Mon. Dec 23rd, 2024
ദില്ലി:

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദർശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനം ഉഭയകക്ഷി ചർച്ചയിലെ ധാരണയോടുള്ള പ്രതികരണം നോക്കി മാത്രമായിരിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരുന്നില്ല.

വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയിൽ എത്തിയത് എന്നാണ് വിവരം.