Sat. Nov 23rd, 2024
മലപ്പുറം :

വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.

ആറായിരത്തിലേറെ പേരാണ് മത്സരം കാണാൻ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർക്ക് സാരമായ പരിക്കുകളുണ്ട്.

പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ഒരു മാസമായി നടന്നു വരുന്ന ടൂർണമെൻ്റിൽ ഫൈനൽ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് തന്നെ മൈതാനം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. നൂറു രൂപ ടിക്കറ്റെടുത്ത് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ച കാണികൾ മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറിയിരുന്നു.അമിതഭാരമായതോടെ ഗ്യാലറി പൊട്ടിവീണു.

കണക്കുകൂട്ടൽ തെറ്റിച്ച് കാണികൾ കൂട്ടത്തോടെ എത്തിയതോടെ സംഘാടകരുടെ നിയന്ത്രണം നഷ്ട്ടപെടുകയായിരുന്നു. കളി കാണാനെത്തിയവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ സംഘർഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകർ മുഴുവൻ ആളുകളേയും ടിക്കറ്റ് നൽകി ഗ്രൗണ്ടിലേക്ക് കയറ്റുകയും ചെയ്തു. മത്സരത്തിന് അനുവാദം വാങ്ങിയിരുന്നെങ്കിലും നിയമ ലംഘനം നടന്ന സാഹചര്യത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. കാളികാവ് പൊലീസാണ് കേസെടുത്തത്.