Fri. Apr 26th, 2024
കോഴിക്കോട്:

ദിവസവും പതിനായിരക്കണക്കിന് ആളുകളെത്തുന്ന നഗരത്തിൽ പൊതുവഴികൾ മൂത്രപ്പുരകളാകുന്നതോടെ സമീപവാസികൾക്ക് ദുരിതം. ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതിനാൽ പുരുഷന്മാർ ഇടറോഡുകളും വഴിയരികുകളും ആശ്രയിക്കുകയാണ്. സ്ത്രീകൾക്ക് മൂത്രമൊഴിക്കണമെങ്കിൽ വൃത്തികേടായ ചുരുക്കം ചില പൊതുശൗചാലയങ്ങളിൽ അഭയം തേടണം.

ഈ ശൗചാലയങ്ങളുടെ അവസ്ഥ തികച്ചും ശോചനീയവുമാണ്. ഇ-ടോയ്ലെറ്റുകളടക്കം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കി പ്രദർശന വസ്തുവായതോടെയാണ് ‘ഒന്നിന്’ പോകാൻ ജനങ്ങൾ പൊതുസ്ഥലങ്ങളിലെത്തുന്നത്. ലളിതകല അക്കാദമി ആർട്ട് ഗ്യാലറിക്ക് സമീപവും ബീച്ചിലും സരോവരം പാർക്ക് പരിസരത്തും കോർപറേഷൻ സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഇടറോഡുകളിലും മാവൂർ റോഡിൽ നിന്ന് വയനാട് റോഡിലേക്കുള്ള എളുപ്പവഴിയായ യു കെ ശങ്കുണ്ണി റോഡിലുമുൾപ്പെടെ മൂത്രമൊഴിക്കൽ കേന്ദ്രമായിട്ടുണ്ട്.

യു കെ ശങ്കുണ്ണി റോഡ് തുടങ്ങുന്ന ഭാഗത്ത് അസഹ്യ ദുർഗന്ധം സഹിച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്. സമീപത്തെ ആരാധനാലയത്തിലേക്കും വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുമുൾപ്പെടെ സഞ്ചരിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് പുരുഷന്മാർ ഈ പ്രദേശം മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നത്.

കെഎസ്ആർടിസി ടെർമിനലിലേക്കും മൊഫ്യൂസൽ ബസ്സ്റ്റാൻഡിലേക്കും പോകുന്നവരാണ് ഇടറോഡിലേക്ക് കയറി കാര്യം സാധിക്കുന്നത്. തെരുവുവിളക്ക് തെളിയാത്തതിനാൽ രാത്രി ഇവിടെ ഇരുട്ടാണ്. ശുചിത്വ നഗരമെന്ന പദവി സർക്കാറിൽ നിന്ന് മുമ്പ് നേടിയ കോഴിക്കോട് ശുചിത്വപ്രോട്ടോകോൾ നടപ്പാക്കുമെന്ന് കോർപറേഷൻ അധികൃതർ വമ്പൻ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, പ്രവർത്തനങ്ങളെല്ലാം ഇഴയുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ കർമപദ്ധതികൾ തയാറാക്കിയിരുന്നു. ഇ-ടോയ്ലെറ്റടക്കം നിലവിലെ ടോയ്ലെറ്റുകളെല്ലാം രണ്ട് മാസത്തിനകം പ്രവർത്തിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇ-ടോയ്ലെറ്റുകൾ ഇതുവരെ നന്നാക്കിയിട്ടില്ല. അറ്റകുറ്റപ്പണി നടത്താൻ ലക്ഷങ്ങൾ വേണ്ടിവരും.

പുതിയത് സ്ഥാപിക്കാനും കോർപറേഷൻ മെനക്കെടുന്നില്ല. പുതിയ പ്രോട്ടോകോൾ പ്രകാരം ഒരു കൊല്ലത്തിനകം നഗരത്തിൽ ആവശ്യമുള്ളിടത്തെല്ലാം പൊതു ശൗചാലയങ്ങൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകുമോയെന്നും ഉറപ്പില്ല. നിരവധി പേരെത്തുന്ന വലിയങ്ങാടിക്ക് സമീപം റോബിൻസൺ റോഡിൽ ഒന്നര വർഷം മുമ്പ് നിർമിച്ച പൊതുശൗചാലയം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. കെട്ടിടത്തിന് നമ്പറിടാൻ പോലും കോർപറേഷൻ തയാറായിട്ടില്ല.