Sun. Dec 22nd, 2024
മുംബൈ:

റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ റെയ്ഡ് നടന്നത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

വിദേശ സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ് നടക്കുന്നത്. മുംബൈ, ബാംഗ്ലൂർ, താനെ തുടങ്ങി രാജ്യത്തെ 24 സ്ഥലങ്ങളിൽ ഇന്ന് രാവിലെ റെയ്ഡ് നടന്നു. മുംബൈയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് പുരോഗമിക്കുകയാണ്.

എന്നാൽ ഐടി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. അതേസമയം മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയുടെയും എൻസിപി നേതാവ് നവാബ് മാലിക്കിന്റെയും മുംബൈയിലെ കുർളയിലുള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിൽ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നവാബ് മാലിക്.

മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിൽ നിന്നും ഭൂമി വാങ്ങിയെന്നാണ് മാലികിനെതിരെയുള്ള ആരോപണം. ഈ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്.