Sun. Nov 17th, 2024
കാഞ്ഞിരപ്പള്ളി:

പ്രളയത്തിൽ വീടുകൾ തകർന്നു വഴിയാധാരമായി 5 മാസം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കുറുവാമൂഴി നിവാസികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പൊൻകുന്നം – വിഴിക്കിത്തോട് – എരുമേലി റോഡരികിൽ കുറുവാമൂഴിയിൽ മണിമലയാറിനോടു ചേർന്നു താമസിച്ചിരുന്ന കുടുബങ്ങളാണു സമരം തുടങ്ങിയത്. കഴിഞ്ഞ പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന 13 വീടുകളും സമീപത്തെ 4 വീടുകളും പൂർണമായും തകർന്നിരുന്നു.

തകർന്നു കിടക്കുന്ന വീടുകൾക്കു മുൻപിൽ കഞ്ഞിവച്ചാണ് ഇന്നലെ സമരം നടത്തിയത്. സർക്കാർ സഹായം വൈകിയാൽ റോഡ് ഉപരോധം ഉൾപ്പെടെ സമരം ശക്തമാക്കുമെന്ന് ഇവർ അറിയിച്ചു. വിഴിക്കിത്തോട് സ്കൂളിലും കൊരട്ടി പാരിഷ് ഹാളിലും കാഞ്ഞിരപ്പള്ളി ടൗൺ ഹാളിലുമായി ദുരിതാശ്വാസ ക്യാംപുകളിൽ 50 ദിവസത്തോളം കഴിഞ്ഞു. ഇപ്പോഴും 2 കുടുംബങ്ങൾ ടൗൺ ഹാളിൽ കഴിയുന്നു.

ബാക്കിയുള്ളവർ വാടക വീടുകളിലേക്കു മാറിയെങ്കിലും വാടകയും ദൈനംദിന ചെലവുകളും താങ്ങാനാകാത്ത നിലയിലാണ്. ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒഴിച്ചു സർവതും നഷ്ടപ്പെട്ട തങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ ഒരു രൂപ പോലും ഇതുവരെ ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.
സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീടു നിർമിക്കാൻ 4 ലക്ഷം രൂപയും നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

ആദ്യഘട്ട തുക ഡിസംബറിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. കൂലിപ്പണിക്കാരായ തങ്ങൾക്കു സർക്കാർ സഹായം ലഭിക്കാതെ വീടു വയ്ക്കാൻ മറ്റു മാർഗങ്ങളില്ലെന്നും ഇവർ പറഞ്ഞു.