Wed. Apr 24th, 2024
വാഷിംങ്ടണ്‍:

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത് എന്നാണ് ബൈഡന്‍ പറയുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു.

നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ സഖ്യരാജ്യങ്ങള്‍ എന്നിവ റഷ്യയ്ക്കും റഷ്യന്‍ പ്രസിഡന്‍റ് പുടിനും എതിരെ നിലപാടുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തി ശക്തമായി നില്‍ക്കുന്നതില്‍ ബൈഡന്‍ ഇവരെ അഭിനന്ദിച്ചു.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ റഷ്യയുടെ കറൻസി, അന്താരാഷ്‌ട്ര വ്യാപാരം, ഹൈടെക് സാധനങ്ങളിലേക്കുള്ള കയറ്റുമതി ഇറക്കുമതി നിരോധനം എന്നിവ തടയാനുള്ള അഭൂതപൂർവമായ ഉപരോധങ്ങളും ഉള്‍പ്പെടുന്നുണ്ട്.

വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ കാര്യത്തില്‍ നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡന്‍ യോഗത്തില്‍ സൂചിപ്പിച്ചു.