Mon. Dec 23rd, 2024
ദില്ലി:

യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്‍റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26 നാണ് പ്രധാനമന്ത്രി സെലന്‍സ്കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്കി സംസാരം നടക്കുന്നത്.

യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്.

ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ അവകാശപ്പെട്ടിരുന്നു.