കിയവ്:
യുക്രെയ്നിലെ അധിനിവേശത്തിനിടെ 97 കുട്ടികൾ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിലെ സ്മാരക സമുച്ചയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. കനേഡിയൻ പാർലമെന്റ് സമ്മേളനത്തിൽ അധിനിവേശത്തെ സംബന്ധിച്ച് വിഡിയോ കോൺഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടിയാണ് യുക്രെയ്ന്‍ പോരാടുന്നതെന്നും ഈ പോരാട്ടത്തിൽ ഞങ്ങളെ പിന്തുണച്ച് കൂടെ നിൽക്കാനാണ് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും സെലൻസ്കി പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പിന്തുണ മാത്രമാണ് ഈയവസരത്തിൽ തങ്ങൾക്ക് വേണ്ടത്. യുക്രെയ്ന് ഒരിക്കലും നാറ്റോയിൽ അംഗമാകാന്‍ കഴിയില്ലെന്ന് ഈ അധിനിവേശത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.