കൊച്ചി:
വനിതകളെ മദ്യം വിളമ്പാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചു രവിപുരത്തെ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്ലൈ ഹൈ ബാറിനെതിരെ എക്സൈസ് കേസെടുത്തു. ബാർ മാനേജർ അബ്ദുൽ ഖാദറെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. സ്റ്റോക്ക് റജിസ്റ്ററിൽ കൃത്രിമം കാണിച്ചതിനും ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 11നാണു ഹാർബർ വ്യൂ ഹോട്ടലിലെ നവീകരിച്ച ബാർ തുറന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ചു വിദേശവനിതകളെ മദ്യം വിളമ്പാനായി നിയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ബാറിൽ പരിശോധന നടത്തിയത്. അബ്കാരി നിയമ പ്രകാരം വനിതകളെ മദ്യം വിളമ്പാനുള്ള ജോലിക്കു നിയോഗിക്കാനാവില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ അൻവർ സാദത്ത് പറഞ്ഞു.വനിതകൾ മദ്യം വിളമ്പിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മിഷണർക്കു നൽകും.
അതേസമയം, ബാറിന്റെ പ്രവർത്തനം തടഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വനിതകളെ മദ്യം വിളമ്പാൻ നിയോഗിച്ചതെന്നാണു ഹോട്ടൽ ഉടമകളുടെ നിലപാട്. എന്നാൽ ഇതു തിരുവനന്തപുരത്തുള്ള ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച ഉത്തരവാണെന്നും മറ്റു ബാറുകൾക്കു ബാധകമല്ലെന്നും എക്സൈസ് അധികൃതർ പറയുന്നു.