ചൈന:
തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന. റഷ്യയുമായുള്ള സൗഹൃദത്തിനുള്ള സാധ്യതകൾ വിശാലമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ചൈനയിൽ വാർഷിക പാർലമെന്റ് സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വാങ് യി നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ ഏറ്റവും നിർണായകമായ ഉഭയകക്ഷി ബന്ധമാണ് ചൈനയും റഷ്യയും തമ്മിലുള്ളതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, ആവശ്യമെങ്കിൽ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാൻ തങ്ങൾ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം യുക്രൈന് മാനുഷികമായ സഹായങ്ങൾ നൽകുമെന്നും വാങ് യി പറഞ്ഞു.
യുക്രൈനിലെ സൈനികനടപടിക്കു പിന്നാലെ റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധം ശക്തമാകുമ്പോഴാണ് ചൈനയുടെ നിലപാട് പ്രഖ്യാപനം. സംഭവത്തെ അപലപിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. റഷ്യൻ നടപടിയെ അധിധിവേശം എന്നു വിളിക്കുന്നത് ശരിയല്ലെന്നും അതു മുൻവിധിയാണെന്നുമാണ് നേരത്തെ തന്നെ ചൈന വ്യക്തമാക്കിയത്.