വണ്ടൂർ:
ഗ്യാസ് എത്താത്തതിനാൽ സിഎൻജി ഓട്ടോകൾ ഇന്ധനം കിട്ടാതെ പ്രതിസന്ധിയിൽ. മലയോര മേഖലയിൽ നടുവത്തുള്ള ഒരു പമ്പിൽ മാത്രമാണ് സിഎൻജി എത്തുന്നത്. ചൊച്ചാഴ്ച രാവിലെ മുതൽ ഗ്യാസ് എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് അമ്പതിലധികം ഓട്ടോകൾ ഇവിടെ എത്തിരുന്നു. പക്ഷേ, അവർ നിരാശയോടെ മടങ്ങി.
പ്രകൃതിസൗഹൃദ ഇന്ധനമായ സിഎൻജിയുടെ ഗുണങ്ങളും ലാഭവും സംബന്ധിച്ച അറിയിപ്പുകൾ കാണുകയും ഡീസൽ, പെട്രോൾ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് മലയോര മേഖലയിലെ നിരവധി ഓട്ടോകൾ സിഎൻജിയിലേക്കു മാറിയത്. എല്ലാ ടൗണിലും സിഎൻജി പമ്പുകൾ സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. ഒന്നും നടന്നില്ല. ജില്ലയിൽ ആകെയുള്ളത് രണ്ട് പമ്പുകൾ മാത്രം. ഒന്ന് മലപ്പുറം കോഡൂരിൽ, രണ്ടാമത്തെത് തിരുവാലി നടുവത്തും.
മിക്കവരും ലോണെടുത്തും കടം വാങ്ങിയുമായാണ് സിഎൻജി ഓട്ടോയിലേക്ക് മാറിയത്. ഇത്തരക്കാരെയാണ് ഇന്ധന ക്ഷാമം സാരമായി ബാധിക്കുന്നത്. പ്രശ്നത്തിന് പരിഹാരമില്ലാത്തതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഡ്രൈവർമാർ.