Wed. Jan 22nd, 2025
കോഴിക്കോട്:

സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിലേക്ക്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും.

ഉദ്യോ​ഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്. സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തിയിരുന്നു. ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ എത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്തത വരുത്തിയത്.

സിൽവർ ലൈനുവേണ്ടി ബലം പ്രയോ​ഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബിജെപി-കോൺ​ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സിൽവർ ലൈനിന് എതിരെ പ്രതിഷേധം തുടരുകയാണ്. തവനൂർ കാർഷിക എൻജിനിയറിം​ഗ് കോളജിലാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാകും ഇന്ന് കൈക്കൊള്ളുക.