Mon. Dec 23rd, 2024
പത്തനംതിട്ട :

ജലക്ഷാമമെന്നു മുറവിളി കൂട്ടുമ്പോഴും നമ്മളൊക്കെ സൗകര്യപൂർവം മറക്കുന്ന കുറെ കാര്യങ്ങളുണ്ട്. കൈത്തോടുകളും കുളങ്ങളുമൊക്കെയുണ്ടെങ്കിലേ കിണറുകളിലും പുഴകളിലും വെള്ളം നിറയൂ എന്നും പൈപ്പു തുറന്നാൽ വെള്ളമെത്തണമെങ്കിൽ പുഴയിൽ വെള്ളം വേണമെന്നുമൊക്കെ. കേരള സ്റ്റേറ്റ് ഓഫ് എൻവയൺമെന്റ് ആൻഡ് റിലേറ്റഡ് ഇഷ്യൂസ്(എൻവിസ് ഹബ്) പുറത്തിറക്കിയ കണക്കുകൾ പ്രകാരം ജില്ലയിൽ 582 കുളങ്ങളാണുള്ളത്.

2010ലെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം 390 പഞ്ചായത്ത് കുളങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് 66 കുളങ്ങളുമുണ്ട്. ഓരോ ഗ്രാമത്തിലെയും ജലലഭ്യതയ്ക്കു വളരെയധികം സഹായിക്കുന്നവയാണു കുളങ്ങളും ചെറുതോടുകളും. പക്ഷേ ഏറ്റവുമധികം അവഗണിക്കപ്പെടുന്നതും ഇവതന്നെയാണ്.

പ്രമാടം പഞ്ചായത്തിലെ കൊളപ്പാറ ജംക്‌‌ഷനു സമീപമുള്ള കൊളപ്പാറ കുളം, 14–16 വാർഡിന്റെ അതിർത്തി പ്രദേശത്തുള്ള നിലമേൽ ഏലായിലെ ആറ്റുവാശേരി കുളം, 16–ാം വാർഡിലെ നെടുംപാറ നേന്ത്രപ്പള്ളി പരമൂട്ടിൽ കുളം എന്നിവ ഒരുകാലത്ത് ജല സമൃദ്ധമായിരുന്നു. കൊളപ്പാറ കുളം 3 വർഷം മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയെങ്കിലും ഇപ്പോൾ കാടുമൂടി. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് പദ്ധതിയിൽ കരിങ്കൽ പടവ് കെട്ടി ആറ്റുവാശേരി, നേന്ത്രപ്പള്ളി കുളങ്ങൾ സംരക്ഷിച്ചിരുന്നു. ഇപ്പോൾ വശങ്ങൾ തകർന്നു പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും നിറഞ്ഞു. മദ്യപരുടെ സങ്കേതമായി കുളക്കടവ് മാറി.