Fri. Nov 22nd, 2024
പേരാവൂർ:

.
കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കർഷകന്റെ ജീവനെടുത്ത് കാട്ടുപോത്തും. പെരുവ വനമേഖലയോടു ചേർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വർഷങ്ങളായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ ഇതുവരെ മനുഷ്യർക്കുനേരെ തിരിഞ്ഞിരുന്നില്ല. റോഡിലും പൊതുവഴികളിലുമെല്ലാം പകലും കുറച്ചു ദിവസങ്ങളിലായി ഒറ്റയ്ക്കു മേയുന്ന കാട്ടുപോത്തിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഈ പോത്താണ് ഗോവിന്ദന്റെ ജീവനെടുത്തതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.

കറ്റ്യാട് കണിയാംപടി പാലത്തിനു സമീപം കഴിഞ്ഞ ദിവസം കണ്ട കാട്ടുപോത്ത്. രാവിലെ സ്കൂളിലേക്കും അങ്കണവാടിയിലേക്കുമെല്ലാം കുട്ടികൾ പോകുന്ന വഴിയാണ് ഇതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. കാട്ടുപോത്തിനെ വനം ഉദ്യോഗസ്ഥർ കാട്ടിലേക്കു തന്നെ തുരത്തിയെങ്കിലും തിരിച്ചുവന്നേക്കുമെന്ന ഭയവും നാട്ടുകാർക്കുണ്ട്.

കൃഷിയിടങ്ങളിലെ അതിരുകളിൽ ചെമ്പരത്തികൾ നട്ടതാണ് കാട്ടുപോത്തുകളെ ആകർഷിക്കുന്നതെന്ന അഭിപ്രായവും നാട്ടുകാരിൽ ചിലർ പങ്കുവയ്ക്കുന്നു. രണ്ടു നൂറ്റാണ്ടിലേറെയായി ജനവാസമുള്ള മേഖലയാണ് കറ്റ്യാട്. ഈ ഭാഗത്ത് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ട് പത്തു വർഷത്തോളമായി.

കാട്ടാന, കാട്ടുപോത്ത്, മലാൻ എന്നിവയെല്ലാം കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്നു കർഷകർ പറയുന്നു. സമീപ കാലത്ത് പ്രദേശത്ത് കാട്ടാനകൾ എത്തുന്നത് കുറവാണെന്നതു മാത്രമാണ് ആശ്വാസം.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൃഷിയിടങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ ആവശ്യമാണ്.

ജില്ലാ പഞ്ചായത്തിന് മുന്നിൽ വിഷയം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും.