Mon. Dec 23rd, 2024
ആലപ്പുഴ:

ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. 46 വയസ്സായിരുന്നു.

സുനിലിന്‍റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്‍റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

ഇതിനെല്ലാമിടയിൽ തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾക്ക് ജീപ്പിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂന്തുറ സ്വദേശി സനോഫറാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിൽ നിന്ന് ചാടിയത്.

ഈഞ്ചയ്ക്കൽ ബൈപ്പാസിൽ വച്ചാണ് പ്രതി വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. തലയടിച്ച് വീണ പ്രതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.