂര്‍ പാതയില്‍ വിളയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. വിളയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തെ മരത്തിന്റെ കൊമ്പാണ് ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പിനു മുകളിലേക്ക് പൊട്ടിവീണത്.

വിളയൂർ ഭാഗത്തുനിന്ന് കൊപ്പം പൊലീസ് സ്റ്റേഷനിലേക്കു പോയ വാഹനത്തിന്റെ മുൻവശത്താണു ചില്ല വീണതെന്നതിനാല്‍ ദുരന്തം ഒഴിവായി. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ആർക്കും പരുക്കില്ല.

കൊപ്പം – വിളയൂര്‍ പാതയില്‍ കരിങ്ങനാട് മുതൽ വിളയൂർ ചുണ്ടമ്പറ്റ റോഡ് വരെയുള്ള ഭാഗങ്ങളിൽ അപകടഭീതി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നു വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ചു നാട്ടുകാരും ജനപ്രതിനിധികളും പഞ്ചായത്തും പലതവണ അപേക്ഷ നൽകിയിരുന്നു. ട്രീ കമ്മിറ്റി യോഗങ്ങൾ ചേരുകയും ടെൻഡർ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുമെങ്കിലും ഫലമുണ്ടാകാറില്ല.

പാതയോരത്തെ മിക്ക മരങ്ങളും പൂമരം പോലെയുള്ളവ ആയതിനാൽ ടെൻഡർ വിളിക്കാൻ ആളെ കിട്ടുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം. 2019ൽ പഞ്ചായത്ത്‌ നൽകിയ അപേക്ഷയിൽ ഉൾപ്പെട്ട മരങ്ങൾ പോലും ഇതുവരെ മുറിച്ചുമാറ്റിയിട്ടില്ലെന്ന് പഞ്ചായത്ത് പറയുന്നു. പഞ്ചായത്ത്‌ ഭരണസമിതിയും വനംവകുപ്പും 2021ൽ പാതയോരങ്ങളിലെ മരങ്ങൾ ഓരോന്നും പരിശോധിച്ച് 8 മരങ്ങളും 15 മരങ്ങളുടെ ചില്ലകളും മുറിച്ചുമാറ്റണമെന്ന് കണ്ടെത്തി അപേക്ഷ സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിൽ നടന്ന പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിൽ വിളയൂര്‍ പഞ്ചായത്ത്‌ ഉപാധ്യക്ഷന്‍ കെ പി നൗഫൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അധികൃതർ അനുമതി നൽകുന്ന പക്ഷം ഇതിനായി ഫണ്ട്‌ വകയിരുത്തുമെന്ന് മുഹമ്മദ്‌ മുഹസിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഉപാധ്യക്ഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മരം മുറിച്ചുമാറ്റിയിട്ടില്ല.

കാറ്റും മഴയും വരുമ്പോള്‍ കൊപ്പം – വിളയൂര്‍ പാതയോരത്ത് താമസിക്കുന്നവര്‍ക്ക് ഭീതിയാണ്. ഏതു സമയവും കടപുഴകി വീഴാവുന്ന ഉണങ്ങിയ മരങ്ങളാണ് ഭീഷണി. ജീവനു ഭീഷണിയായ മരങ്ങള്‍ മഴക്കാലത്തിനു മുന്‍പെ മുറിച്ചുനീക്കണമെന്നും വിളയൂര്‍ പഞ്ചായത്ത്‌ അധ്യക്ഷ എം കെ ബേബി ഗിരിജ ആവശ്യപ്പെട്ടു.