ന്യൂഡൽഹി:
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോൺഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് അടുക്കുകയാണ്.
അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്ന ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പായി. യുപിയിലും മണിപ്പൂരിലും ഗോവയിലും പാർട്ടി ദുർബലമായെന്ന് ഫലം തെളിയിക്കുന്നു.
യുപിയിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുൻ തെരഞ്ഞെടുപ്പിൽ നിന്ന് ഏതെങ്കിലും തരത്തിൽ പുരോഗതിയുണ്ടാക്കാൻ പ്രിയങ്കയ്ക്കായില്ല.
ഏറെ മാധ്യമശ്രദ്ധ കിട്ടിയെങ്കിലും യുപി ഗ്രാമങ്ങളിൽ പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് ജനവിധി. 403 അംഗ സഭയിൽ നാലു സീറ്റിലാണ് കോൺഗ്രസ് നിലവിൽ മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ തവണ ഏഴു സീറ്റിലാണ് പാർട്ടി വിജയിച്ചിരുന്നത്.