ബെയ്ജിങ്:
ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ കൊവിഡ് മരണമുണ്ടാവുന്നത്.
രണ്ട് മരണവും വടക്ക്-കിഴക്കൻ പ്രവിശ്യയായ ജിലാനിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ കൊവിഡ് മരണം 4,638 ആയി ഉയർന്നു. രാജ്യത്ത് സമൂഹവ്യാപനത്തിലൂടെ 2,157 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ ഭൂരിപക്ഷവും ജിലാൻ പ്രവിശ്യയിലാണ്. തുർന്ന് ഇവിടെ നിന്നും ആളുകൾക്ക് അതിർത്തി വിടണമെങ്കിൽ പൊലീസിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിരുന്നു.
കൂട്ടപരിശോധനയിലൂടേയും ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടേയും കൊവിഡിനെ പ്രതിരോധിക്കുകയെന്ന തന്ത്രമാണ് ചൈന നടപ്പാക്കുന്നത്. ഇതുമൂലം കൊവിഡ് മരണം ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ചൈനയുടെ വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രിലിൽ ചൈന കൊവിഡ് മരണങ്ങളിൽ മാറ്റം വരുത്തിയിരുന്നു. കൂടുതൽ മരണങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽകർശനമാക്കാനൊരുങ്ങുകയാണ് ചൈന.