Wed. Jan 22nd, 2025
ന്യൂഡൽഹി:

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്.

വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടുന്നത്  ഒഴിവാക്കിയതായും എയർപോർട്ട് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. 4,100 മരണം കൂടി കൊവിഡ് കണക്കിലേക്ക് ചേർത്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,20,855 ആയി. 1.21 ശതമാനമാണ് കൊവിഡ് മരണ നിരക്ക്.

മഹാരാഷ്ട്രയും കേരളവും പഴയ മരണങ്ങൾ കൂടി കൊവിഡ് പട്ടികയിലുൾപ്പെടുത്തിയതോടെയാണ് കൊവിഡ് മരണ കണക്ക് വീണ്ടും ഉയർന്നത്. 2349 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നു. ഇപ്പോൾ 16741 പേർ രാജ്യത്ത് കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടെന്നാണ് കണക്ക്.

0.25 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര കണക്ക് ഇപ്പോൾ 0.29 ശതമാനമാണ്. 1,82,87,68,476 ഡോസ് വാക്സീൻ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.