Tue. Nov 5th, 2024
ചാരുംമൂട്:

പാടശേഖരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് സുന്ദരമായ മത്സ്യകന്യകയെ തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് (28). പെരുവിലിൽച്ചാൽ പുഞ്ചയിൽ ബണ്ട് റോഡിന് താഴെയായുള്ള വഴിയിലാണ് 18 അടി ഉയരമുള്ള ശിൽപ്പം നിർമിച്ചത്. പ്ലാസ്‌റ്റിക് വലിച്ചെറിയുന്നതിനെതിരെയാണ് ശിൽപ്പ ആവിഷ്‌ക്കാരം.

വീടിന് സമീപമുള്ള പുഞ്ചയിലെ വഴികളിൽ വൈകുന്നേരങ്ങളിൽ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്. ഇവിടെ വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക് മാലിന്യം നീക്കം ചെയ്യാനായിരുന്നു ആദ്യം ഒരുങ്ങിയത്. ജോബി, ജയകൃഷ്‌ണൻ, മനു, ശരത്, അയ്യപ്പൻ തുടങ്ങിയ സുഹൃത്തുക്കളടക്കമുള്ളവർ ചേർന്ന് പ്ലാസ്‌റ്റിക് കുപ്പികൾ പെറുക്കിയെടുത്തു. 20,021 കുപ്പികൾ ലഭിച്ചു.

കമ്പികൊണ്ട് സ്ട്രക്ച്ചറുണ്ടാക്കി അതിൽ കുപ്പികൾ മാലപോലെ കോർത്താണ് ശിൽപ്പമാക്കിയത്. പുഞ്ചയിൽനിന്ന് ലഭിച്ച രണ്ട് അപ്പച്ചട്ടികളാണ് മത്സ്യത്തിന്റെ കണ്ണ്‌. 12 ദിവസത്തോളമെടുത്ത നിർമാണത്തിന് അച്ഛൻ സുരേഷിന്റെ സഹായമുണ്ടായതായും ലിനേഷ് പറഞ്ഞു.

നിരവധിപേർ ഇത് കാണാൻ ഇവിടെയെത്തുന്നു.
തൃശൂർ ഫൈൻ ആർട്‌സ്‌ കോളേജിൽനിന്നും ബിഎഫ്എ സ്‌കൾപ്ച്ചർ പാസായശേഷം ഫ്രീലാൻസ് ആർട്ടിസ്‌റ്റായി ജോലി ചെയ്യുകയാണ് ലിനേഷ്‌.