Fri. Nov 22nd, 2024
തൃശൂർ:

തൊഴിലുറപ്പുതൊഴിലാളികളുടെ വിയർപ്പിൽ കണ്ടൽക്കാടുകൾ ഒരുങ്ങുന്നു. ജില്ലയിൽ അയ്യായിരത്തോളം കണ്ടൽചെടികൾ ഇതിനകം നട്ടു. പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും തിരിച്ചുപിടിക്കാനും തീരം സംരക്ഷിക്കാനുമാണ്‌ കണ്ടൽകാടൊരുക്കുന്നത്‌.

തദ്ദേശ സ്ഥാപനങ്ങളും ഹരിത കേരള മിഷനും വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യ വനവൽക്കരണ വിഭാഗവും പ്രകൃതിക്ക്‌ തണലൊരുക്കാൻ കൂട്ടായുണ്ട്‌.
മാള ബ്ലോക്ക് പഞ്ചായത്തിന്റെയും പൊയ്യ പഞ്ചായത്തിന്റെയും സഹകരണത്തോടെ, അഡാകിന്റെ (ഏജൻസി ഫോർ ഡെവലപ്പ്മെന്റ്‌ ഓഫ് അക്വാകൾച്ചർ) 39.15 ഹെക്ടർ ഓരുജല മത്സ്യക്കുളങ്ങളുടെ വശങ്ങളിലാണ് പ്രത്യേകമായി തയ്യാറാക്കിയ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്. പൊയ്യയിലെ കൃഷ്ണൻകോട്ടാ കായാലോരങ്ങളിലാണ്‌ കണ്ടലുകൾ നട്ടത്‌.

അന്തിക്കാട്‌ ബ്ലോക്കിലെ മണലൂർ പഞ്ചായത്ത്‌, തളിക്കുളം ബ്ലോക്കിലെ ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌, ചാവക്കാട്‌ ബ്ലോക്കിലെ പുന്നയൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെല്ലാം നൂറുക്കണക്കിന്‌ കണ്ടൽചെടികൾ നട്ടു.

നഴ്‌സറികൾ വഴി ചെടി വളർത്തിയെടുത്ത്‌ വനംവകുപ്പുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ്‌ കണ്ടലുകൾ നട്ടുപിടിപ്പിക്കുന്നത്‌. കാർബൺ ആഗീരണത്തിനും ഓക്സിജൻ പുറന്തള്ളുന്നതിനും ഏറ്റവും കൂടുതൽ ശേഷിയുള്ളവയാണ് കണ്ടൽകാടുകൾ. മത്സ്യങ്ങൾക്ക് നല്ല രീതിയിൽ വളരുന്നതിനും പക്ഷികൾക്ക് കൂടു കൂട്ടി മുട്ട വിരിയിക്കാനും കുഞ്ഞുങ്ങളെ വളർത്താനും അനുയോജ്യമായവയാണ് കണ്ടൽകാടുകൾ.

വെള്ളപ്പൊക്കത്തേയും കടലേറ്റത്തേയും തടയാനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് കണ്ടൽകാടെന്ന്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
പ്രകൃതിക്ക്‌ തണലൊരുക്കുന്നതിനൊപ്പം തൊഴിലുറപ്പു തൊഴിലാളികൾക്ക്‌ തൊഴിലും ഇതു വഴി ഒരുങ്ങുന്നു. മത്സ്യസമ്പത്തിന്റെ വർധന മത്സ്യത്തൊഴിലാളികൾക്ക്‌ വരുമാന വർധനയുണ്ടാക്കും. ഉപ്പുവെള്ളം പാടത്തേക്ക്‌ കയറുന്നതിന്‌ കണ്ടൽ തടയിടുമ്പോൾ നെൽ കർഷകർക്കും ഗുണകരമാവുന്നുണ്ട്‌.