Thu. Apr 25th, 2024
കോഴിക്കോട്:

ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ (ഐ ഒ സി) റീഫിൽ സ്റ്റേഷനുകളിൽ ‘മലിനമായ ഇന്ധനം’ വിൽപന നടത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യം. ഐ ഒ സിയുടെ ഫറോക്ക് ഡിപ്പോയിൽനിന്നാണ് ഇന്ധനം മലിനമായത്. ഹൈസ്പീഡ് ഡീസലിന്‍റെ ടാങ്കിലേക്ക് പെട്രോൾ ചേർത്തതാണ് ഇന്ധനം മലിനമാവാൻ കാരണമായത്.

സംഭവത്തിൽ ബി എം എസാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനമായ ഐ ഒ സിക്കുണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്‌ടോബർ 27നാണ് സംഭവം.

ട്രെയിൻ വാഗണിലെത്തിച്ച പെട്രോൾ ഡീസിലിന്‍റെ ടാങ്കിലേക്ക് നിറക്കുകയായിരുന്നു. പൈപ്പുകൾ യോജിപ്പിച്ചതിലെ പിശകാണ് ഇന്ധനങ്ങൾ കൂടിക്കലരാനിടയാക്കിയത്. ജീവനക്കാർ പൈപ്പ് യോജിപ്പിച്ചുകഴിഞ്ഞാൽ സൂപ്പർ വൈസർ ഉൾപ്പെടെയുള്ളവർ ഇത് പരിശോധിക്കും.

തുടർന്ന് സേഫ്റ്റി ഓഫിസറുടെ അനുമതി ലഭിച്ച ശേഷമേ വാൾവ് തുറക്കുകയും മോട്ടർ തുറക്കുകയും ചെയ്യാവൂ. എന്നാൽ, ബന്ധപ്പെട്ടവർ ജാഗ്രത പുലർത്താത്തതാണ് രണ്ട് ഇന്ധനവും കൂടിക്കലരാനും വലിയ നഷ്ടത്തിനും വഴിവെച്ചത് എന്നാണ് ആരോപണം. ഇന്ധനം കൂടിക്കലർന്നാൽ വീണ്ടും റിഫൈനറിയിൽ പോയി ശുദ്ധീകരിക്കണമെന്നാണ് ചട്ടമെന്നും അതുണ്ടായില്ലെന്നും പെട്രോൾ ആൻഡ് ഗ്യാസ് വർക്കേഴ്സ് മസ്ദൂർ സംഘം നേതാവും ബി എം എസ് മലപ്പുറം ജില്ല പ്രസിഡന്‍റുമായ ചന്ദ്രൻ വെങ്ങോലത്ത് പറഞ്ഞു.

നിലവിലെ ഇന്ധനത്തിന്‍റെ മൂന്നിലൊന്ന് വില മാത്രമേ ഇതിന് ലഭിക്കൂ. മലിനമായ ഇന്ധനത്തിന് കുറഞ്ഞത് 21 കോടി രൂപയോളം വിലയുണ്ട്. സംഭവം പുറത്തറിയാതിരിക്കാനാണ് കൊച്ചി റിഫൈനറിയിലേക്ക് റീസൈക്ലിങ്ങിന് അയക്കാതിരുന്നത് -അദ്ദേഹം പറഞ്ഞു.

വിഷയം ഒതുക്കി ഫ്ലാഷ്‌പോയന്‍റ് പരിശോധന മാത്രം നടത്തി മലബാറിലെ ആറ് ജില്ലകളിലെ പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനം വിറ്റതായാണ് യൂനിയനുകൾ പറയുന്നത്. മതിയായ ഗുണനിലവാര പരിശോധനപോലും നടത്താത്തത് വിഷയം പുറത്തറിയാതിരിക്കാനാണ് എന്നാണ് പരാതി. 2321.14 കിലോലിറ്റർ ഹൈസ്പീഡ് ഡീസൽ (എച്ച് എസ് സി) ഉണ്ടായിരുന്ന ടാങ്കിൽ 6.860 കിലോലിറ്റർ പെട്രോൾ (എം എസ്) തെറ്റായി നിറച്ചതായാണ് ബന്ധപ്പെട്ടവർതന്നെ വെളിപ്പെടുത്തിയത്.