Wed. Nov 6th, 2024
ന്യൂഡൽഹി:

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസ് അടക്കം റഷ്യയിൽ നിന്ന് ഊർജ ഇറക്കുമതി നിരോധിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നിലവിൽ റഷ്യയിൽ നിന്ന് 2 മുതൽ 3% വരെ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.

ഈ വർഷം ഇതുവരെ എണ്ണവില 40% ഉയർന്നതിനാൽ കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ‘റഷ്യ എണ്ണയും മറ്റ് സാധനങ്ങളും വിലക്കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. അത് സ്വീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരിക്കും.

ടാങ്കർ, ഇൻഷുറൻസ് പരിരക്ഷ, എണ്ണ മിശ്രിതങ്ങൾ തുടങ്ങിയ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാൽ ഓഫർ സ്വീകരിക്കും’- ഇന്ത്യന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യ ഇന്ത്യക്ക് വൻ വിലക്കുറവാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉപരോധമുള്ളതിനാല്‍ രൂപയില്‍ ഇടപാട് നടത്തുന്നതിന്റെ സാധ്യതയും ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഉപരോധമുണ്ടെങ്കിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ യുഎസ് മാത്രമാണ് റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുറോപ്യന്‍ രാജ്യങ്ങളെല്ലാം ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടാങ്കറുകളുടെ ലഭ്യതയും ഇന്‍ഷൂറന്‍സ് ചെലവും മാത്രമാണ് പരിഹരിക്കപ്പെടാനുള്ളത്.

ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കി റഷ്യയില്‍ നിന്ന് എണ്ണ എത്തിക്കുന്നത് ലാഭകരമല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാര്യം പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം.