Mon. Dec 23rd, 2024
ഡൽഹി:

വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്രസർക്കാർ നൽകും. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും.

നിമിഷപ്രിയക്കായി നയതന്ത്രതലത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേയായിരുന്നു നിലപാട് അറിയിച്ചത്. ജസ്റ്റിസ് കാമേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്നലെ ഹരജിയിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് കോടതി നോട്ടീസ് നൽകിയിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ നേരത്തെ പിന്തുണച്ചിരുന്നു. നിമിഷപ്രിയക്കായി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനായി കേന്ദ്രഇടപെടൽ ആവശ്യപ്പെട്ടു ലോകസഭയിൽ ഡീൻ കുര്യാക്കോസ് എംപി നോട്ടീസ് നൽകിയിരുന്നു.