Mon. Dec 23rd, 2024
ദില്ലി:

രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ ചിരാഗ് ദില്ലി മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം 3.15ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ദക്ഷിണ ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിറ്റ മേരി ജയ്ക്കര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സാധ്യമായ എല്ലാവിധത്തിലും അന്വേഷണം നടക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഗുല്‍ഷന്‍ കൌശിക്, ഡിംപിള്‍ കൌശിക് ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയെയാണ് സംഭവത്തില്‍ പ്രാഥമികമായി സംശയിക്കുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

പെണ്‍കുട്ടിയുടെ ജനനത്തില്‍ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. അനന്യ എന്നാണ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്‍റെ പേര്. ജനുവരിയിലാണ് കുഞ്ഞ് ജനിച്ചത്. ഈ സമയം മുതല്‍ തന്നെ രക്ഷിതാക്കള്‍ അസ്വസ്ഥരായിരുന്നു. കുഞ്ഞിന്‍റെ അമ്മ വീട്ടിനകത്ത് അടച്ചിരിക്കുന്നതില്‍ സംശയം തോന്നിയ അമ്മായിഅമ്മയാണ് വീട്ടില്‍ പ്രശ്നമുണ്ടെന്ന് അയല്‍ക്കാരെ അറിയിച്ചത്.

അയല്‍ക്കാരാണ് പൊലീസ് സഹായം തോടിയത്. വീടിനകത്ത് പൊലീസ് എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മയും ഇവരുടെ മറ്റൊരു മകനും ഉണ്ടായിരുന്നത്. അനന്യയെ കാണാതെ നടത്തിയ തെരച്ചിലിലാണ് മൈക്രോ വേവ് ഓവനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം നിലയിലായിരുന്നു ഈ ഓവന്‍ വെച്ചിരുന്നത്. വീടിനടുത്ത് തന്നെ കട നടത്തുകയാണ് ഇവരുടെ ഭര്‍ത്താവ്.