Sat. Apr 27th, 2024
ചെങ്ങന്നൂർ:

മുളക്കുഴയിലും വെണ്മണി കൊഴുവല്ലൂരിലും അപരിചിതരായ ആരെ കണ്ടാലും നാട്ടുകാർക്കിപ്പോൾ സംശയമാണ്. രഹസ്യമായി സിൽവർലൈനിന്റെ കല്ലിടാൻ വന്നവരാണെന്ന ആശങ്കയോടെയാണ് അവർ അപരിചിതരെ സ്വീകരിക്കുന്നത്. അപരിചിതരെ കണ്ടാലുടൻ വിവരം നാട്ടിലാകെ പരക്കും. ഒന്നിലധികം സ്ഥലങ്ങളിൽ ചോദ്യംചെയ്യൽ നേരിടേണ്ടിവരും.

സംസ്ഥാനത്ത് സിൽവർലൈൻ കല്ലിടലിന്റെ ഭാഗമായി ആദ്യമായി തർക്കമുണ്ടായ സ്ഥലങ്ങളിലൊന്നാണ് ചെങ്ങന്നൂരിലെ കൊഴുവല്ലൂരും മുളക്കുഴയും. പദ്ധതി ബാധിക്കുന്നവരിൽ ചെറിയൊരു വിഭാഗം മാത്രമേ പ്രതിഷേധത്തിനുള്ളൂ എന്നും പുറത്തുനിന്നെത്ത‍ുന്ന ചിലരാണ് സംഘർഷമുണ്ടാക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ പറയുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇപ്പോഴും ആശങ്ക തുടരുന്നു. ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ ചെങ്ങന്നൂർ മണ്ഡലത്തിലെ പദ്ധതി പ്രദേശം ഉൾപ്പെടുന്ന പത്തിടത്ത് വിശദീകരണ യോഗം നടത്തുമെന്നു മന്ത്രി പറഞ്ഞു.

സിൽവർലൈനിന്റെ സർവേക്കായി കല്ലിട്ട പ്രദേശങ്ങളിൽ പലയിടത്തും കല്ലുകൾ പിഴുത നിലയിലാണ്. മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായി 208 കല്ലിട്ടെന്നാണു റിപ്പോർട്ട്. അതിൽ ഭൂരിഭാഗവും പ്രതിഷേധക്കാർ ഇളക്കി. കഴിഞ്ഞ 19 വരെയാണു കല്ലിട്ടത്. പ്രതിഷേധത്തെത്തുടർന്ന് പിന്നീട് കല്ലിടൽ നടന്നില്ല.