Tue. Apr 16th, 2024
കൽപ്പറ്റ:

കാലഭേദമില്ലാതെ നിരവധി ആദിവാസി കുടുംബങ്ങൾക്ക്‌ കുടിനീരേകി നൂറ്റാണ്ടുകളായി ഒഴുകുന്നുണ്ട്‌ പാതിരിപ്പാലത്ത്‌ ഒരു ഉറവ. മരമുത്തശ്ശിയുടെ മടിത്തട്ടിൽനിന്ന്‌ ഉത്ഭവിക്കുന്ന ഈ നീരുറവ വനവും ജലവും പരസ്‌പരം കരുതലാവുന്നതെങ്ങനെയെന്ന ചോദ്യത്തിന്‌ ഉത്തരമാണ്‌. കോളിമരച്ചുവട്ടിൽനിന്നും ഒഴുകിയെത്തുന്ന തെളിനീര്‌ മണ്ടനടപ്പ്‌ പണിയ, കുറുമ കോളനിയിലെ നിരവധി കുടുംബങ്ങൾക്ക്‌ ജീവജലം കൂടിയാണ്‌.

വാട്ടർ അതോറിറ്റിയുടെ പൈപ്പിൽനിന്നോ കിണറിൽനിന്നോ എത്ര വെള്ളം കിട്ടിയാലും കുടിക്കാനുള്ളത്‌ ഇവിടെനിന്നുതന്നെ എടുക്കണമെന്ന നിർബന്ധവുമുണ്ട്‌ കോളനിയിലുള്ളവർക്ക്‌. പാദസ്‌പർശംപോലും ഏൽക്കാതിരിക്കാൻ നീളൻ മരപ്പാത്തിവച്ചാണ്‌ ഉറവയിൽനിന്ന്‌ വെള്ളം ശേഖരിക്കുന്നത്‌. ചെരിപ്പിട്ട്‌ ആരെയും പരിസരത്തുപോലും അടുപ്പിക്കുകയുമില്ല. അത്രമേൽ പരിശുദ്ധമായാണ്‌ ആദിവാസികളിത്‌
കാത്ത്‌ പരിപാലിക്കുന്നത്‌.

മലന്തോട്ടം എസ്‌റ്റേറ്റും പാതിരി എസ്‌റ്റേറ്റും അതിരിടുന്നയിടത്താണ്‌ നീരുറവ. നാട്‌ കുടിനീരിനായി നെട്ടോട്ടത്തിലാകുമ്പോൾ കൊടിയ വേനലിലും ദാഹജലമേകുന്ന നീരുറവയെ ദൈവികമായും അമൂല്യമായുമാണ്‌ ആദിവാസികൾ കാണുന്നത്‌. വർഷവും കുംഭം 12ന്‌ ഈ നീരുറവ കേന്ദ്രീകരിച്ച്‌ ആദിവാസികളുടെ ഉത്സവമുണ്ട്‌.

പണിയ–-കുറുമ വിഭാഗം സംയുക്തമായാണ്‌ ഉത്സവം നടത്തുന്നത്‌. വെള്ളം കാക്കുന്ന മരമുത്തശ്ശിയും നീരുറവയും അന്ന്‌ ആദരിക്കപ്പെടും. കുടിവെളളം കിട്ടാക്കനിയായി മാറുന്നകാലത്ത്‌ തങ്ങളെ കൈവിടരുതേയെന്ന പ്രാർഥനയോടെ.