കൊല്ലം:
കൊല്ലം താഴത്തുകുളക്കടയിൽ ക്ഷേത്രത്തിലെ ഗാനമേളക്കിടെ നൃത്തം ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. താഴത്തുകുളക്കട സ്വദേശി സതീഷിനാണ് മർദ്ദനമേറ്റത്. എന്നാൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ക്ഷേത്രോത്സവത്തിനിടെ പൊലീസ് യുവാവിനെ ക്രൂരമായി ലാത്തി കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ച ഇയാളെ കൊല്ലം പുത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദ്ദിച്ചത്. തെരുവ് നായയെ തല്ലുന്നത് പോലെ പൊലീസുകാർ തന്നെ അടിച്ചെന്ന് മർദനമേറ്റ സതീഷ് പറഞ്ഞു.
സതീഷിന്റെ ശരീരത്താകെ ലാത്തിയടിയേറ്റതിന്റെ പാടുകൾ കാണാം. ശരീരത്തിന്റെ പിൻഭാഗത്തെ തൊലി അടർന്നുമാറിയതിനാൽ ഷർട്ട് ധരിക്കാൻ പോലുമാകുന്നില്ല. അതേസമയം, ഗാനമേളയ്ക്കിടെ രണ്ട് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്നാണ് പുത്തൂർ പൊലീസിന്റെ വിശദീകരണം.
സംഘർഷം ഒഴിവാക്കാൻ ലാത്തി വീശുകയാണ് ചെയ്തതെന്നും വിശദീകരിക്കുന്നു. പരുക്കേറ്റ സതീഷ് വീട്ടിൽ വിശ്രമത്തിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ.