Mon. Dec 23rd, 2024
ഹൈദരാബാദ്:

തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തീ അണച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നിരുന്നു.

തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടത്തമുണ്ടായ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നുവീഴുക കൂടി ചെയ്തതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനായില്ല. മൃതദേഹങ്ങള്‍ ബീഹാറിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.