നെടുങ്കണ്ടം:
മുഖത്ത് എന്തോ സ്പ്രേ ചെയ്ത് മയക്കിക്കിടത്തി സ്വർണവും പണവും കവർന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊലീസിന്‍റെ വിദഗ്ധമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെയാണ് വീട്ടമ്മയുടെ കെട്ടിച്ചമച്ച മോഷണക്കഥ പ്രചരിച്ചത്.
വീട്ടമ്മ നാട്ടുകാരോടും പൊലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞതിങ്ങനെ: ഭർത്താവിനൊപ്പം ടൗണില്‍ പോയി പാല്‍ കൊടുത്തശേഷം താൻ മാത്രം വീട്ടിലേക്ക് മടങ്ങി. തൊഴുത്തില്‍ കയറി പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതിനിടെ എന്തോ ശബ്ദം കേട്ട് വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ അടുക്കളയിലും തൊട്ടടുത്ത മുറിയിലുമായി മുഖം മൂടി ധരിച്ച രണ്ടാളുകള്‍ നില്‍ക്കുന്നത് കണ്ടു.
അലമാരയിലെയും മേശയിലെയും തുണിയും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ടിരിക്കുകയായിരുന്നു. നിലവിളിച്ചപ്പോഴേക്കും കഠാര കഴുത്തില്‍ വെച്ചു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ലായനി കണ്ണിലും മുഖത്തും വായിലുമായി സ്‌പ്രേ ചെയ്തു.
ബോധരഹിതയായി തറയില്‍ വീണതോടെ അടുക്കളയില്‍ ഇരുന്ന രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലും അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയുമായി മോഷ്ടാക്കള്‍ കടന്നു. വിവരമറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മോഷണ നടന്നതിന്‍റെ തെളിവൊന്നും കണ്ടെത്തിയില്ല. വീട്ടമ്മയുടെ മുഖത്ത് സ്‌പ്രേ അടിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനയിലും വ്യക്തമായി.
തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കെട്ടിച്ചമച്ച മോഷണ കഥയുടെ ചുരുളഴിഞ്ഞത്. ആഭരണം കഴിഞ്ഞ ദിവസം ബന്ധുവിന് പണയം വെക്കാന്‍ നല്‍കുകയും ബാങ്കില്‍ പണയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരിൽനിന്ന് മറച്ചുവെക്കാനാണ് മോഷണക്കഥ മെനഞ്ഞത്.